പ്രളയക്കെടുതി മറികടക്കാന്‍ സംരംഭകത്വം; ടൈക്കോണ്‍ കേരളക്കയി കൊച്ചിയൊരുങ്ങി

പ്രളയക്കെടുതി മറികടക്കാന്‍ സംരംഭകത്വം; ടൈക്കോണ്‍ കേരളക്കയി കൊച്ചിയൊരുങ്ങി

പ്രളയാനന്തര കേരളത്തിന്റെ പുനര്‍മാണം എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായി കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കൂണ്‍ കേരളക്ക് തിരിതെളിയുന്നു. നവംബര്‍ 16,17 (വെള്ളി, ശനി) തീയതികളിലായി കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. സംരംഭകമേഖലയിലെ കരുത്തുറ്റ സാരഥികളുടെ സാമിപ്യം കൊണ്ടും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ പുതുമ കൊണ്ടും ഇത്തവണത്തെ ടൈക്കോണ്‍ സമ്മേളനം വ്യത്യസ്!തമാകും എന്നാണ് നിഗമനം. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമൂഹിക സംരംഭകത്വത്തിന് പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ടൈക്കോണ്‍ വേദിയാകും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.

നവംബര്‍ 16 , 17 തീയതികളില്‍ സംരംഭകത്വ കേരളം ഉറ്റു നോക്കുക കൊച്ചിയിലെ മണ്ണിലേക്കായിരിക്കും. കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ടൈക്കോണ്‍ 2018 നു കൊച്ചിയിലെ ലേ മെറിഡിയനില്‍ തിരി തെളിയുമ്പോള്‍ അത് പ്രളയക്കെടുതിയില്‍ നിറം മങ്ങിപ്പോയ സംസ്ഥാന സംരംഭകത്വ മേഖലക്ക് ഒരു പുത്തനുണര്‍വ് നല്‍കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ്(ടൈ)ന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍. കഴിഞ്ഞ ഏഴു വര്ഷങ്ങളായി വിജയകരമായി സംഘടിപ്പിക്കപ്പെടുന്ന സമ്മേളനത്തിന്റെ ഈയാണ്ടാത്തെ പതിപ്പ് വ്യത്യസ്തമാകുന്നത് കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടാണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാര്‍ പറഞ്ഞു.’റീ ബില്‍ഡ് കേരള ലിവറേജിംഗ് എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജീസ്’ എന്നതാണ് ഏഴാമത് സമ്മേളനത്തിന്റെ പ്രമേയം.സാങ്കേതിക വിദ്യയിലൂന്നിയ പദ്ധതികളും ആശയങ്ങളുമായി പുനര്‍നിര്‍മ്മാണത്തിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ സമ്മേളനത്തിന്കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സൗത്തിന്ത്യന്‍ ബാങ്കിന്റേയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും സജീവ പിന്തുണയോടെ നടക്കുന്ന സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം ലോക ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ശ്രീ ജുനൈദ് അഹമ്മദ് നിര്‍വഹിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. വിജി മാത്യൂ അദ്ധ്യക്ഷത വഹിക്കും. ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാര്‍, ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍, ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് അജിത് മൂപ്പന്‍, വൈസ് പ്രസിഡന്റ് ഹരിക്രിഷ്ണന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വളരെ മികച്ച രീതിയില്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന സംസ്ഥാന സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ കനത്ത പ്രഹരമാണ് അപ്രതീക്ഷിതമായി ഉണ്ടായ പ്രളയക്കെടുതി. 2000 കോടി രൂപക്ക് മുകളില്‍ വരുന്ന നഷ്ടമാണ് ഇതേതുടര്‍ന്ന് കേരളത്തിനുണ്ടായത്. പല ബിസിനസുകളും പൂര്‍ണമായും നശിച്ചു. കാര്‍ഷിക മേഖലയെയും സംരംഭകത്വമേഖലയെയും പ്രളയം ഒരേപോലെ ബാധിച്ചു. പ്രളയത്തെ മറികടക്കാനായി എങ്കിലും പ്രളയം മൂലം സംരംഭരംഗത്ത് ഉണ്ടായ നഷ്ടങ്ങളെ മറികടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.ഈ അവസരത്തില്‍ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ട് പൊതു സ്വകാര്യ മേഖലകളുടെ സംയോജിത പങ്കാളിത്തം ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കുന്നതിന് ടൈക്കോണ്‍ വേദിയൊരുക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, റോഡുകള്‍, വീടുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, കാലാവസ്ഥ/ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയിലൂന്നിയ ആശയങ്ങളാണ് ടൈക്കോണ്‍ 2018 ല്‍ ചര്‍ച്ചാവിഷയമാവുക.വ്യവസായികളും, യുവ സംരംഭകരും, സാങ്കേതിക വിദഗ്ദ്ധരും, നിക്ഷേപകരും ചര്‍ച്ചകളുടെ ഭാഗമായി മാറും. ചര്‍ച്ചകളില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ പങ്കാളിത്തവും ടൈക്കോണ്‍ ഉറപ്പിക്കുന്നു.

