ബഹ്‌റിനില്‍ പുതിയ സ്വകാര്യ ഏവിയേഷന്‍ ടെര്‍മിനലിന് പദ്ധതി

ബഹ്‌റിനില്‍ പുതിയ സ്വകാര്യ ഏവിയേഷന്‍ ടെര്‍മിനലിന് പദ്ധതി

2020 ഓടുകൂടി പണി പൂര്‍ത്തിയാക്കും

മനാമ: ബഹ്‌റിനിലെ സിവില്‍ ഏവിയേഷന്‍ കെട്ടിടം സ്വകാര്യ ഏവിയേഷന്‍ ടെര്‍മിനലാക്കാന്‍ പദ്ധതി. ഇതു സംബന്ധിച്ച് ബഹ്‌റിന്‍ എയര്‍പോര്‍ട്ട് കമ്പനി, ഗള്‍ഫ് എന്‍ജിനീയറിംഗ് ഹൗസുമായി കരാര്‍ ഒപ്പുവെച്ചു. ബഹ്‌റിന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ വെച്ചാണ് ഇരുകമ്പനികളും കരാറില്‍ ഒപ്പുവെച്ചത്. ബഹ്‌റിന്‍ എയര്‍പോര്‍ട്ട് കമ്പനി സിഇഒ മുഹമ്മദ് യൂസഫ് അല്‍ ബിന്‍ഫലായും ഗള്‍ഫ് എന്‍ജിനീയറിംഗ് ഹൗസ് ജനറല്‍ മാനേജര്‍ നവാല്‍ അബ്ദുള്‍ കരിമുമാണ് കരാറില്‍ ഒപ്പുവെച്ചത്.

4000സ്‌ക്വയര്‍ മീറ്ററുള്ള സിവില്‍ ഏവിയേഷല്‍ കെട്ടിടം മുമ്പ് ബഹ്‌റിനിലെ പ്രധാന എയര്‍പോര്‍ട്ടായിരുന്നു. സ്വകാര്യ ജെറ്റ് ഉടമകള്‍ക്കും ബഹ്‌റിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉപഭോക്താക്കള്‍ക്കും ആവശ്യമായ സേവനങ്ങള്‍ക്കായാണ് പുതിയ ജെറ്റ് ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. 2020 ഓടുകൂടി പണി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ടെര്‍മിനലിന്റെ പുതിയ ഡിസൈന്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഗള്‍ഫ് എന്‍ജിനീയറിംഗ് ഹൗസ് മേല്‍നോട്ടം വഹിക്കും.

ബഹ്‌റിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ ടെര്‍മിനല്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത് ബഹ്‌റിന്‍ വിഷന്‍ 2030ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്ന് ഗതാഗത-ടെലികമ്യൂണിക്കേഷന്‍ മന്ത്രിയും ഗള്‍ഫ് എയര്‍ ചെയര്‍മാനുമായ കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് അറിയിച്ചു.

Comments

comments

Categories: Arabia