പുനരുജ്ജീവന പദ്ധതി ഓഹരി വില്‍പ്പനയ്ക്ക് ബദലല്ല: എയര്‍ ഇന്ത്യ

പുനരുജ്ജീവന പദ്ധതി ഓഹരി വില്‍പ്പനയ്ക്ക് ബദലല്ല: എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയുടെ 55,000 കോടി രൂപ വരുന്ന ആകെ കടത്തില്‍ 29,000 കോടി രൂപ പ്രത്യേകോദ്ദേശ്യ കമ്പനിക്ക് കൈമാറും

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ കടത്തില്‍ 29,000 കോടി രൂപ കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹ്രസ്വകാല നടപടി മാത്രമാണെന്നും ഓഹരി വില്‍പ്പന പദ്ധതിക്ക് ബദല്‍ അല്ലെന്നും വ്യക്തമാക്കി കമ്പനി ചെയര്‍മാന്‍ പ്രദീപ് സിംഗ് ഖരോള. പൊതു മേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ 55,000 കോടി രൂപ വരുന്ന ആകെ കടത്തില്‍ 29,000 കോടി രൂപ പ്രത്യേകോദ്ദേശ്യ കമ്പനിക്ക് (എസ്പിവി) കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ഓഹരി വില്‍പ്പന നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഇത് പുനരാരംഭിക്കും,” ഐഐഎം കൊല്‍ക്കത്തയുടെ 58ാമത് വാര്‍ഷിക സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങല്‍ പങ്കെടുക്കവേ ഖരോള മാധ്യമങ്ങളോട് പറഞ്ഞു. കമ്പനിയുടെ അപ്രധാനമായ ആസ്തികളും കടത്തിനൊപ്പം എസ്പിവിയിലേക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എഐഎഎച്ച്എല്‍) എന്നായിരിക്കും എസ്പിവി അറിയപ്പെടുക.

”തുടക്കത്തില്‍ ഭൂമിയും കെട്ടിടങ്ങളും കൈമാറ്റം ചെയ്യും. തുടര്‍ന്ന് അനുബന്ധ കമ്പനികള്‍ കൈമാറും,” ഖരോള പറഞ്ഞു. അപ്രധാനമായ ആസ്തികള്‍ പണമാക്കി മാറ്റുകവഴി 29,000 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പദ്ധതിയിട്ടതു പോലെ നീങ്ങുകയാണെങ്കില്‍ കമ്പനിക്ക് 26,000 കോടി രൂപയായിരിക്കും കടമായി അവശേഷിക്കുക. കൈമാറ്റത്തെ തുടര്‍ന്ന് വിമാനക്കമ്പനിയുടെ വാര്‍ഷിക പലിശാ ബാധ്യത 4,400 കോടി രൂപയില്‍ നിന്നും 2,700 കോടി രൂപയായി കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാളിപ്പോയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പുനരുജ്ജീവന പാക്കേജ് ആവിഷ്‌കരിച്ചത്.

Comments

comments

Categories: FK News
Tags: Air India