ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ തിരിച്ചുവരുന്നെങ്കിലും എണ്ണയില്‍ വഴുതാന്‍ സാധ്യത

ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ തിരിച്ചുവരുന്നെങ്കിലും എണ്ണയില്‍ വഴുതാന്‍ സാധ്യത
  • എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന തലത്തില്‍ നിന്ന് മാറാനുള്ള ശ്രമങ്ങള്‍ അറബ് രാജ്യങ്ങള്‍ ഊര്‍ജിതമാക്കണം
  • പരിഷ്‌കരണ നയങ്ങളില്‍ നിന്നും പുറകോട്ട് പോകരുത്
  • ആറ് അംഗങ്ങളുള്ള ജിസിസിമേഖലയുടെ വളര്‍ച്ച 2.4 ശതമാനത്തില്‍ എത്തിയേക്കും

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതീക്ഷയും ആശങ്കയും നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തിറക്കി അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്). എണ്ണ വില ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ചയുടെ ട്രാക്കിലേക്ക് തിരിച്ചുകയറുമെന്നും എന്നാല്‍ എണ്ണ വിപണിയുടെ ചാഞ്ചാട്ടം ഇപ്പോഴും ഭീഷണി ഉയര്‍ത്തുന്നുവെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറുന്നു. സാമ്പത്തിക വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ അറബ് രാജ്യങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അതില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകരുതെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എണ്ണയെ മാത്രം ആശ്രയിക്കുന്ന തരത്തില്‍ സമ്പദ് വ്യവസ്ഥ തുടര്‍ന്നാല്‍ ഗുരുതരമായ സ്ഥിതിവിശേഷണായിരിക്കും കാത്തിരിക്കുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.

ആറ് അംഗങ്ങളുള്ള ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങളുടെ വളര്‍ച്ച ഈ വര്‍ഷം 2.4 ശതമാനത്തിലെത്തും. 2019ല്‍ ഇത് മൂന്ന് ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു. 2017ല്‍ .4 ശതമാനമായി വളര്‍ച്ച ചുരുങ്ങിയിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എണ്ണ വിലയിലുണ്ടായത് ഏകദേശം 60 ശതമാനത്തിന്റെ വര്‍ധനയാണ്. ജിസിസി സമ്പദ് വ്യവസ്ഥകളെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് എണ്ണ വിപണിയുടെ തിരിച്ചുകയറ്റമാണ്. 2014ല്‍ എണ്ണ വിപണി തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ മിക്ക അറബ് രാജ്യങ്ങളും പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യുഎഇയിലും സൗദി അറേബ്യയിലുമെല്ലാം വാറ്റ് ഉള്‍പ്പടെയുള്ള നികുതി സംവിധാനങ്ങള്‍ കൊണ്ടുവന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ക്ക് സുസ്ഥിരത കൈവരിക്കാന്‍ നല്ലത് അധികം എണ്ണയെ ആശ്രയിക്കാതിരിക്കുന്ന മാതൃക അവലംബിക്കുന്നത് ആകുമെന്നാണ് ഐഎംഎഫ് ഉള്‍പ്പടെയുള്ള ആഗോള സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നത്. ന

2014ല്‍ എണ്ണ വിപണിയിലുണ്ടായ വമ്പന്‍ ഇടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ വരുമാനവും കൂപ്പുകുത്തി. എണ്ണ, വാതക മേഖലകളില്‍ നിന്നുള്ള അറ്റ വരുമാനത്തിലാണ് വമ്പന്‍ ഇടിവ് സംഭവിച്ചത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ എണ്ണവിലയില്‍ അത്ര വലിയ വര്‍ധനയൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 2018നും 2040നും ഇടയില്‍ എണ്ണ വില ഏകദേശം 60-70 ഡോളര്‍ റേഞ്ചില്‍ സ്ഥിരത കൈവരിക്കും. എന്നാല്‍ ഈ വിലനിലവാരത്തില്‍ നിന്നുകൊണ്ട് പഴയ സുവര്‍ണകാലത്തെ വരുമാനനേട്ടത്തിലേക്ക് തിരിച്ചുപോകാന്‍ അറബ് രാജ്യങ്ങള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് സാമ്പത്തിക വൈവിധ്യവല്‍ക്കരണം മാത്രമാണ് മുന്നിലുള്ള വഴി.

ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും എണ്ണ ആശ്രയത്വവും കുറയ്ക്കുന്നതിന് ജിസിസി രാജ്യങ്ങള്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരണം-ഐഎംഎഫ് റീജണല്‍ ഡയറക്റ്റര്‍ ജിഹാദ് അസൗര്‍ പറഞ്ഞു. എണ്ണ വിപണിയില്‍ അടുത്തിടെയായി ഉണ്ടാകുന്ന ചാഞ്ചാട്ടം സാമ്പത്തിക പരിഷ്‌കരണങ്ങളുടെ അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നതെന്നുംഅദ്ദേഹം.

സെപ്റ്റംബറില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളര്‍ വരെയെത്തിയ സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധ ഭീഷണിയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു വന്‍വിലക്കയറ്റം. എന്നാല്‍ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി നടത്തുന്ന ചില രാജ്യങ്ങള്‍ക്ക് ഉപരോധത്തില്‍ നിന്ന് ചില ഇളവുകള്‍ നല്‍കിയതോടെ എണ്ണവില ഇടിഞ്ഞു.

സൗദിക്കും പ്രതീക്ഷ

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയും വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദി ഈ വര്‍ഷം 2.2 ശതമാനം വളരുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. അടുത്ത വര്‍ഷം 2.4 ശതമാനത്തിലേക്കും സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കും. എണ്ണ വിപണിയുടെ തകര്‍ച്ചയും മറ്റും കാരണം 2017ല്‍ സൗദിയുടെ സാമ്പത്തിക വളര്‍ച്ച .9 ശതമാനമായി കുറഞ്ഞിരുന്നു.

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് നടന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം സൗദിയുടെ സമ്പദ് വ്യവസ്ഥയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുമോയെന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം. ഖഷോഗ്ഗിയുടെ കൊലപാതകം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപകരുടെ ഒഴുക്കിനെ ബാധിക്കുമെന്ന വിലയിരുത്തലുകള്‍ നേരത്തെ വന്നിരുന്നു.

ചെലവിടലിന്റെ കാര്യത്തില്‍ നിയന്ത്രണം തുടരണമെന്നും വരുമാനം വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്നും സബ്‌സിഡികള്‍ കുറയ്ക്കണമെന്നുമെല്ലാമുള്ള നിര്‍ദേശങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ അറബ് രാജ്യങ്ങള്‍ക്ക് മുന്നില്‍വെക്കുന്നത്.

ചെറുകിട സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കണം

സാമ്പത്തിക വൈവിധ്യവല്‍ക്കരണ പ്രക്രിയയ്ക്ക് സ്ഥിരത കൈവരണമെങ്കില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും ഐഎംഎഫ് നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസം പോലുള്ളമ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം വേണം. പൊതു അടിസ്ഥാനസൗകര്യമേഖലകളിലുള്ള ചെലവിടല്‍ കൂട്ടം. സ്വകാര്യവല്‍ക്കരണ പദ്ധതികളും പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികളും വ്യാപകമാക്കേണ്ടതുണ്ടെന്നും വളര്‍ച്ചയില്‍ അത് നിര്‍ണായക പങ്കുവഹിക്കുമെന്നും ജിഹാദ് അസൗര്‍ വ്യക്തമാക്കി.

വരുമാനത്തിന് പ്രധാനമായും എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്ന രാജ്യങ്ങള്‍, അവരുടെ സമ്പദ് വ്യവസ്ഥകളെ നിര്‍ബന്ധമായും വൈവിധ്യവല്‍ക്കരിക്കണമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ)യുടെ അടുത്തിടെ തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പെട്രോരാജ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ പ്രതിസന്ധി വരച്ചിടുന്നതായിരുന്നു ഐഇഎ റിപ്പോര്‍ട്ട്. എണ്ണ വിപിണിയിലെ വിലയിടിവും വിലവര്‍ധനയും സ്ഥിരമായി സംഭവിക്കുന്ന പ്രക്രിയ ആണെങ്കിലും ഇനിയുള്ള കാലത്തേക്ക് അത്തരത്തിലുള്ളൊരു രീതി പ്രതീക്ഷിക്കേണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് എണ്ണ വിപണിയെ ആശ്രയിച്ച് വലിയ വരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷ വേണ്ടെന്ന് സാരം.

