ഒരു പരീക്ഷയ്ക്ക് വേണ്ടി വിമാന സര്‍വീസ് വരെ നിറുത്തിവച്ചു; സംഭവം ദക്ഷിണ കൊറിയയില്‍

ഒരു പരീക്ഷയ്ക്ക് വേണ്ടി വിമാന സര്‍വീസ് വരെ നിറുത്തിവച്ചു; സംഭവം ദക്ഷിണ കൊറിയയില്‍

സോള്‍: ഒരു പരീക്ഷയ്ക്കു വേണ്ടി വിമാന സര്‍വീസ് താത്കാലികമായി നിറുത്തിവച്ചു. സംഭവം ദക്ഷിണ കൊറിയയിലാണ്. പരീക്ഷാ സമയത്തുണ്ടാകുന്ന ശബ്ദമലിനീകരണം ഒഴിവാക്കുന്നതിനു വേണ്ടി വായുവിലുള്ള വിമാനം 10,000 അടി മുകളില്‍ പറക്കാനും നിര്‍ദേശിച്ചു.134 ഫ്‌ളൈറ്റുകളാണ് റീ ഷെഡ്യൂള്‍ ചെയ്തതെന്നു ഗതാഗതവകുപ്പ് അറിയിച്ചു. പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ട്രാഫിക് കുരുക്കില്‍പ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളും, ഓഹരി വിപണിയും പതിവിലും ഒരു മണിക്കൂര്‍ നേരത്തേ പ്രവര്‍ത്തനമാരംഭിച്ചു. ട്രാഫിക് കുരുക്കില്‍ ഏതെങ്കിലും വിദ്യാര്‍ഥി കുരുങ്ങിയാല്‍ അവരെ പൊലീസ് വാഹനങ്ങളില്‍ പരീക്ഷാ ഹാളിലെത്തിക്കാനും സംവിധാനമൊരുക്കി. ഈ മാസം 15ന് അവിടെ നടന്ന കോളേജ് സ്‌കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റിന്(സിഎസ്എറ്റി) വേണ്ടിയാണു ഈ മുന്‍കരുതലുകളെടുത്തത്. ദക്ഷിണ കൊറിയയില്‍ ഒരു വിദ്യാര്‍ഥിയുടെ ഭാവി ജീവിതം മുതല്‍ ഉന്നത സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം, നല്ല ജോലി, അതുവഴി സമൂഹം ഭാവിയില്‍ കല്‍പിച്ചു നല്‍കുന്ന ബഹുമാനം, വിവാഹം എന്നിവയെല്ലാം തീരുമാനിക്കുന്നതു വരെ ഈ പരീക്ഷയില്‍ നേടുന്ന വിജയമാണ്. അതു കൊണ്ടു തന്നെ ഈ പരീക്ഷ വിദ്യാര്‍ഥികളെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്.

ഈ വര്‍ഷം 5,94,924 പേരാണു പരീക്ഷയ്ക്ക് അപേക്ഷിച്ചത്. അതില്‍ 5,36,107 പേര്‍ ഹാജരായതായിട്ടാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 1,190 കേന്ദ്രങ്ങളിലാണു പരീക്ഷ അരങ്ങേറിയത്. ഒന്‍പത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണു പരീക്ഷ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പരീക്ഷ ഹാളില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരീക്ഷ കഴിയുന്നതു വരെ ഹാളില്‍നിന്നും പുറത്തു പോകാനും സാധിക്കില്ല. ചോദ്യ പേപ്പര്‍ ചോര്‍ച്ച ഒഴിവാക്കുന്നതിനാണ് ഇത്തരം മുന്‍കരുതല്‍. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ആശംസ നേരുകയുണ്ടായി. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുകയാണെങ്കിലും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ വിദ്യാര്‍ഥികള്‍ക്കു വിജയാശംസ നേരുകയായിരുന്നു. ഡിസംബര്‍ അഞ്ചിനാണു പരീക്ഷയുടെ ഫലം പുറത്തുവരുന്നത്.

Comments

comments

Categories: FK News
Tags: Exams