വായു മലിനീകരണത്തെ ചെറുക്കുന്ന സംരംഭങ്ങള്‍

വായു മലിനീകരണത്തെ ചെറുക്കുന്ന സംരംഭങ്ങള്‍

രാജ്യത്ത് വര്‍ധിച്ചുവരുന്ന വായു മലിനീകരണം നിരവധി സംരംഭങ്ങള്‍ക്ക് വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് കടന്നുവരാന്‍ വഴിയൊരുക്കിയിട്ടുണ്ട്. ശുദ്ധവായു ശ്വസിക്കുന്നതിനുള്ള മാസ്‌ക് മുതല്‍ വായുവിന്റെ ഗുണമേന്‍മ മനസിലാക്കി മുന്‍കരുതല്‍ സ്വീകരിക്കുന്ന ഉപകരണങ്ങള്‍ വരെ ഇന്ന് വിപണിയില്‍ സുലഭമാണ്. ആഗോള ബ്രാന്‍ഡുകള്‍ക്കൊപ്പം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും മേഖലയില്‍ പിടിമുറുക്കിയിരിക്കുന്നു

ഇന്ന് ലോകമൊട്ടാകെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വായു മലിനീകരണം. ഇന്ത്യയിലും വായു മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. രാജ്യത്തിന്റെ പല ഭാഗത്തും മനുഷ്യന്റെ ജീവന് തന്നെ ഭീഷണി ആയിക്കൊണ്ടിരിക്കുകയാണിത്. വായു മലിനീകരണത്തെ തുടര്‍ന്ന് ഇന്ത്യയിലാകെ 1.25 ലക്ഷം കൂട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യാന്തര കണക്ക് പ്രകാരം ഇത്തരം മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വേള്‍ഡ് എയര്‍ ക്വാളിറ്റി സൂചിക അനുസരിച്ച് ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ വായുവിന്റെ ഗുണമേന്‍മ ഈ വര്‍ഷം ജൂണില്‍ ഏറ്റവും കൂടുതല്‍ മോശമായതായാണ് റിപ്പോര്‍ട്ട്. ഓസോണ്‍, നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, മറ്റു മാലിന്യങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ ഡെല്‍ഹിയിലെ വായു വേള്‍ഡ് എയര്‍ ക്വാളിറ്റി സൂചികയില്‍ 999 പോയിന്റ് നേടി. ഇതുവഴി മാരകമായ തോതില്‍ ഡെല്‍ഹിയിലെ വായു മലിനമായതായി ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

വായുവില്‍ മാലിന്യത്തിന്റെ തോത് കൂടുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കാണ് ആദ്യം വഴിവെക്കുക. തുടര്‍ന്ന് ഹൃദയസംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയിലേക്കും ഇതു വഴിവെക്കും. ഇന്ത്യയിലെ വര്‍ധിച്ചു വരുന്ന വായു മലിനീകരണം കാരണം ഇതിനെ ചെറുക്കുന്നതിനുള്ള പലവിധ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ചും ആഗോള ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകള്‍ക്കു വഴി തുറന്നു. വിപണിയിലെ ഭീമന്‍മാരായ ഹണിവെല്‍, ഡായ്കിന്‍, പാനസോണിക് തുടങ്ങി നിരവധി ആഗോള ബ്രാന്‍ഡുകള്‍ അവരുടെ ആന്റി- പൊലൂഷന്‍ ഉല്‍പ്പന്നങ്ങളുമായി ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാന്‍ ഇടയാകുകയും ചെയ്തു. വിപണിയിലെ ആവശ്യകത കണ്ടറിഞ്ഞിട്ടെന്നവണ്ണം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും മേഖലയിലേക്ക് കടന്നിട്ടുണ്ടിപ്പോള്‍. വായു മലിനീകരണത്തെ നേരിടുന്നതിനായി ഇന്നൊവേറ്റീവ് ആശയങ്ങളുമായാണ് മിക്ക ന്യൂജന്‍ സംരംഭങ്ങളും മേഖലയിലേക്ക് എത്തിയിരിക്കുന്നത്. അവയില്‍ ചില സംരംഭങ്ങളെ ഇവിടെ പരിചയപ്പെടാം.

