എണ്ണ വിപണിയുടെ ചാഞ്ചാട്ടം

എണ്ണ വിപണിയുടെ ചാഞ്ചാട്ടം

എണ്ണ വിലയില്‍ അപ്രതീക്ഷിത ഇടിവ് കൂടി വന്നതോടെ ഉല്‍പ്പാദന നിയന്ത്രണം വീണ്ടും കൊണ്ടുവരാനുള്ള ഒപെക് സംഘത്തിന്റെ നിലപാടിന് കൂടുതല്‍ ശക്തി ലഭിച്ചിരിക്കുന്നു. വിപണിയില്‍ ഇത് പലതരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും

അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായി 12 ദിവസമാണ് എണ്ണ വിലയില്‍ കുറവ് വന്നിരിക്കുന്നത്. ബാരലിന് 100 ഡോളര്‍ വരെ എത്തുമെന്ന് കരുതിയിരുന്ന എണ്ണവില ഇപ്പോള്‍ 65 ഡോളറിലേക്ക് വീണു. എണ്ണ വിലയില്‍ കുറവ് വരുത്തണമെന്ന് പറഞ്ഞുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുഷ്ടിചുരുട്ടലിന് പിന്നാലെയാണ് വിപണിയുടെ ചാഞ്ചാട്ടമെന്നതും ശ്രദ്ധേയമായി. എന്നാല്‍ എണ്ണ ഉല്‍പ്പാദനത്തില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സഖ്യകക്ഷികളും വിപണിയുടെ മാറ്റത്തോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കാണേണ്ടിയിരിക്കുന്നു.

വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുന്നതുള്‍പ്പടെയുള്ള കാരണങ്ങള്‍ നിരത്തി ഉല്‍പ്പാദനത്തില്‍ വീണ്ടും നിയന്ത്രണം വരുത്തുകയെന്ന തീരുമാനത്തിലേക്കാണ് കഴിഞ്ഞ ഞായറാഴ്ച്ച ചേര്‍ന്ന ഒപെക് യോഗം എത്തിയത്. വിയന്നയില്‍ നടക്കുന്ന അടുത്ത യോഗത്തിന് ശേഷം ഉല്‍പ്പാദന നിയന്ത്രണ തീരുമാനം ഒപെക് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നിലവിലെ വിലയിടിവ് യഥാര്‍ത്ഥത്തില്‍ സൗദി അറേബ്യയുടെ സ്വാധീനവലയത്തിലുള്ള ഒപെക്കിന്റെ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തെ ഒരു തരത്തില്‍ സാധൂകരിക്കുക കൂടിയാണോ ചെയ്യുന്നത്. ഉല്‍പ്പാദനിയന്ത്രണം ശക്തമാക്കാന്‍ ഒപെക് തീരുമാനിച്ചാല്‍ എണ്ണ വിപണിയില്‍ വീണ്ടും വിലക്കയറ്റത്തിന്റെ നാളുകളായിരിക്കും വരുക.

അതേസമയം വിപണിയില്‍ ആവശ്യകത കുറയുന്നത് എണ്ണ ആശ്രിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്നുമുണ്ട്. മുമ്പ് പ്രതീക്ഷച്ചതിനേക്കാള്‍ കുറവായിരിക്കും എണ്ണ ഉപഭോഗമെന്ന് ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ ഒപെക്കും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയും വ്യക്തമാക്കിയിരുന്നു. വ്യാപാര യുദ്ധവും കൂടുന്ന പലിശനിരക്കും വളരുന്ന വിപണികളിലെ കറന്‍സികളുടെ മൂല്യമിടിവും എല്ലാം കാരണം ആഗോള സാമ്പത്തിക വളര്‍ച്ചയിലെ മന്ദത എണ്ണ വിപണിയെ ബാധിക്കുമെന്നായിരുന്നു ഇരുസ്ഥാപനങ്ങളുടെയും വിലയിരുത്തല്‍.

ഒക്‌റ്റോബറില്‍ എണ്ണ വില പുതിയ ഉയരങ്ങളിലെത്തിയതോടെ ഇന്ത്യ, തുര്‍ക്കി, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ കടുത്ത അസ്വസ്ഥതകളായിരുന്നു നിലനിന്നിരുന്നത്. എണ്ണ വിലയിലെ വര്‍ധനവും കറന്‍സികളുടെ മൂല്യ ശോഷണവും ഒരുമിച്ച് സംഭവിച്ചതോടെ പല വികസ്വര രാജ്യങ്ങളുടെയും സാമ്പത്തിക ആരോഗ്യം പ്രതിസന്ധിയിലാകുകയും ചെയ്തു.

2014ല്‍ എണ്ണ വിപണിയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് ഒപെക്കും റഷ്യ ഉള്‍പ്പടെയുള്ള പ്രധാന എണ്ണ ഉല്‍പ്പാദകരാജ്യങ്ങളും സഹകരിച്ചാണ് ഉല്‍പ്പാദന നിയന്ത്രണ കരാര്‍ പ്രാവര്‍ത്തികമാക്കിയത്. എണ്ണ വില വീണ്ടും കൂടാനും വിപണിയില്‍ സ്ഥിരത കൈവരാനും കാരണം ഈ കരാറായിരുന്നു.

ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് കരാര്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ച് സൗദിയും റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടി. എണ്ണ വിലയിലെ സമാനതകളില്ലാത്ത വര്‍ധന കാരണം അമേരിക്കയും ഇന്ത്യയുമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടത്. പ്രധാന എണ്ണ ഉല്‍പ്പാദകരാജ്യങ്ങളിലൊന്നായ ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പ്രാവര്‍ത്തികമാകുമെന്ന അവസ്ഥ വന്നതോടെ എണ്ണ വില വര്‍ധന പുതിയ റെക്കോഡിടുമെന്ന സാഹചര്യവും വന്നു. എന്നാല്‍ പല രാജ്യങ്ങള്‍ക്കും അമേരിക്ക താല്‍ക്കാലികമായി ഉപരോധ ഇളവുകള്‍ നല്‍കിയതും വിവിധയിടങ്ങളില്‍ ആവശ്യകത കുറഞ്ഞതും എണ്ണ വില വീണ്ടും കുറയാന്‍ കാരണമായി. എണ്ണ ഉല്‍പ്പാദനം വീണ്ടും കുറയ്ക്കുന്നതിനോട് റഷ്യക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ റഷ്യയുടെ സമ്മതം കൂടി പൂര്‍ണമായും നേടിയെടുക്കാന്‍ സാധിച്ചാല്‍ വീണ്ടും എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാറിലേക്ക് ഒപെക് എത്തുമെന്നത് തീര്‍ച്ചയാണ്.

Comments

comments

Categories: Editorial, Slider
Tags: Oil price