ടാറ്റ സ്റ്റീലിന്റെ അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

ടാറ്റ സ്റ്റീലിന്റെ അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 3,116 കോടി രൂപ; കമ്പനിയുടെ അറ്റ വില്‍പ്പന 34 ശതമാനം വര്‍ധിച്ച് 43,544 കോടി രൂപയിലെത്തി

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ സംയോജിത അറ്റ ലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധന രേഖപ്പെടുത്തി ടാറ്റ സ്റ്റീല്‍. 3,116 കോടി രൂപയുടെ അറ്റലാഭം നേടിയ കമ്പനി വിപണി വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകളെയെല്ലാം തിരുത്തിയെഴുതിയെന്നാണ് റിപ്പോര്‍ട്ട്. കമ്പനി 2,606 കോടി രൂപയുടെ ലാഭം നേടുമെന്നായിരുന്നു സാമ്പത്തിക വിവര വിശകലന ഏജന്‍സിയായ ബ്ലൂംബര്‍ഗ് കണക്കാക്കിയിരുന്നത്.

മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റ വില്‍പ്പന 34 ശതമാനം വര്‍ധിച്ച് 43,544 കോടി രൂപയിലെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട കാര്യനിര്‍വഹണം, ഭൂഷണ്‍ സ്റ്റീലിന്റെ സംഭാവന എന്നിവയാണ് വില്‍പ്പന വര്‍ധനയ്ക്ക് പിന്തുണയായത്. 40,806 കോടി രൂപയായിരുന്നു വിശകലന വിദഗ്ധര്‍ ഐക്യകണ്‌ഠേന പ്രതീക്ഷിച്ചിരുന്നത്. കമ്പനിയുടെ സംയോജിത എബിറ്റ്ഡ 93 ശതമാനം ഉയര്‍ന്ന് 9,000 കോടി രൂപയിലുമെത്തി. 7,134 കോടി രൂപയായിരുന്നു എബിറ്റ്ഡയായി വിപണി വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്.

മെച്ചപ്പെട്ട വിപണന തന്ത്രം കാരണം ഭൂഷണ്‍ സ്റ്റീലിന്റെ വിതരണം 34 ശതമാനം വര്‍ധിച്ച് 1.14 ദശലക്ഷം ടണ്ണിലെത്തിയത് ചരക്ക് പട്ടികയില്‍ വന്ന കുറവ് നികത്താന്‍ സഹായകമായിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ നേടിയ 4,624 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനവും 5,862 കോടിയിലേക്ക് വര്‍ധിച്ചിട്ടുണ്ട്. ”ഇന്ത്യയിലെ ശക്തമായ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കമ്പനിയുടെ സംയോജിത ഫലത്തില്‍ 20 ശതമാനം എബിറ്റ്ഡ മാര്‍ജിന്‍ രേഖപ്പെടുത്താന്‍ സെപ്റ്റംബര്‍ പാദത്തില്‍ സാധിച്ചിട്ടുണ്ട്. ടാറ്റ സ്റ്റീല്‍ യൂറോപ്പിന്റെ പ്രകടനം പ്രവര്‍ത്തനപരമായി ദുര്‍ബലമായിരുന്ന കാലയളവിലാണ് ഈ നേട്ടം,” ടാറ്റ സ്റ്റീല്‍ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ (ഫിനാന്‍സ് & കോര്‍പ്പറേറ്റ്) കൗശിക് ചാറ്റര്‍ജി പറഞ്ഞു. പദ്ധതിയിട്ടിട്ടില്ലാത്ത അടച്ചു പൂട്ടലുകളും നെതര്‍ലന്‍ഡ്‌സിലെ ഐമുഡിന്‍, വെയ്ല്‍സിലെ പോര്‍ട്ട് താല്‍ബോട്ട് എന്നിവിടങ്ങളിലുണ്ടായ തടസങ്ങളുമാണ് രണ്ടാം പാദത്തില്‍ ടാറ്റ സ്റ്റീല്‍ യൂറോപ്പിനെ പിടിച്ചുലച്ചത്. അതേസമയം, ഐമുഡിന്‍ സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു വന്നുവെന്നും പോര്‍ട്ട് താല്‍ബോട്ടിലെ ബ്ലാസ്റ്റ് ഫര്‍ണസിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ സംയോജിത വിതരണവും 15 ശതമാനം വര്‍ധിച്ച് 7.42 ദശലക്ഷം ടണ്ണില്‍ എത്തിയിട്ടുണ്ട്. ടാറ്റ സ്റ്റീലിന്റെ ആകെ കടം 2,065 കോടി കൂടി വര്‍ധിച്ച് സെപ്റ്റംബര്‍ അവസാനമായപ്പോഴേക്കും 1.18 ലക്ഷം കോടിയിലെത്തി. കമ്പനിയുടെ വായ്പ 12 മാസത്തിനുള്ളില്‍ ബില്യണ്‍ ഡോളറായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ചാറ്റര്‍ജി വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: Tata Steel