എണ്ണ വ്യവസായത്തില്‍ കൃത്രിമബുദ്ധിക്ക് പ്രാധാന്യമേറുന്നു: യുഎഇ എഐ മന്ത്രി

എണ്ണ വ്യവസായത്തില്‍ കൃത്രിമബുദ്ധിക്ക് പ്രാധാന്യമേറുന്നു: യുഎഇ എഐ മന്ത്രി

2022 ഓടുകൂടി ഊര്‍ജ്ജമേഖലയില്‍ കൃത്രിമബുദ്ധിക്ക് 2.85 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കാനാകും

അബുദാബി: എണ്ണ വ്യവസായത്തിലും മറ്റ് ഊര്‍ജ്ജ മേഖലയിലും വ്യാപകമായി കൃത്രിമബുദ്ധി(എഐ) നടപ്പാക്കുന്നത് മേഖലയ്ക്ക് ഏറെ ഗുണകരമാകുമെന്ന് യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) വിഭാഗം മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ അറിയിച്ചു. അബുദാബിയില്‍ നടന്ന അഡിപെക് ഓയില്‍ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ഒലാമ ഇക്കാര്യം വ്യക്തമാക്കിയത്.

ഡാറ്റയാണ് ഇനി പുതിയ ഓയില്‍ എന്നു വിശേഷിപ്പിച്ച ഒലാമ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും നൂതന സാങ്കേതികവിദ്യയായ കൃത്രിമബുദ്ധി ഏറെ സഹായകരമാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഏതൊരു കമ്പനിയും സര്‍ക്കാരും ഡാറ്റയെ ഓയിലുമായി ബന്ധിപ്പിച്ചാല്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനാകും. ചെലവ് കുറഞ്ഞ രീതിയില്‍, ലാഭമുണ്ടാക്കിക്കൊണ്ട് മറ്റെവിടെയും കാണാനാവാത്ത തരത്തിലുള്ള ഉല്‍പ്പാദനത്തിനാണ് ശ്രമിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജമേഖലയില്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത് മേഖല കൂടുതല്‍ സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനും ജീവനക്കാര്‍ക്ക് സുഗമമായി വിവരങ്ങള്‍ കൈമാറാനും വഴിയൊരുക്കും.

മേഖലയില്‍ അനന്തമായ അവസരങ്ങളാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി 2022 ഓടുകൂടി ക്രിതൃമബുദ്ധിക്ക് ഊര്‍ജ്ജമേഖലയില്‍ 2.85 ബില്യണ്‍ ഡോളറോളം സംഭാവന നല്‍കാനാകുമെന്നും വ്യക്തമാക്കി. ദേശീയ, അന്തര്‍ദേശീയ ഓയില്‍ കമ്പനികള്‍ ഈ പുത്തന്‍ സാങ്കേതികവിദ്യ നടപ്പാക്കി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്ത് ആദ്യമായി യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിനായി ഒരു മന്ത്രിയെ നിയോഗിച്ചശേഷം രാജ്യത്ത് വിവിധ രംഗങ്ങളിലായി എഐ സാങ്കേതികവിദ്യ നടപ്പാക്കി ഡിജിറ്റല്‍ വിപ്ലവത്തിന് ശ്രമിച്ചുവരികയാണ് ഒലാമ.

Comments

comments

Categories: Arabia