കാര്യമാത്ര പ്രസക്തമായ വിഷയങ്ങളും ചര്‍ച്ചകളും

പ്രളയക്കെടുതിയില്‍ അതിജീവനത്തിന്റെയും സംരംഭക ശക്തിയുടെയും പ്രതീകമായി മാറിയ കൈത്തറി തുണിയില്‍ തീര്‍ത്ത ചേക്കുട്ടി എന്ന കുഞ്ഞുപാവകളുടെ വിജയകഥ ചേക്കുട്ടിയുടെ സ്ഥാപകരായ ലക്ഷ്മിമേനോന്‍, ഗോപിനാഥ് പാറയില്‍ എന്നിവര്‍ സമ്മേളന വേദിയില്‍ വിശദീകരിക്കുന്നത് സമ്മേളനത്തിന് അടിത്തറപാകും. കേരളത്തെ ഫഌ് പ്രൂഫ് ചെയ്യുന്ന വാസ്തു വിദ്യകള്‍ സംബന്ധിച്ച് സംസ്ഥാന പുനര്‍നിര്‍മ്മാണ സെഷനുകളിലെ ചര്‍ച്ചകള്‍ക്ക് പ്രശസ്ത ആര്‍ക്കിടെക്ടുകളായ മിക്കി ദേശായി, അമിറ്റി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കെ.ടി.രവീന്ദ്രന്‍, സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ആര്‍ക്കിടെക്ട് പീറ്റര്‍ റിച്ച് സോത്ത് എന്നിവര്‍ നേത്യത്വം നല്‍കും.ലോക പ്രശസ്ത വയലിനിസ്റ്റും ആര്‍ട്ട് എന്റര്‍പ്രണറുമായ ഡോ.എല്‍.സുബ്രമണ്യവുമായി നടത്തുന്ന അഭിമുഖവും ദുരിത നിവാരണത്തില്‍ സംഗീതത്തിന്റെ സ്വാധീനം സംബന്ധിച്ച ചര്‍ച്ചകളും സമ്മേളനത്തിന് മിഴിവേകും.

നൂതന സംരംഭങ്ങള്‍ക്കും അതിശയിപ്പിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന കോഗ്‌നിറ്റീവ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റാ, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ഫിന്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിട്ടി, ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂച്ചര്‍ മൊബിലിറ്റി, സ്‌പെയ്‌സ് ടെക്‌നോളജി, ഫ്യൂച്ചര്‍ മെഡിസിന്‍, കൃഷി ജലസേചന സാങ്കേതിക വിദ്യകള്‍ എന്നിവ്ക്കായി പ്രത്യേക സെഷനുകള്‍ നടക്കും. തിരഞ്ഞെടുത്ത സംരംഭകര്‍ക്ക് നൂതന ആശയങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന ടെക്‌നോളജി എക്‌സ്‌പോ സമ്മേളനത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്.സമ്മേളനത്തോടനുബന്ധിച്ച് 16നും 17നും നടക്കുന്ന മെന്ററിങ്ങ് മാസ്റ്റര്‍ ക്ലാസുകള്‍ക്ക് പ്രശസ്തരായ മെന്റര്‍മാര്‍ നേതൃത്വം നല്‍കും. ബിസിനസ്സ് പ്ലാന്‍ ഉണ്ടാക്കല്‍, കമ്പനികളുടെ മൂല്യനിര്‍ണ്ണയം, ബിസിനസ്സ് പങ്കാളിയെ തിരഞ്ഞെടുക്കല്‍, ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില നിര്‍ണ്ണയം. നിക്ഷേപകരെ സംഘടിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ ക്‌ളാസുകള്‍ നടത്തും. യുവസംരംഭകര്‍ക്കും സംരംഭക മോഹികള്‍ക്കും ഗുണം ലഭിക്കുന്ന നിരവധി അവസരങ്ങളാണ് ഇവിടെ ലഭിക്കുക.

