ഇന്ത്യയുടെ ഐടി ചെലവിടല്‍ 6.7% വര്‍ധിക്കുമെന്ന് ഗാര്‍ട്ണര്‍

ഇന്ത്യയുടെ ഐടി ചെലവിടല്‍ 6.7% വര്‍ധിക്കുമെന്ന് ഗാര്‍ട്ണര്‍

ഡിവൈസുകള്‍ക്കായുള്ള ചെലവിടലില്‍ 7.4 ശതമാനം വാര്‍ഷിക വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്

ബെംഗളൂരു: ഐടി വിഭാഗത്തിലുള്ള ഇന്ത്യയുടെ ചെലവിടല്‍ അടുത്ത വര്‍ഷം 6.7 ശതമാനം വര്‍ധിച്ച് 89.2 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഐടി ഗവേഷണ സ്ഥാപനമായ ഗാര്‍ട്ണര്‍. നടപ്പു വര്‍ഷം ഇന്ത്യ 83.6 ബില്യണ്‍ ഡോളറിന്റെ ഐടി ചെലവിടല്‍ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാര്‍ട്ണര്‍ പറയുന്നു.

പൊതു-സ്വകാര്യ മേഖലകളിലുള്ള സംരംഭങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തന നടപടികള്‍ തുടരുന്നതാണ് രാജ്യത്തിന്റെ ഐടി ചെലവിടല്‍ ഉയരുന്നതിനുള്ള പ്രധാന കാരമായി ഗാര്‍ട്ണര്‍ പറയുന്നത്. ബിസിനസ് മോഡലിലെ മാറ്റത്തിന് പൊതു-സ്വകാര്യ മേഖലകള്‍ സജ്ജമാകുമെന്നും പുതിയ പ്രവര്‍ത്തനരീതികള്‍ ഉപയോഗപ്പെടുത്തുകയും പുതിയ ശേഷികള്‍ വികസിപ്പിക്കുകയും ചെയ്യുമെന്നും ഗാര്‍ട്ണര്‍ ചൂണ്ടിക്കാട്ടി.

പിസി, ടാബ്‌ലെറ്റുകള്‍, മൊബീല്‍ ഫോണുകള്‍ തുടങ്ങിയ ഡിവൈസുകള്‍ക്കായി ഇന്ത്യ അടുത്ത വര്‍ഷം 33 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നാണ് കരുതുന്നതെന്ന് ഗാര്‍ട്ണര്‍ മാനേജിംഗ് വൈസ് പ്രസിഡന്റ് ഗണേഷ് രാമമൂര്‍ത്തി പറഞ്ഞു. ഡിവൈസുകള്‍ക്കായുള്ള ചെലവിടലില്‍ 7.4 ശതമാനം വാര്‍ഷിക വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിവൈസ് വിഭാഗത്തിലെ ചെലവിടലില്‍ മൊബീല്‍ ഫോണുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. നിലാവരമുള്ള മൊബീല്‍ ഫോണുകളുടെ ആവശ്യകത വര്‍ധിച്ചുവരികയാണ്. രാജ്യത്ത് മൊബീല്‍ ഫോണുകളുടെ ശരാശരി വില്‍പ്പന വില ഉയരുന്നുണ്ടെന്നും ഗണേഷ് രാമമൂര്‍ത്തി പറഞ്ഞു.

2019ല്‍ ഐടി സേവനങ്ങള്‍ക്കായുള്ള ചെലവിടലില്‍ 13.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഗാര്‍ട്ണര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഏറ്റവും ഉയര്‍ന്ന ചെലവിടല്‍ പ്രതീക്ഷിക്കുന്നതും ഐടി സേവന വിഭാഗത്തിലാണ്. ബിപിഒ, കണ്‍സള്‍ട്ടിംഗ് വിഭാഗത്തിലുള്ള ചെലവിടല്‍ ആയിരിക്കും ഈ വര്‍ധനയില്‍ നിര്‍ണായക പങ്ക് വഹിക്കുകയെന്നും ഗാര്‍ട്ണര്‍ പറയുന്നു. ബിപിഒ വിഭാഗത്തില്‍ 1.7 ബില്യണ്‍ ഡോളറും കണ്‍സള്‍ട്ടിംഗ് വിഭാഗത്തില്‍ നാല് ബില്യണ്‍ ഡോളറും രാജ്യം ചെലവഴിക്കുമെന്നാണ് ഗാര്‍ട്ണറിന്റെ കണക്കുകൂട്ടല്‍. എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ വിഭാഗത്തിലെ ചെലവിടല്‍ 12.9 ശതമാനം വര്‍ധിച്ച് 6.3 ബില്യണ്‍ ഡോളറിലെത്തിയേക്കുമെന്ന് ഗാര്‍ട്ണര്‍ റിസര്‍ച്ച് വിഭാഗം വൈസ് പ്രസിഡന്റ് ജോണ്‍ ലൗവ്‌ലോക് പറഞ്ഞു.

Comments

comments

Categories: FK News, Slider
Tags: IT expenses