ആറ് ബോയിംഗ് 777 വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി ജെറ്റ് എയര്‍വെയ്‌സ്

ആറ് ബോയിംഗ് 777 വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി ജെറ്റ് എയര്‍വെയ്‌സ്

വിമാന ഇന്ധന വില വര്‍ധിച്ചതും കടബാധ്യതയും കാരണം വലിയ പ്രതിസന്ധിയാണ് ജെറ്റ് എയര്‍വെയ്‌സ് നേരിടുന്നത്

മുംബൈ: കടബാധ്യത കുറയ്ക്കുന്നതിന് ആറ് ബോയിംഗ് 777 വിമാനങ്ങള്‍ വില്‍ക്കാന്‍ ജെറ്റ് എയര്‍വെയ്‌സ് നീക്കം നടത്തുന്നു. വിമാനങ്ങള്‍ വാങ്ങിയ വകയിലുള്ള എല്ലാ കടബാധ്യതയും ഇതുവഴി കൊടുത്തുതീര്‍ക്കാനാണ് ജെറ്റ് എയര്‍വെയ്‌സ് ലക്ഷ്യമിടുന്നത്. ഏകദേശം 1,800 കോടി രൂപയുടെ ബാധ്യതയാണ് വിമാനങ്ങള്‍ വാങ്ങിയ വകയില്‍ കമ്പനിക്കുള്ളതെന്ന് ജെറ്റ് എയര്‍വെയ്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.

സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസ പാദത്തിലെ കണക്ക് പ്രകാരം 8,052 കോടി രൂപയുടെ അറ്റ ബാധ്യതയാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. ജൂണ്‍ പാദത്തില്‍ 7,364 കോടി രൂപയായിരുന്നു കമ്പനിയുടെ കടം. വിമാനക്കമ്പനിയുടെ 60 ശതമാനം കടവും ഡോളറില്‍ തീര്‍ക്കേണ്ടതാണ്. കമ്പനി വെബ്‌സൈറ്റില്‍ നിന്നുള്ള കണക്ക് അനുസരിച്ച് മൊത്തം 124 എയര്‍ക്രാഫ്റ്റുകളാണ് ജെറ്റിനുള്ളത്. ഇതില്‍ 16 എണ്ണം കമ്പനിയുടെ ഉടമസ്ഥതയില്‍ തന്നെയുള്ളതും ബാക്കിയുള്ളവ സെയ്ല്‍-ലീസ്ബാക്ക് കരാറില്‍ എടുത്തവയുമാണ്. ഉടമസ്ഥന്‍ തന്നെ വിമാനങ്ങള്‍ വില്‍ക്കുകയും പിന്നീട് അവ പാട്ടത്തിന് തിരിച്ചെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് സെയ്ല്‍ ആന്‍ഡ് ലീസ്ബാക്ക്.

പത്ത് എയര്‍ക്രാഫ്റ്റുകള്‍ കൂടി വില്‍ക്കാനുള്ള സാധ്യതകളും കമ്പനി തേടുന്നുണ്ട്. 2025ഓടെ 75 പഴയ ബോയിംഗ് 737 വിമാനങ്ങള്‍ ഉപേക്ഷിക്കാനാണ് കമ്പനിയുടെ തീരുമാനം. 2020 സാമ്പത്തിക വര്‍ഷം പുതിയ ബോയിംഗ് 737 മാക്‌സ് എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാന്‍ പദ്ധതിയുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു. 2015ല്‍ 75 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിന് കമ്പനി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യം 75 എണ്ണത്തിന് കൂടി കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇനി 75 എണ്ണത്തിന് കൂടി ഓര്‍ഡര്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വിമാന ഇന്ധന വില വര്‍ധിച്ചതും കടബാധ്യതയും കാരണം വലിയ പ്രതിസന്ധിയാണ് ജെറ്റ് എയര്‍വെയ്‌സ് നേരിടുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ 1,297.46 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി കുറിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലാണ് കമ്പനി നഷ്ടം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 49.63 കോടി രൂപയുടെ അറ്റ ലാഭം നേടാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. ആഭ്യന്തര വ്യോമയാന വിപണിയില്‍ 14.2 ശതമാനം വിപണി വിഹിതമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്.

നഷ്ടവും കടവും കാരണം പ്രതിസന്ധിയിലായ കമ്പനിയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് സജീവ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണവുമാണ് ടാറ്റ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നതിനു മുന്നോടിയായി ജെറ്റ് എയര്‍വെയ്‌സിന്റെ എല്ലാ വിവരങ്ങളും അറിയുന്നതിനുള്ള കൃത്യമായ പരിശോധന ടാറ്റ ഗ്രൂപ്പ് ആരംഭിച്ചതായാണ് വിവരം.

Comments

comments

Categories: FK News