രഞ്ജി ട്രോഫി: കേരളം ആന്ധ്രയെ പരാജയപ്പെടുത്തി

രഞ്ജി ട്രോഫി: കേരളം ആന്ധ്രയെ പരാജയപ്പെടുത്തി

തുമ്പ: രഞ്ജി ട്രോഫിയില്‍ കേരളം ആന്ധ്രയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആന്ധ്ര 115 റണ്‍സില്‍ പുറത്തായി.

42 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ വരിഞ്ഞുമുറുക്കിയ ജലജ് സക്‌സേനയുടെ മികവിലാണ് കേരളത്തിന്റെ വിജയം. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയതാരം ബൗളിംഗിനിറങ്ങിയപ്പോള്‍ എട്ടുവിക്കറ്റും വീഴ്ത്തി. ഇരു ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഈ ജയത്തോടെ വിലപ്പെട്ട ആറ് പോയിന്റ് കേരളം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ആന്ധ്ര 254 റണ്‍സ് സ്‌കോര്‍ നേടിയിരുന്നു.

സെഞ്ചുറിയുമായി റിക്കി ബുയി ആന്ധ്രയുടെ ബാറ്റിംഗിന്റെ നെടുംതൂണായി. ശിവ ചരണ്‍ സിംഗ്, രവി തേജ എന്നിവര്‍ മികച്ച പിന്തുണ നല്‍കി. കേരളത്തിനായി അക്ഷയ് കെ.സി.നാലും ബേസില്‍ തമ്പി മൂന്നും സന്ദീപ് വാരിയര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് 328 റണ്‍സിന് അവസാനിച്ചു. 133 റണ്‍സ് സ്‌കോര്‍ ചെയ്ത ജലജിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടിന് പിന്തുണ നല്കിയ റോഹന്‍ പ്രേം 47 റണ്‍സെടുത്തു. 56 റണ്‍സുമായി കെ.ബി.അരുണ്‍ കാര്‍ത്തിക്കും മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

Comments

comments

Categories: Sports
Tags: Ranji Trophy