ഫിനിക്‌സ് റോബോട്ടിക്‌സ്

മുന്നു വര്‍ഷം മുമ്പ് ഒഡീഷ ആസ്ഥാനമായി തുടങ്ങിയ സംരംഭമാണ് ഫിനിക്‌സ് റോബോട്ടിക്‌സ്. എന്‍ഐടി റൂര്‍ക്കലയിലെ അമിയ കുമാര്‍ സാമന്തറെ, കിഷന്‍ കുമാര്‍ പട്ടേല്‍, ആകാംക്ഷ പ്രിയദര്‍ശിനി, ആഷിഷ് സാഹു, അഷുതോഷ് സാരംഗി എന്നീ ആറ് എന്‍ജിനീയര്‍മാരാണ് സംരംഭത്തിനു പിന്നിലെ ബുദ്ധികേന്ദ്രം. പരിസ്ഥിതിയിലെ വായുമലിനീകരണത്തിന്റെ തോത് അറിയാനുള്ള ഓര്‍അഷ്വര്‍ എന്ന ഉപകരണമാണ് സംരംഭം പുറത്തിറക്കിയിരിക്കുന്നത്. ക്ലൗഡ് അധിഷ്ഠിത നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലൂടെ വിവിധ ഇടങ്ങളിലെ വായുവിന്റെ ഗുണമേന്‍മ കൃത്യമായി വിലയിരുത്താനാകും. മാത്രമല്ല ഈ ഡാറ്റ മൊബീല്‍ ആപ്പുവഴി അറിയാനും കഴിയും. നൈട്രജന്‍ ഡയോക്‌സൈഡ്, നൈട്രജന്‍ മോണോക്‌സൈഡ്, ഓസോണ്‍, മീതെയ്ന്‍, അമോണിയ എന്നിവയ്ക്കു പുറമെ അന്തരീക്ഷ ഊഷ്മാവ്, ഹ്യുമിഡിറ്റി, മഴയുടെ തോത്, അന്തരീക്ഷ മര്‍ദം, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവയെല്ലാം ഈ ഉപകരണത്തിലൂടെ അറിയാനാകും.

വായുവിന്റെ ഗുണമേന്മ അറിയുന്നതിനായി സ്‌കൂള്‍, കോളെജ്, ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഈ ഉപകരണം സ്ഥാപിക്കുന്നതു വഴി മികച്ച മുന്‍കരുതലും സുരക്ഷാ നടപടികളും കൈക്കൊള്ളാന്‍ കഴിയും. ഈ ഉപകരണത്തിലൂടെ കര്‍ഷകര്‍ക്കും ഏറെ നേട്ടമുണ്ട്. പരിസ്ഥിതിയിലെ മാറ്റങ്ങളെ കുറിച്ച് അറിഞ്ഞ് ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വിളകളെ സംരക്ഷിക്കാനും കഴിയും.

ഷെല്ലിയോസ്

ബൈക്കില്‍ യാത്ര ചെയ്യുന്നവരെ വായു മലിനീകരണത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുന്ന സംവിധാനമാണ് ഷെല്ലിയോസിന്റെ സംഭാവന. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം ബൈക്ക് യാത്രക്കാര്‍ക്കായി ഹെല്‍മറ്റിനുള്ളിലായാണ് വായു ശുദ്ധീകരിക്കുന്ന ഉപകരണം സജ്ജമാക്കിയിരിക്കുന്നത്. 1.6 കിലോഗ്രാം ഭാരം വരുന്ന ഹെല്‍മറ്റാണ് ഇവര്‍ ഇതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹെല്‍മറ്റിനുള്ളിലെ എയര്‍ പ്യൂരിഫയര്‍ സംവിധാനം, വായു ശുദ്ധീകരിക്കുന്നതിനാല്‍ ബൈക്ക് യാത്രക്കാര്‍ക്ക് യാത്രയില്‍ ശുദ്ധവായു ശ്വസിക്കാമെന്നു സാരം. ഹെല്‍മറ്റ് ബ്ലൂടൂത്ത് വഴി ആപ്ലിക്കേഷനുമായ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഹെല്‍മറ്റ് എപ്പോള്‍ വൃത്തിയാക്കണമെന്ന കാര്യവും കൃത്യമായി അറിയാനാകും.

ചാക്കര്‍ ഇന്നൊവേഷന്‍സ്

രണ്ടു വര്‍ഷം മുമ്പ് ഐഐടി ഡെല്‍ഹി പൂര്‍വകാല വിദ്യാര്‍ത്ഥികളായ അര്‍പിത് ധൂപര്‍, കുഷാഗ്ര ശ്രീവാസ്തവ, പ്രതീക് സചാന്‍ എന്നിവര്‍ ചേര്‍ന്ന് രൂപംകൊടുത്ത സംരംഭമാണിത്. ഡീസല്‍ ജനറേറ്ററുകളിലെ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഉപയോഗയോഗ്യമായ മഷി, പെയിന്റ് എന്നിവ നിര്‍മിക്കാന്‍ സഹായിക്കുന്ന സംരംഭമാണിത്. ചാക്കര്‍ ഇന്നൊവേഷനിലെ ചാക്കര്‍ ഷീല്‍ഡ് ഡീസല്‍ ജനറേറ്ററുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ പുറംതള്ളപ്പെടുന്ന ബ്ലാക്ക് കാര്‍ബണ്‍ വേര്‍തിരിച്ച് ശുദ്ധീകരണ പ്രക്രീയയിലൂടെ കാര്‍ബണ്‍ അധഷ്ഠിത പിഗ്മെന്റാക്കി മാറ്റുന്നു. പിന്നീടിത് രാസപ്രവര്‍ത്തനങ്ങളിലൂടെ വ്യത്യസ്ത തരത്തിലുള്ള മഷിയും പെയിന്റുമാക്കി മാറ്റും.