സംരംഭകര്‍, വ്യവസായികള്‍, മൂലധന നിക്ഷേപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മെന്റര്‍മാര്‍, മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ തുടങ്ങി നൂറിലധികം പ്രഭാഷകര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും സംരംഭകരും, നിക്ഷേപകരും, വ്യവസായികളും, പ്രഫഷണലുകളും, വിദ്യാര്‍ത്ഥികളുമടക്കം ആയിരത്തിലധികം പ്രതിനിധികള്‍ ടൈക്കോണിന്റെ ഭാഗമാകും എന്നാണ് കണക്കാക്കുന്നത്.

ഇവര്‍ മുഖ്യ പ്രഭാഷകര്‍

സാഗരിക ഘോഷ്

പത്രപ്രവര്‍ത്തക, വാര്‍ത്ത അവതാരക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് സാഗരിക് ഘോഷ്. ടൈംസ് ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന സാഗരികക്ക് ഔട്ട് ലുക്ക്, സിഎന്‍എന്‍ ഐബിഎന്‍ തുടങ്ങിയ മുന്നിരമാധ്യമങ്ങളിലായി രണ്ടര പതിറ്റാണ്ടിന്റെ അനുഭവസമ്പത്താണുള്ളത്. 1991 ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായി പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന സാഗരിക പത്രപ്രവര്‍ത്തന രംഗത്ത് തന്റേതായ കാഴ്ചപ്പാടുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും സ്വന്തം സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ്. ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമായ ‘ഇന്ദിര ദി മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് സാഗരിക ഘോഷ്

അന്‍ഷു ഗുപ്ത

ക്‌ളോത്തിങ് മാന്‍ എന്നറിയപ്പെടുന്ന അന്‍ഷു ഗുപ്ത പ്രശസ്ത എന്‍ജിഒ സ്ഥാപനമായ ഗൂഞ്ചിന്റെ സ്ഥാപകനാണ്.ഡല്‍ഹി കേന്ദ്രീകരിച്ചൂ പ്രവര്‍ത്തിക്കുന്ന ‘ഗൂഞ്ച്’ എന്ന സന്നദ്ധസംഘടന കഴിഞ്ഞ 18 വര്‍ഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുതിയതോ ഉപയോഗിക്കുന്നതോ പഴയതോ ആയ വസ്ത്രങ്ങള്‍ ശേഖരിച്ച് ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് എത്തിച്ചു നല്‍കുന്നതിലൂടെ മഹത്തായ ഒരു സേവനപ്രവര്‍ത്തനം ആണ് നടത്തുന്നത്.ഗൂഞ്ച് പ്രകൃതി ദുരന്തം , കലാപം മുതലായവമൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ മുന്‍പാന്തയിലാണ്. ദുരന്തശേഷമുള്ള ഒരു സമൂഹത്തിന്റെ പുനഃസ്ഥാപനം എങ്ങനെയാവണം എന്ന വിഷയത്തില്‍ അന്‍ഷു ഗുപ്ത തന്റെ അനുഭവസമ്പത്ത് പങ്കിടും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഇത് ഏറെ ഗുണകരമാകും. 2015 ലെ രമണ്‍ മഗ്‌സസേ അവാര്‍ഡ് ജേതാവായ അന്‍ഷു ഗുപ്തയുടെ സെഷന്‍ ടൈക്കോണ്‍ കേരളക്ക് മുതല്‍ക്കൂട്ടാകും

പ്രൊ: മികി ദേശായി

പ്രശസ്തനായ ആര്‍ക്കിടെക്ച്ചര്‍ പ്രൊഫസറാണ് മികി ദേശായി.1981 മുതല്‍ CEPT സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം കെട്ടിട നിര്‍മാണം, ഡിസൈന്‍ എന്നിവയെക്കുറിച്ചുള്ള തന്റെ അറിവ് പങ്കു വയ്ക്കും. ആര്‍ക്കിടെക്ച്ചര്‍ ഇന്‍ ഗുജറാത്ത്, ആന്‍ എക്‌സിബിഷന്‍ കാത്തലോഗ് തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവായാണ് അദ്ദേഹം. ഇന്ത്യക്കകത്തും പുറത്തുമുള്ള പല മുന്‍നിര ഡിസൈനിംഗ്, ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനങ്ങളിലും വിസിറ്റിംഗ് ഫാക്കല്‍റ്റി, ക്രിട്ടിക്ക് എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ പ്രധാനപ്പെട്ട 5 പുസ്തകങ്ങളും 20 പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ഹരിണി നാഗേന്ദ്ര

