സര്‍ക്കാരുകള്‍ക്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സികളാകാം: ഐഎംഎഫ്

സര്‍ക്കാരുകള്‍ക്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സികളാകാം: ഐഎംഎഫ്

ക്രിപ്‌റ്റോകറന്‍സിയുടെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ സുരക്ഷിതവും ചെലവുകുറഞ്ഞതുമാണെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ്

വെര്‍ച്വല്‍ കറന്‍സികളുടെ ആഗമനത്തോടെ സാമ്പത്തികവിനിമയങ്ങള്‍ കൂടുതല്‍ അയവുള്ളതാകുകയും ഒട്ടേറെ ബിസിനസുകള്‍ അവയിലേക്ക് ആകര്‍ഷിക്കപ്പെടുകയുമുണ്ടായി. പേപ്പര്‍ കറന്‍സികളെപ്പോലെയുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ ഇതൊരു കുത്തഴിഞ്ഞ സംവിധാനമാകുകയും മോശം പ്രവണതകളിലേക്കു നയിക്കപ്പെടുകയും ചെയ്തു. ഹാക്കര്‍മാരും കള്ളപ്പണക്കാരും ക്രിപ്‌റ്റോ കറന്‍സിസംവിധാനം ദുരുപയോഗപ്പെടുത്താന്‍ തുടങ്ങി. ഈ വെര്‍ച്വല്‍കറന്‍സികള്‍ അതിവേഗം നേടിയ പ്രചാരം കുറഞ്ഞസമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, ലഹരിവ്യാപാരം, ഭീകരവാദം തുടങ്ങിയവയ്ക്ക് വളരെയേറെ സഹായകമായി മാറി. കേന്ദ്രബാങ്കുകള്‍ ഈ സംവിധാനത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ കള്ളപ്പണക്കാരുടെയും സാമ്പത്തിക തട്ടിപ്പുകാരുടെയും താവളമായി ക്രിപ്‌റ്റോകറന്‍സി സംവിധാനം മാറാതിരിക്കാന്‍ രാജ്യങ്ങളും കേന്ദ്രബാങ്കുകളും നയം മാറ്റത്തിനു തയാറാകണമെന്നാണ് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

സമ്പദ്‌രംഗത്തിന് അവമതിപ്പുണ്ടാക്കുന്ന വഞ്ചനക്കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിന് സര്‍ക്കാരുകള്‍ സ്വന്തം ക്രിപ്‌റ്റോകറന്‍സികള്‍ ഇറക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്ന് ലഗാര്‍ഡ് പറഞ്ഞു. അവഗണിക്കാന്‍ കഴിയാത്ത, അതിവേഗം വളരുന്ന ഫിന്‍ടെക് വ്യവസായമായി ക്രിപ്‌റ്റോകറന്‍സി മാറി. കൂണുകള്‍ പോലെ ഉയരുന്ന സ്വകാര്യ സാമ്പത്തിക വിനിമയ ശൃംഖലകളുടെ ഒഴുക്ക് വ്യാപാരശൃംഖലകളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ പണത്തിന്റെ സ്വാധീനം വലുതാണ്. ഇതിനുള്ള സൗകര്യം ഉടന്‍തന്നെ ചെയ്തു കൊടുക്കാന്‍ കേന്ദ്രബാങ്കുകള്‍ ബാധ്യസ്ഥരാണെന്ന് ലഗാര്‍ഡ് വ്യക്തമാക്കുന്നു. അല്ലാത്തപക്ഷം അസ്ഥിരമായ വാണിജ്യ ശൃംഖലകളില്‍ അപകടസാധ്യത നിലനില്‍ക്കുമെന്ന് അവര്‍ മുന്നറിയിപ്പു തരുന്നു. കേന്ദ്രബാങ്കുകള്‍ നിയന്ത്രിക്കുന്ന ഒരു ക്രിപ്‌റ്റോകറന്‍സി സംവിധാനത്തിന്, സ്വകാര്യ നിയന്ത്രണമുള്ള ഡിജിറ്റല്‍ കറന്‍സിയുടെ അപകടസാധ്യതകള്‍ ഇല്ലാതെ തന്നെ വികസ്വര രാജ്യങ്ങളിലെ ജനതയുടെയും പാശ്ചാത്യ സമൂഹങ്ങളിലെ ദരിദ്രജനങ്ങളുടെയും സാമ്പത്തിക സേവനങ്ങളുടെയും അടിത്തറയാകാനാകും.

