കന്‍വാര്‍മാര്‍ക്ക് തിരിച്ചടി; പ്രതിഫലം 30% വെട്ടിക്കുറച്ചു

കന്‍വാര്‍മാര്‍ക്ക് തിരിച്ചടി; പ്രതിഫലം 30% വെട്ടിക്കുറച്ചു

നികുതിക്ക് മുന്‍പുള്ള ലാഭത്തിന്റെ 7.5 ശതമാനം മാത്രമേ അപ്പോളോ ടയേഴ്‌സിന്റെ ചെയര്‍മാനും എംഡിക്കും ലഭിക്കൂ

ചെന്നൈ: അപ്പോളോ ടയേഴ്‌സിന്റെ ചെയര്‍മാന്റേയും മാനേജിംഗ് ഡയറക്റ്ററുടേയും ശമ്പളം 30 ശതമാനം വെട്ടിച്ചുരുക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. നികുതിക്ക് മുന്‍പുള്ള ലാഭത്തിന്റെ 7.5 ശതമാനം മാത്രമാണ് പ്രമോട്ടര്‍മാരായ ചെയര്‍മാന്‍ ഓംകാര്‍ സിംഗ് കന്‍വാറിനും മാനേജിംഗ് ഡയറക്റ്റര്‍ നീരജ് കന്‍വാറിനും നല്‍കുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി. മുന്‍ധനകാര്യ സെക്രട്ടറി എസ് നാരായണന്റെ നേതൃത്വത്തിലാണ് അപ്പോളോയുടെ നോമിനേഷന്‍സ് ആന്‍ഡ് റെനുമെറേഷന്‍ കമ്മിറ്റിയുള്ളത്. പ്രൊമോട്ടര്‍മാര്‍ക്ക് ഭീമമായ തുക നല്‍കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ന്ന ന്യൂനപക്ഷ ഓഹരിയുടമകള്‍ക്കും നിക്ഷേപകര്‍ക്കും ആവേശം പകരുന്ന വിജയമായി തീരുമാനം.

മാനേജിംഗ് ഡയറക്റ്റര്‍ നീരജ് കന്‍വാറിനെ അഞ്ച് വര്‍ഷത്തേക്ക് പുനര്‍നിയമിക്കുന്നതും ഉയര്‍ന്ന പ്രതിഫലം നല്‍കുന്നതിനുമായി അവതരിപ്പിച്ച പ്രത്യേക പ്രമേയം ചെറുകിട ഓഹരി ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇരുവര്‍ക്കുമായി ഏതാണ്ട് 68.4 കോടി രൂപയുടെ പ്രതിഫലം ലഭിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ 56 ശതമാനം നിക്ഷേപകരും 49 ശതമാനം റീട്ടെയ്ല്‍ ഓഹരി ഉടമകളും ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തു. നിയമന പ്രമേയം പാസാക്കിയിരുന്നെങ്കില്‍ നീരജ് കന്‍വാറിന്റ പ്രതിഫലം 25 ശതമാനം വര്‍ധിക്കുമായിരുന്നു. കമ്പനിയിലെ മധ്യവര്‍ഗ ജീവനക്കാരുടെ ശമ്പളത്തിന്റെ 940 ഇരട്ടി വരുന്ന തുകയാണ് ഇത്.

2017-2018 ല്‍ ഓംകാര്‍ സിംഗും നീരജ് കന്‍വീറും ചേര്‍ന്ന് 94.2 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ അറ്റാദായത്തിന്റെ 13 ശതമാനവും നികുതിക്ക് മുന്‍പുള്ള ലാഭത്തിന്റെ 9.3 ശതമാനവുമാണിതെന്ന് ബിസിനസ് ഉപദേശക സ്ഥാപനമായ ഐഐഎഎസ് വ്യക്തമാക്കി.

കമ്പനിയുടെ സാമ്പത്തിക നില അത്ര മെച്ചമല്ലാത്ത സമയത്ത് ഇത്തരത്തില്‍ കുത്തനെയുള്ള പ്രതിഫല വര്‍ധന നടപ്പാക്കാനൊരുങ്ങിയതാണ് ചെറുകിട ഓഹരി ഉടമകളെ അസ്വസ്ഥരായത്. 2017-18 കാലഘട്ടത്തില്‍ കമ്പനിയുടെ ലാഭം 34 ശതമാനം ഇടിഞ്ഞ് 724 കോടി രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇതേ സമയത്ത് നീരജ് കന്‍വാര്‍ 44.6 കോടി രൂപയുടെ വീട് സ്വന്തമാക്കി. അതിന് തൊട്ട് മുന്‍ വര്‍ഷം അദ്ദേഹത്തിന്റെ ശമ്പളം 45 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ടയര്‍ കമ്പനിയായ എംആര്‍എഫിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കെ എം മാമ്മന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 26.1 കോടി രൂപയാണ് ശമ്പളമായി കരസ്ഥമാക്കിയത്. കമ്പനിയുടെ ലാഭത്തിന്റെ 2.3 ശതമാനം മാത്രമാണിത്. സിഇഎടി ടയേഴ്‌സിന്റെ എംഡി ആനന്ദ് ഗോയങ്ക ഇതേകാലയളവില്‍ കമ്പനിയുടെ 240 കോടി ലാഭത്തിന്റെ 1.6 ശതമാനം മാത്രമാണ് പ്രതിഫലമായി നേടിയത്. ഗുഡ് ഇയര്‍ ഇന്ത്യയുടെ മേധാവി രാജീവ് ആനന്ദ് കമ്പനിയുടെ അറ്റലാഭമായ 130 കോടി രൂപയില്‍ നിന്ന് 5.3 കോടി രൂപയാണ് സേവനകാലത്ത് സ്വന്തമാക്കിയിട്ടുള്ളതെന്ന് ഐഐഎഎസ് വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: Appolo tyres