അസിംപ്രേംജി യൂണിവേഴ്‌സിറ്റിയിലെ സസ്‌റ്റൈനബിലിറ്റി വിഭാഗം പ്രൊഫസറാണ് ഹരിണി നാഗേന്ദ്ര . സെന്റര്‍ ഫോര്‍ അര്‍ബന്‍ ഇക്കോളജിക്കല്‍ സസ്‌റ്റൈനബിലിറ്റി എന്ന വിഷയമാണ് ഹരിണി കൈകാര്യം ചെയ്യുന്നത്. ബാംഗ്ലൂര്‍ നഗരത്തിന്റെ ചരിത്രവും ,വര്‍ത്തമാനകാലവും ഭാവിയും പറയുന്ന 2016 ല്‍ പ്രസിദ്ധീകരിച്ച ഹരിണിയുടെ നേച്ചര്‍ ഇന്‍ ദി സിറ്റി; ബെംഗളൂരു ഇന്‍ ദി പാസ്‌ററ് , പ്രസന്റ് ആന്‍ഡ് ഫ്യൂച്ചര്‍ എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. രണ്ടു പുസ്തകങ്ങളും 150 ലേറെ പ്രബന്ധങ്ങളും സസ്‌റ്റൈനബിലിറ്റി ഡെവെലപ്‌മെന്റുമായി ബന്ധപ്പെട്ട് ഹരിണി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അക്കാദമിക് മികവിന് പല അവാര്‍ഡുകളും ഹരിണിയെ തേടിയെത്തിയിട്ടുണ്ട്.

മനു എസ് പിള്ള

യുവ എഴുത്തുകാരനും അവാര്‍ഡ് ജേതാവുമാണ് മനു എസ് പിള്ള.2015 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ദി ഐവറി ത്രോണ്‍ : ക്രോണിക്കിള്‍സ് ഓഫ് ദി ഹൌസ് ഓഫ് ട്രാവന്‍കൂര്‍ എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.ഈ പുസ്തകം 2017 ല്‍ സാഹിത്യ അക്കാദമി യുവ പുരസ്‌ക്കാരം നേടിയിരുന്നു.ശശി തരൂര്‍ എംപിയുടെ മുതിര്‍ന്ന സ്റ്റാഫുകളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുള്ള മനു എസ് പിള്ള നീണ്ട ആറുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ആദ്യ പുസ്തകം രചിച്ചത്. തുടര്‍ന്ന് രണ്ടു പുതകങ്ങള്‍ കൂടി അദ്ദേഹം എഴുതി. സ്വന്തം നിലപാടുകളില്‍ ഊന്നിയുള്ള അദ്ദേഹത്തിന്റെ രചനകള്‍ ഓപ്പണ്‍ മാഗസിന്‍, ദി ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.

ലക്ഷ്മി മേനോന്‍

സാമൂഹ്യ സംരംഭക എന്ന രീതിയില്‍ ഏറെ പ്രശസ്തയായ വ്യക്തിയാണ് ലക്ഷ്മി മേനോന്‍. പ്യുവര്‍ ലിവിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായ ലക്ഷ്മി സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി സംരംഭകത്വ മാതൃകകള്‍ അവതരിപ്പിച്ച് പ്രവര്‍ത്തികമാക്കുന്നു. വൃദ്ധരായ സ്ത്രീകള്‍ക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാക്കുന്നതിനായി ലക്ഷ്മി രൂപീകരിച്ച അമ്മൂമ്മത്തിരി എന്ന ആശയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഇപ്പോള്‍ പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാകുന്നതിനും ചേന്ദമംഗലത്തെ മുങ്ങിപ്പോയ കൈത്തറിശാലകള്‍ക്ക് പിന്തുണയേകുന്നത്തിനും വേണ്ടി ആവിഷ്‌കരിച്ച ചേക്കുട്ടി പാവകള്‍ എന്ന ലക്ഷ്മിയുടെ ആശയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തില്‍ ചെളികയറി നശിച്ചു പോയ ഒരു സാരിയില്‍ നിന്നും 360 ചേക്കുട്ടിപ്പാവകളെ നിര്‍മിക്കാനാകും. ഇത്തരം പാവകളെ വിറ്റുകിട്ടുന്ന വരുമാനം ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളെ കരകയറ്റുന്നതിനായി വിനിയോഗിക്കും.

Comments

comments

Categories: FK News, Slider