എഫ്എംസിജി മൂല്യത്തില്‍ 16.5 ശതമാനം വര്‍ധന, വളര്‍ച്ച ഇടിയാന്‍ സാധ്യത

എഫ്എംസിജി മൂല്യത്തില്‍ 16.5 ശതമാനം വര്‍ധന, വളര്‍ച്ച ഇടിയാന്‍ സാധ്യത

പ്രാദേശിക കമ്പനികള്‍ വേഗത്തില്‍ വളര്‍ച്ച നേടുന്നു

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ എഫ്എംസിജി മേഖലയുടെ മൂല്യം 16.5 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ നീല്‍സന്റെ ത്രൈമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ ഉപഭോഗത്തിലുണ്ടായ വര്‍ധന, ഗ്രാമീണ വരുമാനത്തിലെ വര്‍ധന, മിതമായ പണപ്പെരുപ്പ നിരക്ക് എന്നിവയാണ് എഫ്എംസിജി മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായി നീല്‍സണ്‍ ചൂണ്ടിക്കാട്ടുന്നത്.

ശരാശരിയില്‍ താഴെ ലഭിക്കുന്ന മഴ, ചില സംസ്ഥാനങ്ങളിലുള്ള പ്ലാസ്റ്റിക് നിരോധനം, ഉപഭോഗ കേന്ദ്രീകൃത സംസ്ഥാനമായ കേരളത്തിലുണ്ടായ പ്രളയം തുടങ്ങിയ ബൃഹത് സാമ്പത്തിക ഘടകങ്ങള്‍ മൂലം ഈ വര്‍ഷം അവസാനപാദത്തില്‍ എഎഫ്എംസിജി മേഖലയിലെ വളര്‍ച്ച 12-13 ശതമാനമായി ഇടിയുമെന്ന് വിലയിരുത്തുന്നതായി നീല്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ ഇത് 2018 വര്‍ഷത്തെ എഫ്എംസിജി വ്യവസായത്തിന്റെ വളര്‍ച്ചാ അനുമാനത്തെ കാര്യമായി ബാധിക്കില്ലെന്നും നീല്‍സണ്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 13 ശതമാനം വളര്‍ച്ച 2018ല്‍ എഫ്എംസിജി മേഖല രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 14.1 ശതമാനമായിരുന്നു ഇത്.

ഈ പാദത്തില്‍ ഗ്രാമീണ വിപണിയിലെ വളര്‍ച്ച 20 ശതമാനമായിരുന്നു നഗര പ്രദേശങ്ങളില്‍ 14.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എഫ്എംസിജി മേഖലയില്‍ മുന്‍നിരയിലുള്ള ആദ്യ 50 കമ്പനികള്‍ മൊത്തം വിപണിയുടെ മൂല്യത്തില്‍ 60 ശതമാനവും സംഭാവന ചെയ്യുന്നു. എന്നിരുന്നാലും, ചെറുകിട മാനുഫാക്ച്ചറിംഗ് കമ്പനികളും വളര്‍ച്ചയെ നയിക്കുന്നുണ്ട്. ദേശീയ കമ്പനികളുടെ 11.7 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രാദേശിക എഫ്എംസിജി കമ്പനികള്‍ 27.7 ശതമാനമെന്ന കൂടുതല്‍ വേഗത്തില്‍ വളര്‍ച്ച നേടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്എംസിജി വില്‍പ്പനയിലെ പ്രാദേശിക കമ്പനികളുടെ സംഭാവന കഴിഞ്ഞ മൂന്ന് പാദങ്ങളിലായി 20 ശതമാനത്തിലധികം വളര്‍ച്ച നേടി മൂന്നു ശതമാനത്തില്‍ നിന്ന് നാലു ശതമാനത്തിലേക്കെത്തി.

പ്രാദേശിക എഫ്എംസിജി കമ്പനികളുടെ സാന്നിധ്യം പ്രധാനമായും പാക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്ന വിഭാഗങ്ങളിലാണ്. സെപ്റ്റംബര്‍ പാദത്തില്‍ ഈ വിഭാഗം 31 ശതമാനം വളര്‍ച്ച കൈവരിച്ചു. എഫ്എംസിജി വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് വിഭാഗങ്ങളുടെ സംഭാവന നിലവില്‍ ഒരു ശതമാനത്തില്‍ കൂടുതലാണ്.

Comments

comments

Categories: FK News
Tags: FMCG