യുഎസ് ഷേല്‍ ഉല്‍പ്പാദനം കൂട്ടുന്നതും പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകള്‍ വ്യാപകമാകുന്നതുമാണ് എണ്ണ അധിഷ്ഠിത സാമ്പത്തിക മേഖലകള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്.

പരിഷ്‌കരണങ്ങള്‍ നേരായ ദിശയില്‍

സൗദി അറേബ്യയിലും യുഎഇയിലും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ശരിയായ ദിശയിലാണ് നടക്കുന്നത്. വനിതകള്‍ക്ക് തൊഴിലിടങ്ങളിലുള്ള പ്രാധാന്യം കൂട്ടാനുള്ള ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. ഈ വര്‍ഷം 2.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ യുഎഇക്ക് സാധിക്കും. അടുത്ത വര്‍ഷം 3.7 ശതമാനമെന്ന മികച്ച നിരക്കിലേക്ക് യുഎഇ കുതിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പോയ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചാനിരക്കാണ് യുഎഇയുടേത്.

കഴിഞ്ഞ വര്‍ഷം .5 ശതമാനമായി ചുരുങ്ങിയ അബുദാബി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 2.7 ശതമാനമായും അടുത്ത വര്‍ഷം 3.4 ശതമാനമായും ഉയരും. ദുബായ് എമിറേറ്റാണ് വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ മികച്ച കുതിപ്പ് നേടുക. കഴിഞ്ഞ വര്‍ഷം 2.8 ശതമാനം വളര്‍ച്ച കൈവരിച്ച ദുബായ് ഈ വര്‍ഷം 3.3 ശതമാനവും അടുത്ത വര്‍ഷം 4 ശതമാനവും വളര്‍ച്ചയിലേക്ക് എത്തും.

പ്രതീക്ഷയേകുന്ന വളര്‍ച്ചാ നിരക്കുകള്‍

ദുബായ്
ഈ വര്‍ഷം 3.3 ശതമാനം
അടുത്ത വര്‍ഷം 4 ശതമാനം

അബുദാബി
ഈ വര്‍ഷം 2.7 ശതമാനം
അടുത്ത വര്‍ഷം 3.4 ശതമാനം

യുഎഇ
ഈ വര്‍ഷം 2.9 ശതമാനം
അടുത്ത വര്‍ഷം 3.7 ശതമാനം

സൗദി അറേബ്യ
ഈ വര്‍ഷം 2.2 ശതമാനം
അടുത്ത വര്‍ഷം 2.4 ശതമാനം

‘വനിതകളുടെ ഡ്രൈവിംഗ് വളര്‍ച്ചയില്‍ നിഴലിക്കും’

സൗദി അറേബ്യ സംബന്ധിച്ചിടത്തോളം മികച്ച സാധ്യതകളാണ് മുന്നിലുള്ളതെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് അടിവരയിടുന്നു. എന്നാല്‍ പരിഷ്‌കരണങ്ങള്‍ അടുത്ത തലത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സൗദിയുടെ ഭാഗത്തുനിന്നുണ്ടാകണം. ചില മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കി നിക്ഷേപങ്ങള്‍ നടത്തണം-ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക പരിഷ്‌കരണ പ്രക്രിയ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ തൊഴില്‍ സാധ്യതകള്‍ കുറച്ചുകൂടി കൂട്ടേണ്ടതുണ്ട്. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് നീക്കിയത് വളര്‍ച്ചയെ പോസിറ്റീവായി ബാധിക്കും. കുറച്ചുകൂടി പുരോഗനാത്മകമായ നിലപാടുകള്‍ വേണം. പ്രത്യേകിച്ചു വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍-ഐഎംഎഫ് റീജണല്‍ ഡയറക്റ്റര്‍ ജിഹാദ് അസൗര്‍ പറഞ്ഞു.

വിദേശനിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് സ്വകാര്യവല്‍ക്കരണ പ്രക്രിയ സൗദി ത്വരിതപ്പെടുത്തുകയാണ് വേണ്ടതെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

Comments

comments

Categories: Arabia
Tags: fuel, gulf