എയര്‍ പ്യൂരിഫയറുകള്‍ വാങ്ങാന്‍ മടി

എയര്‍ പ്യൂരിഫയറുകള്‍ വാങ്ങാന്‍ മടി

ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള പട്ടണമെന്ന കുപ്രസിദ്ധിയിലേക്ക് ഡെല്‍ഹിയും ദേശീയ തലസ്ഥാന മേഖലയും എത്തിച്ചേര്‍ന്നിരിക്കുന്ന സാഹചര്യത്തിലും ജനങ്ങള്‍ എയര്‍ പ്യൂരിഫയറുകള്‍ വാങ്ങാന്‍ സന്ദേഹം പ്രകടിപ്പിക്കുന്നുവെന്ന് പ്രമുഖ നിര്‍മാതാക്കളും റീട്ടെയ്‌ലര്‍മാരും അഭിപ്രായപ്പെട്ടു. 200-250 കോടി രൂപ മൂല്യമാണ് ഇന്ത്യയിലെ എയര്‍ പ്യൂരിഫയര്‍ വിപണിക്കുള്ളത്. പ്രതിവര്‍ഷം 30 മുതല്‍ 40 ശതമാനം വരെയാണ് വളര്‍ച്ചാ നിരക്ക്. കുറഞ്ഞ അടിത്തറ കാരണം വളര്‍ച്ച മികച്ചതായി തോന്നുമെങ്കിലും ഇന്ത്യക്കാര്‍ ഈ ഉല്‍പ്പന്നം അതിവേഗം സ്വീകരിച്ചെന്നല്ല ഇത് അര്‍ത്ഥമാക്കുന്നതെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 8,000 രൂപ മുതലുള്ള എയര്‍ പ്യൂരിഫയറുകളാണ് ഈ വര്‍ഷം വിപണിയില്‍ ലഭ്യമാകുന്നത്. 60ഓളം ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നം ലഭ്യമാണ്. എങ്കിലും നിലവില്‍ എയര്‍ പ്യൂരിഫൈയറുകള്‍ വാങ്ങുന്നതില്‍ പകുതിയിലധികവും വിദേശ എംബസികള്‍, ആഢംബര ഹോട്ടലുകള്‍, വമ്പന്‍ കോര്‍പ്പറേറ്റുകളുടെ സിഎക്‌സ്ഒ ചേംബറുകള്‍ തുടങ്ങിയ വ്യവസ്ഥാപിത ഉപഭോക്താക്കളാണെന്നും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുള്ള ഏതാനും ഉപഭോക്താക്കള്‍ മാത്രമേ ഇത് വീടുകളില്‍ വാങ്ങുന്നുള്ളുവെന്നും ബ്ലൂ സ്റ്റാര്‍, യുറേക്ക ഫോബ്‌സ്, കെന്റ്, ഹൈകെയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ എയര്‍പ്യൂരിഫയറുകള്‍ക്ക് ഇപ്പോഴും പ്രാധാന്യം കൈവന്നിട്ടില്ലെന്നും വിപണനത്തിനും പ്രമോഷനും വേണ്ടി ചെലവഴിച്ച വലിയ തുക പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം മേഖലയിലാകെ വലിയ നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്ലൂ സ്റ്റാറിന്റെ ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ബി ത്യാഗരാജന്‍ പറഞ്ഞു. ഡെല്‍ഹി ദേശീയ തലസ്ഥാനത്ത് മലിനീകരണം പാരമ്യത്തിലെത്തുന്ന ദീപാവലിയോടനുബന്ധിച്ചുള്ള ഒന്നു രണ്ട് മാസങ്ങളിലാണ് വില്‍പ്പന എറ്റവും കൂടുതല്‍ നടക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു. ദേശീയ വില്‍പ്പനയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് തലസ്ഥാനമാണ്. ഈവര്‍ഷം 1.5 ലക്ഷം യൂണിറ്റ് പ്യൂരിഫയറുകള്‍ മാത്രമേ രാജ്യത്താകമാനമായി വിറ്റുപോവുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: FK News

Related Articles