സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസം 17% ഇടിഞ്ഞു

സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസം 17% ഇടിഞ്ഞു

ഫണ്ട് ലഭ്യത കുറയുകയോ അല്ലെങ്കില്‍ നിലവിലെ സാഹചര്യം തുടരുകയോ ചെയ്യുമെന്ന് സിഎഫ്ഒമാരില്‍ 72 ശതമാനവും അഭിപ്രായപ്പെട്ടു

ന്യൂഡെല്‍ഹി: പണത്തിന്റെ അഭാവവും ഉയര്‍ന്ന പലിശ നിരക്കും കാരണം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി രാജ്യത്തെ വിവിധ കമ്പനികളുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ക്കിടയില്‍ ആശങ്കകളുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 19 സാമ്പത്തിക പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസം ഇടിയുന്നതിന് ഇത് കാരണമായെന്ന് ബിസിനസ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. കമ്പനികളുടെ സാമ്പത്തിക ആരോഗ്യം, ബിസിനസ് വെല്ലുവിളികളുമായി ബന്ധപ്പെട്ട പരിതസ്ഥിതി, രാജ്യത്തെ വിശാല സാമ്പത്തിക സാഹചര്യം എന്നിവയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം വിലയിരുത്താന്‍ വിവിധ മേഖലകളിലെ 300 സിഎഫ്ഒമാരുടെ പ്രതികരണങ്ങളാണ് ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് തേടിയത്.

സിഎഫ്ഒ ശുഭാപ്തി വിശ്വാസ സൂചിക സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 90.2 ലേക്കാണ് ഇടിഞ്ഞത്. മുന്‍ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ 19 പാദങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ഫണ്ട് ലഭ്യത കുറയുകയോ അല്ലെങ്കില്‍ നിലവിലെ സാഹചര്യം തുടരുകയോ ചെയ്യുമെന്ന് സിഎഫ്ഒമാരില്‍ 72 ശതമാനവും അഭിപ്രായപ്പെട്ടുവെന്ന് ഏജന്‍സിയുടെ മാനേജിംഗ് ഡയറക്റ്റര്‍ മനീഷ് മിശ്ര പറഞ്ഞു.

എന്‍ബിഎഫ്‌സി പ്രതിസന്ധി പാരമ്യത്തിലെത്തിയ സെപ്റ്റംബര്‍ മാസത്തിനാണ് സര്‍വേ നടത്തിയത്. ”ചെലവ്, ഫണ്ട് ലഭ്യത, കമ്പനികളിലെ പണത്തിന്റെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ക്കൊപ്പം, സിഎഫ്ഒമാരുടെ ശുഭാപ്തി വിശ്വാസത്തിന്റെ തോതില്‍ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ഈ കാലയളവിന് സാധിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന വായ്പാ ചെലവും പണദൗര്‍ലഭ്യവുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് മൊത്തത്തിലുള്ള സിഎഫ്ഒ ശുഭാപ്തി വിശ്വാസത്തിന്റെ തോത് പ്രതിഫലിപ്പിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര വിഷയങ്ങള്‍, രൂപയുടെ മൂല്യത്തകര്‍ച്ച, എന്‍ബിഎഫ്‌സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സംസ്ഥാന-പൊതു തെരഞ്ഞെടുപ്പുകള്‍ എന്നിവ മുന്നോട്ട് പോകുമ്പോള്‍ ഈ വികാരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വേയില്‍ സാമ്പത്തിക പ്രകടനവുമായി ബന്ധപ്പെട്ട ശുഭാപ്തി വിശ്വാസത്തിന്റെ തോത് 19 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയിലും വിശാല സാമ്പത്തിക സാഹചര്യവുമായി ബന്ധപ്പെട്ട തോത് 18 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലുമാണ്. വ്യാവസായിക രംഗത്താണ് ശുഭാപ്തി വിശ്വാസം ഏറ്റവും കുറവുള്ളത്. 20 പാദങ്ങളിലേക്കും വച്ച് ഏറ്റവും ചുരുങ്ങിയ ശുഭപ്രതീക്ഷയാണ് മേഖലയിലുള്ളത്. സേവന മേഖലയെ സംബന്ധിച്ച് ഇത് 18 പാദങ്ങളിലെ ഏറ്റവും ചുരുങ്ങിയ തോതിലാണ്.

നാലാം പാദത്തില്‍ കോര്‍പ്പറേറ്റ് മേഖലയിലെ സാമ്പത്തിക വെല്ലുവിളിയുടെ തോത് വര്‍ധിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം സിഎഫ്ഒമാരും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ 20 പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. പണ ലഭ്യതയുമായി ബന്ധപ്പെട്ട തങ്ങളുടെ അവസ്ഥ ഇനിയും മോശമാകുമെന്നോ മാറ്റമില്ലാതെ തുടരുമെന്നോ ഇവരില്‍ പകുതി പേരും പ്രതീക്ഷിക്കുന്നു.

Comments

comments

Categories: FK News
Tags: CFO