സാമൂഹ്യ പ്രതിബദ്ധതയുള്ള ന്യൂജന്‍ ആപ്ലിക്കേഷനുകള്‍

സാമൂഹ്യ പ്രതിബദ്ധതയുള്ള ന്യൂജന്‍ ആപ്ലിക്കേഷനുകള്‍

നൂതന സാങ്കേതികവിദ്യയില്‍ വേറിട്ട ആശയങ്ങള്‍ ഒരുക്കിക്കൊണ്ട് ജനങ്ങളെ സഹായിക്കുകയും അവരില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം

ആപ്ലിക്കേഷനുകള്‍ വിപണി കൈയടക്കുന്ന കാലമാണിത.് ഭക്ഷണം ബുക്ക് ചെയ്യുന്നതു മുതല്‍ ഡോക്റ്ററെ കാണുന്നതിനും യാത്രയ്ക്കും എന്നുവേണ്ട, ഏതു കാര്യത്തിന് നാം ദിവസേന ഏതെങ്കിലുമൊരു ആപ്പിനെ ആശ്രയിക്കുന്ന അവസ്ഥ. ആളുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി നൂതന സാങ്കേതികവിദ്യയില്‍, ന്യൂജന്‍ ആശയങ്ങളിലാണ് ആപ്ലിക്കേഷനുകളുടെ ഓരോ നിരയും നമ്മളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഫുള്‍ ചാര്‍ജ്ജില്‍ കൈയിലുണ്ടായാല്‍ ജീവിതം സുഗമമാക്കപ്പെടുകയാണിവിടെ, ഒപ്പം സ്മാര്‍ട്ട്‌ഫോണിലേക്കും വിസ്മയിപ്പിക്കുന്ന ആപ്ലിക്കേഷനുകളിലേക്കും ജനങ്ങളെ ചുരുക്കുകയും ചെയ്യുന്നു. ഏതൊരു ചെറിയ കാര്യത്തിനും നാം ആപ്പിനെ ആശ്രയിക്കുമ്പോള്‍ ആ ജോലി കൂടുതല്‍ ഈസിയാക്കപ്പെടുന്നു.

ആപ്ലിക്കേഷനുകള്‍ക്ക് നല്ലതും മോശവുമായ വശങ്ങളുണ്ട്. നല്ല വശമെടുത്താല്‍ ഇവ സമൂഹത്തിന് ഗുണകരം എന്ന നിലയില്‍ മാത്രമല്ല, ആളുകളില്‍ മികച്ച സ്വാധീനം ചെലുത്താനും ഇവയ്ക്കാകുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ മേഖലകളില്‍ വേറിട്ട ആശയങ്ങള്‍ കൊണ്ട് ജനങ്ങളെ സഹായിക്കുകയും അവരില്‍ സ്വാധീനം ചെലുത്താനും കഴിയുന്ന ചില ആപ്ലിക്കേഷനുകളെ ഇവിടെ പരിചയപ്പെടാം.

ഗ്ലോബല്‍ഗിവിംഗ്

സേവനസന്നദ്ധരായ പ്രാരംഭഘട്ട സംരംഭങ്ങള്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുന്ന ആപ്ലിക്കേഷനാണ് ഗ്ലോബല്‍ഗിവിംഗ്. ലോകമെമ്പാടുമുള്ള ഏതൊരു സ്ഥാപനത്തിനും, അവര്‍ ഏറ്റെടുത്ത ആശയം മികച്ചതാണെങ്കില്‍ ഈ സംരംഭത്തിന്റെ സഹായം ലഭിച്ചിരിക്കും. നൈജീരിയയില്‍ ശുദ്ധജലത്തിനായി കിണറുകള്‍ കുഴിക്കുന്നതിനും നേപ്പാളില്‍ ഭൂകമ്പത്തില്‍ അകപ്പെട്ട ആളുകള്‍ക്ക് ധനസഹായമെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധനസമാഹരണത്തിനും ഇവര്‍ ഒപ്പമുണ്ടാകും. 2002 ല്‍ തുടക്കമിട്ട ഗ്ലോബല്‍ഗിവിംഗ് 200 ദശലക്ഷം ഡോളര്‍ വരെ ഇത്തരത്തില്‍ സമാഹരിച്ചു നല്‍കിയിട്ടുണ്ട്. ലോകമെമ്പാടുമായി 13,000 ല്‍ പരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാനും ഇവര്‍ക്കു കഴിഞ്ഞിരിക്കുന്നു.