ഐടി കമ്പനികള്‍, ആശുപത്രികള്‍, വിവിധ ഓഫീസുകള്‍, പൊതു-സ്വകാര്യ കമ്പനികള്‍ എന്നിവിടങ്ങളിലെല്ലാം ഇന്ന് ജനറേറ്ററുകള്‍ സര്‍വസാധാരണമായിരിക്കെ, അവയില്‍ നിന്നെല്ലാമുള്ള മാലിന്യത്തിന്റെ തോതും വളരെ കൂടുതലാണ്. ഇതിനൊരു പരിഹാരമാണ് ചാക്കര്‍ ഷീല്‍ഡ് മുന്നോട്ടു വെച്ചിരിക്കുന്നത്.

നാനോ ക്ലീന്‍

ശുദ്ധവായു ശ്വസിക്കാന്‍ സഹായിക്കുന്ന നേസല്‍ ഫില്‍റ്റര്‍ എന്ന ഉപകരണം പുറത്തിറക്കിയാണ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാനോ ക്ലീന്‍ എന്ന സംരംഭം ശ്രദ്ധേയമായത്. കഴിഞ്ഞ വര്‍ഷം പ്രതീക് ശര്‍മ, തുഷാര്‍ വ്യാസ്, ജതിന്‍ കേവ്‌ലാനി എന്നിവര്‍ ചേര്‍ന്നാണ് സംരംഭത്തിന് തുടക്കമിട്ടത്. മൂക്കില്‍ ധരിക്കാവുന്ന ഫില്‍റ്ററാണിത്. പത്തു രൂപയ്ക്ക് ലഭിക്കുമെന്നതിനാല്‍ വിപണിയിലും നാസോഫില്‍റ്ററിന് ഡിമാന്‍ഡ് ഏറി വരികയാണ്. നാനോ ടെക്‌നോളജിയില്‍ വികസിപ്പിച്ചിരിക്കുന്ന ഉപകരണം സാധാരണഗതിയിലുള്ള മാസ്‌കുകളേക്കാള്‍ ഏറെ പ്രയോജനപ്രദമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ആമസോണ്‍, ഫഌപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇവ വിപണനം ചെയ്യുന്നുണ്ട്. പൊടിയില്‍ നിന്നും മറ്റും സംരക്ഷണം നല്‍കുന്നതിനാല്‍ ആസ്ത്മ രോഗികള്‍ക്കും ഇവ സഹായകരമാണ്.

പെര്‍സാപ്പിയന്‍

ശുദ്ധവായു ശ്വസിക്കുന്നതിനായി എയര്‍ലെന്‍സ് എന്ന ഉപകരണം വികസിപ്പിച്ചുകൊണ്ടാണ് പെര്‍സാപ്പിയന്‍ എന്ന സംരംഭം മേഖലയിലേക്ക് കടന്നുവന്നത്. ഐഐടിയിലെ ഒരു സംഘം ശാസ്ത്രജ്ഞന്‍മാരായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന ഈ ഉപകരണം ശ്വാസകോശത്തിലേക്ക് ശുദ്ധവായുവിനെ മാത്രമേ കടത്തിവിടുകയുള്ളൂ. ആപ്പുമായി ബന്ധിപ്പിക്കാവുന്ന ഉപകരണം അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് മനസിലാക്കി എത്രത്തോളം സംരക്ഷണം വേണമെന്നുള്ളത് ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുന്നു. ഉപകരണം ഏതെല്ലാം അവസരങ്ങളില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഉപയോഗിക്കണം എന്നതടക്കമുള്ള വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ലഭ്യമായ ഈ എയര്‍ പ്യൂരിഫയര്‍ സംവിധാനം പെര്‍സാപ്പിയന്‍ വെബ്‌സൈറ്റിലും ആമസോണിലും ലഭ്യമാണ്. 347 രൂപയാണ് വില. എയര്‍ലെന്‍സ് ആപ്പ് പൂര്‍ണമായും സൗജന്യമാണ്.

Comments

comments

Categories: FK News