മിസ്ട്രിയുടെ പുറത്താകല്‍; ആര്‍ഒസിയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു

മിസ്ട്രിയുടെ പുറത്താകല്‍; ആര്‍ഒസിയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു

ടാറ്റ സണ്‍സ് ചെയര്‍മാന്‍ മിസ്ട്രിയെ പുറത്താക്കിയത് നിയമവിരുദ്ധമെന്ന ആര്‍ഒസിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നതായി ആര്‍ടിഐ

മുംബെ: ടാറ്റ സണ്‍സിന്റെയും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെയും ചെയര്‍മാനായിരുന്ന സൈറസ് പി മിസ്ട്രിയെ പുറത്താക്കിയത് കമ്പനി നിയമത്തെയും ആര്‍ബിഐ നിയമങ്ങളെയും മറികടന്നാണെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) നിലപാടിനെ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് വെസ്റ്റേണ്‍ റീജണ്‍ ഡയറക്റ്റര്‍ ചോദ്യം ചെയ്തതായി വിവരാവകാശ നിയമ(ആര്‍ടിഐ)പ്രകാരം ലഭിച്ച മറുപടിയില്‍നിന്ന് വ്യക്തമായി.

ടാറ്റാ സണ്‍സിലെ 18.4 ശതമാനം ഓഹരി ഉടമയായ ഷപൂര്‍ജി പല്ലന്‍ജി മിസ്ട്രി ഗ്രൂപ്പ് സമര്‍പ്പിച്ച ആര്‍ടിഐയ്ക്ക് മറുപടിയായാണ് 2017 ജനുവരി 25-ന് മുംബൈ ആര്‍ഒസിയുടെ കത്തിന്റെയും കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെ ഡയറക്റ്ററുടെ ഓഫീസ് 2017 ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച കത്തിന്റെയും പകര്‍പ്പുകള്‍ പുറത്തുവിട്ടത്. മുംബെ ആര്‍ഒസിയുടെ കണ്ടെത്തലുകളുടെ ഫലപ്രാപ്തിയെക്കുറിച്ചാണ് പ്രാദേശിക ഡയറക്റ്റര്‍ സംശയമുന്നയിച്ചിരിക്കുന്നത്. മറ്റ് കമ്പനികളുടെ ഡയറക്റ്റര്‍മാരെ പുറത്താക്കുമ്പോഴും ഇതേ നിലപാടാണോ ആര്‍ഒസി സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രാദേശിക ഡയറക്റ്റര്‍ ആവശ്യപ്പെട്ടു.

2013 കമ്പനീസ് നിയമം അനുസരിച്ച് ഡയറക്റ്റര്‍മാരെ പുറത്താക്കിയതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാനും ഇതിനുവേണ്ടി ആവശ്യപ്പെട്ട രേഖകളെക്കുറിച്ചും ആര്‍ഒസി വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആര്‍ഒസിയുടെ കത്ത് കഴിഞ്ഞ മാസം വിവരാകാശ നിയമം അനുസരിച്ച് പുറത്തുവന്നപ്പോള്‍ത്തന്നെ നിയമലംഘനമില്ലെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. കമ്പനീസ് ആക്റ്റ് അനുസരിച്ച് മിസ്ട്രിയെ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ടിസിഎസ് ബോര്‍ഡില്‍നിന്നും പുറത്താക്കിയതിന് എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്ന് ടാറ്റ സണ്‍സും വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: FK News
Tags: Mistri, Tata sons