ജാവ വീണ്ടും; മൂന്ന് മോഡലുകള്‍ വിപണിയിലെത്തിച്ചു

ജാവ വീണ്ടും; മൂന്ന് മോഡലുകള്‍ വിപണിയിലെത്തിച്ചു

ജാവ, ജാവ 42, ജാവ പേരക് മോഡലുകള്‍ പുറത്തിറക്കി. ഡെല്‍ഹി എക്‌സ് ഷോറൂം വില യഥാക്രമം 1.64 ലക്ഷം, 1.55 ലക്ഷം, 1.89 ലക്ഷം രൂപ

നീണ്ട 22 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചില കളികള്‍ കളിക്കാന്‍ അവന്‍ വീണ്ടും എത്തിയിരിക്കുന്നു. അതേ, ജാവ മോട്ടോര്‍സൈക്കിള്‍സ് എന്ന ഐതിഹാസിക ബ്രാന്‍ഡ് ഇന്ത്യയില്‍ തിരിച്ചെത്തി. തിരിച്ചുവരവുകളുടെ രാജകുമാരന്‍ എന്ന പ്രയോഗം തല്‍ക്കാലം ജാവയ്ക്കായി കടമെടുക്കാവുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ഇരുചക്രവാഹന ബ്രാന്‍ഡുകളിലൊന്ന് തിരിച്ചെത്തിയിരിക്കുന്നു. ഔദ്യോഗികമായി ഇന്ത്യന്‍ ബിസിനസ്സില്‍ തിരിച്ചെത്തി. ഇന്ത്യയില്‍ ജാവ തങ്ങളുടെ അവസാന ഉല്‍പ്പന്നം പുറത്തിറക്കിയത് 22 വര്‍ഷം മുമ്പായിരുന്നു. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണി ഇനി ജാവയുടെ കളികള്‍ കാണാന്‍ പോകുന്നതേയുള്ളൂ.

കാര്യത്തിലേക്ക് വരാം. തിരിച്ചുവരവില്‍ ഇന്ത്യന്‍ വിപണിയില്‍ ജാവ തങ്ങളുടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ജാവ, ജാവ 42, ജാവ പേരക് എന്നീ മൂന്ന് ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിച്ചത്. യഥാക്രമം 1.64 ലക്ഷം, 1.55 ലക്ഷം, 1.89 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജാവ സ്വന്തം ഫാക്റ്ററിയില്‍ നിര്‍മ്മിക്കുന്ന കസ്റ്റം ബോബറാണ് ജാവ പേരക്. എന്നാല്‍ ജാവ പേരക് ഉല്‍പ്പാദനം നടത്തി വിപണിയിലെത്തിക്കുന്നത് പിന്നീട് മാത്രമായിരിക്കും.

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് ജാവ ബ്രാന്‍ഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തിച്ചത്. ജാവയുടെ ഇന്ത്യയിലെ റൈറ്റ്‌സ് ക്ലാസിക് ലെജന്‍ഡ്‌സ് വാങ്ങുകയായിരുന്നു. ക്ലാസിക് ലെജന്‍ഡ്‌സില്‍ 60 ശതമാനമാണ് മഹീന്ദ്രയുടെ ഓഹരി പങ്കാളിത്തം. ഐഡിയല്‍ ജാവ സ്ഥാപകന്‍ റുസ്തം ഇറാനിയുടെ മകന്‍ ബോമന്‍ ഇറാനിയും അനുപം തരേജയും ബാക്കി ഓഹരികള്‍ കയ്യാളുന്നു. മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഐഡിയല്‍ ജാവ (ഇന്ത്യ) ലിമിറ്റഡാണ് ഇന്ത്യയില്‍ ജാവ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കാന്‍ 1960 ല്‍ ലൈസന്‍സ് നേടിയിരുന്നത്.

ആദ്യ ആധുനിക മോട്ടോര്‍സൈക്കിളിന് ജാവ എന്നുതന്നെയാണ് നല്‍കിയിരിക്കുന്ന പേര്. ചെക്ക് റിപ്പബ്ലിക് ബ്രാന്‍ഡായ ജാവയുടെ ഇദംപ്രഥമ മോട്ടോര്‍സൈക്കിളിന്റെ പേര് ജാവ എന്നായിരുന്നു. ആദ്യ മോട്ടോര്‍സൈക്കിളിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയാണ് ഇതിലൂടെ ജാവ ചെയ്തത്. 300 സിസി, റെട്രോ സ്‌റ്റൈല്‍ ക്രൂസറാണ് പുതിയ ജാവ. റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി മോട്ടോര്‍സൈക്കിളുകളാണ് ഉന്നം. ജാവ 42 മോട്ടോര്‍സൈക്കിളും റോയല്‍ എന്‍ഫീല്‍ഡിന് ഭീഷണി ഉയര്‍ത്തും. പുതിയ ജാവ കാണുമ്പോള്‍ 1970-80 കളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിഭരിച്ച പഴയ ജാവകള്‍ ഓര്‍മ്മ വരാം. എന്നാല്‍ ഇപ്പോല്‍ പുതിയ എന്‍ജിനും മെക്കാനിക്കല്‍ പാര്‍ട്‌സുകളും ലഭിച്ചിരിക്കുന്നു.

