ന്യൂഡെല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസിനെ ടാറ്റ സണ്‍സ് ഏറ്റെടുത്തേക്കും.ഏറ്റെടുക്കല്‍ ചര്‍ച്ചകളുമായി ഇരുവിഭാഗവും മുന്നോട്ട് നീങ്ങുകയാണ്. ടാറ്റയ്ക്കുവേണ്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സൗരഭ് അഗര്‍വാളും ജെറ്റ് എയര്‍വേയ്സിനു വേണ്ടി ചെയര്മാന് നരേഷ് ഗോയലുമാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്.
ഏറ്റെടുക്കല്‍ സംബന്ധിച്ച രൂപരേഖ നാളെ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് അവതരിപ്പിക്കും. വ്യോമയാന മേഖലയില്‍ ടാറ്റയുടെ താത്പര്യങ്ങള്‍ക്ക് കരുത്താകുന്നതാകും ഈ നീക്കമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തല്‍.
ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിന്റെയും മാതൃസ്ഥാപനമായ ടാറ്റ ട്രസ്റ്റിന്റെയും അനുമതി ലഭിക്കുന്നതോടെ ജെറ്റ് ഏറ്റെടുക്കല്‍ ശ്രമങ്ങള്‍ പൂര്‍ണതോതിലെത്തും.
ജെറ്റ് എയര്‍വേസില്‍ പിടിമുറുക്കാനുള്ള ടാറ്റയുടെ നീക്കത്തെ ജെറ്റ് എയര്‍വേസ് ചെയര്മാന് നരേഷ് ഗോയല്‍ തുടക്കത്തില്‍ എതിര്‍ത്തിരുന്നു. സ്ഥാപനത്തില്‍ നിയന്ത്രണമുള്ള ഓഹരിയുടമയെന്ന നിലയിലേക്ക് ടാറ്റ വളരുന്നതിനെയാണ് അദ്ദേഹം എതിര്‍ത്തത്. ഈ നിലപാടില്‍നിന്ന് ഇപ്പോള്‍ അദ്ദേഹം പിന്നോട്ടുപോയിട്ടുണ്ട്. എങ്കിലും 25 വര്‍ഷം മുമ്പ് താന്‍ സ്ഥാപിച്ച സ്ഥാപനത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരികള്‍ അബുദാബിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എത്തിഹാദ് എയര്‍വേസിന്റെ പക്കലാണ്. ഇത് ടാറ്റ സണ്‍സിന് കൈമാറുമെന്നാണ് സൂചന.
ജെറ്റ് എയര്വേസില്ക്കൂടി ഉടമസ്ഥാവകാശം ലഭിക്കുന്നതോടെ, ടാറ്റയ്ക്ക് ആഭ്യന്തര വ്യോമയാന മേഖലയില്‍ 24 ശതമാനത്തോളം വിപണിവിഹിതം സ്വന്തമാകും. 124 വിമാനങ്ങള്‍ സ്വന്തമായുള്ള ജെറ്റിന് ആഭ്യന്തര വ്യോമയാന വിപണിയില്‍നിന്ന് 16 ശതമാനം സ്വന്തമാക്കാന്‍ കഴിയുന്നുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍നിന്ന് 14 ശതമാനവുമുണ്ട്.