ഇന്‍ഡിഗോയുടെ അമരക്കാരനായിരുന്ന ആദിത്യ ഘോഷ് ഇനി ഓയോ ഹോട്ടല്‍സ് സിഇഒ

ഇന്‍ഡിഗോയുടെ അമരക്കാരനായിരുന്ന ആദിത്യ ഘോഷ് ഇനി ഓയോ ഹോട്ടല്‍സ് സിഇഒ

ഓയോ ഹോട്ടല്‍സിന്റെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗം മേധാവിയായാണ് അദ്ദേഹം നിയമിതനായത്; ഏഴ് പ്രധാന ലോകരാജ്യങ്ങളിലേതടക്കം 500 നഗരങ്ങളില്‍ ഓയോ ഹോട്ടല്‍സിന് സാന്നിധ്യം; 2023 ല്‍ ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകാന്‍ ലക്ഷ്യം.

ന്യൂഡെല്‍ഹി: പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ ഹോട്ടല്‍സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷ് നിയമിതനായി. ഓയോ ഹോട്ടല്‍സിന്റെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗം മേധാവിയായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. ഡിസംബര്‍ ഒന്ന് മുതല്‍ നിയമനം ബാധകമാകും. ഇന്‍ഡിഗോയുടെ തലപ്പത്തിരുന്ന് നടത്തിയ മികച്ച പ്രകടനമാണ് അതിവേഗം ജനപ്രിയമാകുന്ന ഹോട്ടല്‍ ബുക്കിംഗ് സ്റ്റാര്‍ട്ടപ്പായ ഓയോയുടെ സുപ്രധാന പദവിയിലേക്ക് അദ്ദേഹത്തിന് വഴിയൊരുക്കിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇന്‍ഡിഗോയുടെ പ്രസിഡന്റ് പദവി അദ്ദേഹം ഒഴിഞ്ഞിരുന്നത്. ഇന്ത്യയിലും ദക്ഷിണേഷ്യയിലും നിക്ഷേപം ശക്തമാക്കാനും ലോകമെമ്പാടും നിന്നുള്ള മികച്ച മാനേജ്‌മെന്റ് വിദഗ്ധരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാനുമുള്ള ഓയോയുടെ തന്ത്രത്തിന്റെ ഭാഗമായാണ് നിയമനം. ഇന്ത്യയും ചൈനയുമാണ് ഓയോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വിപണികള്‍.

‘ബിസിനസ് മേഖലയിലെ അദ്ദേഹത്തിന്റെ കാര്യഗ്രഹണ ശേഷി, പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവ സ്വാധീനശക്തിയുള്ള, എല്ലാവരായും ഇഷ്ടപ്പെടുന്ന ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിന് സഹായിച്ചു. ഓയോ ഹോട്ടല്‍സിന്റെ തലപ്പത്തേക്ക് അദ്ദേഹം ഒരു മികച്ച വാഗ്ദാനമാണ്. എല്ലാത്തിനുമുപരി, വമ്പന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വളര്‍ച്ച പ്രദാനം ചെയ്യാനുള്ള കഴിവും ഓയോയുടെ നേതൃസംഘത്തില്‍ അദ്ദേഹത്തിന്റെ ഇരിപ്പിടം ഉറപ്പിച്ചു,’ ഓയോ ഹോട്ടല്‍സ് സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ഋതേഷ് അഗര്‍വാള്‍ പ്രതികരിച്ചു.

ഓയോയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ഏറെ ഉത്സാഹഭരിതനാണെന്ന് ആദിത്യ ഘോഷ് പ്രതികരിച്ചു. ‘ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും മൂല്യവര്‍ധിത സേവനങ്ങള്‍ നല്‍കാനുള്ള കമ്പനിയുടെ നിരന്തര ശ്രദ്ധയാണ് എന്നെ ഏറെ ഉത്സാഹഭരിതനാക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഏറ്റവും മികച്ചതും ബുദ്ധികൂര്‍മതയുള്ളവരുമായ ആളുകളെ ആകര്‍ഷിക്കുന്ന അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ട്. ഈ ഉദ്യമത്തിന്റെ ഭാഗഭാക്കാകാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്,’ ആദിത്യ ഘോഷ് പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭ്യമാക്കുകയും നിക്ഷേപകര്‍ക്ക് ലാഭം നേടിക്കൊടുക്കുകയുമാണ് ഘോഷിനു മേല്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം.

ജൂണ്‍ മാസത്തില്‍ ഇന്‍ഡിഗോയില്‍ നിന്നിറങ്ങിയ ഘോഷ്, പിന്നീട് ടാറ്റ ട്രസ്റ്റില്‍ ഉപദേഷ്ടാവായി. ഇന്‍ഡിഗോയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ചുക്കാന്‍ പിടിച്ചു. 55,000 കോടി രൂപയുടെ വിപണി മൂലധനമാണ് ഘോഷിന്റെ കീഴില്‍ ഇന്‍ഡിഗോ നേടിയിരുന്നത്. മറ്റ് വിമാനക്കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോളും 2009 മുതല്‍ തുടര്‍ച്ചയായി ഇന്‍ഡിഗോ ലാഭം നേടിയത് ഘോഷിന്റെ നേതൃപാടവം ആയുധമാക്കിയായിരുന്നു. ഏവരെയും ഉള്‍ക്കൊള്ളിക്കുകയെന്ന തത്വത്തില്‍ വിശ്വസിച്ചിരുന്ന ഘോഷിന്റെ സമയത്ത് ഇന്‍ഡിഗോയുടെ വനിതാ ജീവനക്കാരുടെ എ്ണ്ണം 43 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു.

2013 ല്‍ ഋതേഷ് അഗര്‍വാള്‍ ആരംഭിച്ച ഓയോ ഹോട്ടല്‍സ് ഈ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായി വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഏഴ് പ്രധാന ലോകരാജ്യങ്ങളിലേതടക്കം 500 നഗരങ്ങളിലേക്ക് ഓയോ എത്തിയിട്ടുണ്ട്. 12,000 ഹോട്ടലുകളും 3,30,000 മുറികളുമാണ് ഓയോയുടെ പക്കലുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂന്നിരട്ടി വരുമാന വളര്‍ച്ചയാണ് കമ്പനി നേടിയതെന്ന് അഗര്‍വാള്‍ പറയുന്നു. 2023 ല്‍ ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകാനാണ് കമ്പനിയുടെ ലക്ഷ്യം. ഹോട്ടലുകളും സൗകര്യങ്ങളും വിലയിരുത്തി ഗ്രേഡ് തിരിക്കാന്‍ നൂറു കണക്കിന് വിദഗ്ധരെയാണ് കമ്പനി നിയോഗിച്ചിരിക്കുന്നത്. ബുക്കിംഗ് കമ്മീഷനാണ് പ്രധാന വരുമാനം.

Comments

comments

Categories: FK News
Tags: Aditya Gosh

Related Articles