ഓള്‍-ന്യൂ ഡബിള്‍ ക്രാഡില്‍ ഷാസിയിലാണ് പുതിയ ജാവകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പഴയ ജാവയുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട ബില്‍ഡ്, കൂടുതല്‍ കരുത്ത്, താഴ്ന്ന ഗുരുത്വ കേന്ദ്രം എന്നിവ സവിശേഷതകളാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ്, ഫെന്‍ഡറുകള്‍, ഇന്ധന ടാങ്ക് എന്നിവയെല്ലാം പിരീഡ് കറക്റ്റാണെന്ന് കാണാം. എന്നാല്‍ ചെയിന്‍ ഗാര്‍ഡ്, സീറ്റ് തുടങ്ങിയവ ഓള്‍ഡ് സ്‌കൂളില്‍പ്പെട്ടവയാണ്. 1960 കളില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ആദ്യ ജാവ മോട്ടോര്‍സൈക്കിളായ ജാവ 250 ടൈപ്പ് എ ആണ് പുതിയ ജാവയുടെ രൂപകല്‍പ്പനയ്ക്ക് പ്രചോദനമായത്. പുതിയ, പഴയ ജാവകളുടെ സ്റ്റാന്‍സ്, സ്‌റ്റൈലിംഗ് എന്നിവ തമ്മില്‍ നല്ല സാദൃശ്യം തോന്നും.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ ഇതൊരു ആധുനിക മോട്ടോര്‍സൈക്കിളാണ്. ഓള്‍-ന്യൂ 293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹൃദയം. 27 ബിഎച്ച്പി കരുത്തും 28 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് എന്‍ജിന്‍.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നത്. ജാവ, ജാവ 42 മോട്ടോര്‍സൈക്കിളുകളുടെ. മുന്‍ ചക്രത്തില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ 153 എംഎം ഡ്രം ബ്രേക്കും കാണാം. സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്. 18 ഇഞ്ച് മുന്‍ ചക്രത്തിലും 17 ഇഞ്ച് പിന്‍ ചക്രത്തിലുമായി സ്‌പോക്ക്ഡ് വീലുകളിലാണ് ജാവ വരുന്നത്. സീറ്റ് ഉയരം 765 മില്ലി മീറ്റര്‍. ഈ വിഭാഗത്തിലെ ഏറ്റവും താഴ്ന്ന സീറ്റുകളിലൊന്ന്. 1,369 മില്ലി മീറ്ററാണ് വീല്‍ബേസ്. ഇന്ധന ടാങ്കിന്റെ ശേഷി 14 ലിറ്റര്‍. 170 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്.

ബ്ലാക്ക്, ഗ്രേ, മറൂണ്‍ എന്നിവയാണ് ജാവയുടെ കളര്‍ ഓപ്ഷനുകള്‍. എന്നാല്‍ മാറ്റ്, മെറ്റാലിക് ഉള്‍പ്പെടെ ഹാലി ടീല്‍, ഗലാക്റ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ലുമോസ് ലൈം, നെബുല ബ്ലൂ, കോമറ്റ് റെഡ് എന്നീ ആറ് നിറങ്ങളില്‍ ജാവ 42 ലഭിക്കും.

ജാവ, ജാവ 42 മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണ് ജാവ പേരകില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ബോറിന് വലുപ്പം കൂടും. 332 സിസിയാണ് ഡിസ്‌പ്ലേസ്‌മെന്റ്. 30 ബിഎച്ച്പി കരുത്തും 31 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ജാവ പേരക് ബോബറിന്റെ ഫ്രെയിം വ്യത്യസ്തമാണ്. റിയര്‍ ഡിസ്‌ക് ബ്രേക്ക്, റിയര്‍ മോണോഷോക്ക് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഇന്ത്യയിലാകമാനം 105 ഡീലര്‍ഷിപ്പുകളാണ് ജാവ ആരംഭിക്കുന്നത്. ജാവ, ജാവ 42 ബൈക്കുകളുടെ ബുക്കിംഗ് ജാവ വെബ്‌സൈറ്റില്‍ ആരംഭിച്ചു. 2019 തുടക്കത്തില്‍ വിതരണം ആരംഭിക്കും. മധ്യപ്രദേശിലെ പീഥംപുര്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം.

Comments

comments

Categories: Auto
Tags: Jawa