ലെഫ്‌റ്റോവര്‍സ്വാപ്പ്

റെസ്റ്റൊറന്റുകളിലും ഹോട്ടലുകളിലും മറ്റും ബാക്കിവരുന്ന ആഹാരം ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനായി സജ്ജമാക്കിയ ആപ്ലിക്കേഷനാണ് ലെഫ്‌റ്റോവര്‍സ്വാപ്പ്. ആളുകള്‍ക്ക് വീടുകളില്‍ ബാക്കി വരുന്ന ഗുണമേന്‍മയേറിയ ഭക്ഷണവും ഇത്തരത്തില്‍ ഈ ആപ്ലിക്കേഷനിലൂടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് മറ്റുള്ളവര്‍ക്കായി പങ്കിടാവുന്നതാണ്. ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോളന്റിയര്‍മാര്‍ ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യും.

വണ്‍ ടുഡെ

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് വണ്‍ ടുഡെ. നമ്മുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ഏതു സ്ഥാപനത്തിന് ഏത് വിഷയത്തില്‍ സംഭാവന നല്‍കണമെന്ന് ആപ്ലിക്കേഷനിലെ ലിസ്റ്റിലൂടെ നമുക്ക് തീരുമാനിക്കാം. ദിവസവും ഒരു ഡോളര്‍ വീതം സംഭാവന നല്‍കിയാല്‍ മതിയാകും എന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത.

മൈന്‍ഡ്‌മേറ്റ്

ലോകമാകെ പടര്‍ന്നുപിടിക്കുന്ന ഡിമന്‍ഷ്യ രോഗത്തിന് ഒരു മറുമരുന്ന് എന്ന നിലയിലാണ് ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ഡിമന്‍ഷ്യ രോഗികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലാക്കി നിരന്തര വ്യായാമങ്ങളിലൂടെയും മറ്റും അവരുടെ ഓര്‍മയെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുകയാണ് മൈന്‍ഡ്‌മേറ്റ്. നിലവില്‍ 3, 50,000 ഉപഭോക്താക്കളാണ് ഈ ആപ്പിനുള്ളത്. എങ്ങനെ ദിവസവും ഊര്‍ജസ്വലതയോടെ ഇരിക്കാം എന്നതുള്‍പ്പെടെ ഉപഭോക്താക്കളുടെ ഓര്‍മയെ പിടിച്ചു നിര്‍ത്തുന്ന ഒരു കൂട്ടം അറിവുകള്‍ പങ്കുവെച്ചാണ് ആപ്ലിക്കേഷന്‍ ഡിമന്‍ഷ്യ രോഗികള്‍ക്കിടയില്‍ താരമാകുന്നത്. രോഗികളുടെ ശാരീരിക, മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകാനാണ് മൈന്‍ഡ്‌മേറ്റിന്റെ ശ്രമം.

ട്രീ പ്ലാനറ്റ്

ഗെയിമിലൂടെ ഉപഭോക്താക്കളെ മരങ്ങള്‍ നട്ടുപിടിക്കാന്‍ പ്രേരിപ്പിക്കുന്ന ആപ്ലിക്കേഷനാണ് ട്രീ പ്ലാനറ്റ്. ഫോണിലും ഗെയിമിലും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ആളുകളെ സാമൂഹ്യ പ്രതിബദ്ധത കൂടി പഠിപ്പിക്കാനാണ് ട്രീ പ്ലാനറ്റ് ലക്ഷ്യമിടുന്നത്. ഗെയിമിന്റെ ഏറ്റവും പുതിയ വേര്‍ഷനില്‍ കളിക്കുന്നവര്‍ ഓരോരുത്തരും ഒരു മരം നശിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. മാത്രമല്ല, ഒരു മരം നടാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

Comments

comments

Categories: Tech
Tags: New gen apps