ഐഎംഎഫിന്റെ നിര്‍ദേശത്തോട് വിവിധ ഡിജിറ്റല്‍ കറന്‍സി നിര്‍മാതാക്കള്‍ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. തങ്ങളുടെ സാങ്കേതികവിദ്യയുടെ പ്രധാന ആകര്‍ഷണം അത് മുഖ്യധാരാ ബാങ്കിംഗ് സമ്പ്രദായത്തിനു പുറത്താണെന്ന കാര്യമാണെന്ന വസ്തുത മനസിലാക്കിക്കൊണ്ടാണിത്. രാജ്യങ്ങളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയമെന്ന ആശയമാണ് ബിറ്റ് കോയിന്‍ രൂപീകരിക്കാന്‍ കാരണം. ബിറ്റ്‌കോയിനിന്റെ സ്വതന്ത്ര സ്വഭാവമാണ് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വിശാല രാഷ്ട്രീയ താല്‍പര്യത്തിന്റെ പുറത്താണ് പലരും ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. അനിശ്ചിതത്വം നിറഞ്ഞ ലോകത്ത് ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം സര്‍ക്കാരുകള്‍ പരിമിതപ്പെടുത്തുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഒരു രാജ്യത്തിനും ഇത് നിയന്ത്രിക്കാനാകില്ല. ഇതുപയോഗിച്ചുള്ള വ്യാപാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കാമെന്നു മാത്രം. കേന്ദ്രബാങ്കിന്റെ ഇടപെടലുകള്‍ കനത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അത് ഇടപാടുകളെ മന്ദഗതിയിലാക്കുകയും ചെലവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.

എന്തൊക്കെയായാലും നിര്‍മാതാക്കള്‍ ഐഎംഎഫിന്റെ ആഹ്വാനത്തെ ഒരു അംഗീകാരമായാണ് എടുക്കുന്നത്. കേന്ദ്രബാങ്കുകളുടെ ഇടപെടല്‍ ഉണ്ടാകുന്നതോടെ വെര്‍ച്വല്‍ കറന്‍സി സംവിധാനത്തിന് ഒരു പ്രാമാണികത ഉറപ്പാക്കാനായെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ ഐഎംഎഫ് നിര്‍ദേശത്തെ പൊതുവേ അവര്‍ സ്വാഗതം ചെയ്യുന്നു. ഡിജിറ്റല്‍ കറന്‍സിരംഗത്തെ പുരോഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ബ്രിട്ടണിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഇതിനകം തന്നെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബാങ്കിംഗ്് ഇടപാടുകളിലും സാദാ കറന്‍സികള്‍ക്കു നാണയങ്ങള്‍ക്കു പകരം ഡിജിറ്റല്‍ കറന്‍സി വിനിയോഗത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകളുടെ നടത്തിപ്പ് കേന്ദ്രബാങ്കുകള്‍ക്ക് ഏറ്റെടുക്കാമെന്ന് ലഗാര്‍ഡ് പറയുന്നു. അതേസമയം, സ്വകാര്യ സേവനദാതാക്കള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നൂതന സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.ഉപയോക്താക്കളുടെ പണമടയ്ക്കല്‍ വേഗത്തിലും സുരക്ഷിതമായും ചെലവുകുറച്ചും നടക്കുമെന്നതാണ് ഇതിന്റെ പ്രയോജനം. കൂടാതെ ഇത് തീര്‍ത്തും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതുമായിരിക്കും.

കേന്ദ്രബാങ്കുകള്‍ നിശ്ചിത കാലപരിധിക്കുള്ളില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകും. ഇതിനൊപ്പം തന്നെ മത്സരാധിഷ്ഠിതമാകുന്നതോടെ വെര്‍ച്വല്‍ കറന്‍സി, സമ്പദ്‌രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ഇന്നൊവേഷന് ഒരു വേദിയാകുകയും ചെയ്യും. ഇതിനിടയില്‍, നിങ്ങളുടെ ബാങ്കിനും സഹ സംരംഭകര്‍ക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള അവസരവും കൈവരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കേന്ദ്രബാങ്കുകള്‍ താരതമ്യേന അവരുടെ നേട്ടത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ സാമ്പത്തികസ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉചിതമായ നടപടി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഡിജിറ്റല്‍ കറന്‍സി ഇടപാട് നല്‍കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഒരു ഉദാത്തമാതൃകയാണിത്.

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. ബിറ്റ് കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സിയിടപാടുകള്‍ക്കായി ഒരു ഡിജിറ്റല്‍ എക്കൗണ്ട് നിലനിര്‍ത്താന്‍ അത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കളുടെ സ്വത്വം വെളിപ്പെടുത്താതെ തന്നെ ഇടപാടുകള്‍ നടത്താന്‍ ഈ എക്കൗണ്ടോ ഡിജിറ്റല്‍ വോലറ്റോ ഉപയോഗിക്കാനാകും. മുഖ്യധാരാ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതും വേഗമേറിയതുമാണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് ബിസിനസുകളില്‍ കോടിക്കണക്കിന് പണമാണ് നിക്ഷേപിക്കപ്പെടുന്നത്. എന്നാല്‍ ബിറ്റ്‌കോയിനും എഥേറിയവും പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്ക് സമീപകാലത്തുണ്ടായ വലിയ ചാഞ്ചാട്ടം അവയിലെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തിയിട്ടുണ്ട്. ബിറ്റ്‌കോയിന്‍ വ്യാപാരത്തില്‍ ഈയിടെ സംഭവിച്ച വലിയ കൃത്രിമങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കി.

മൂല്യത്തിലെ ചാഞ്ചാട്ടത്തിന്റെ കാര്യമെടുത്താല്‍ ബിറ്റ്‌കോയിനിനെ ആശ്രയിക്കാനാകില്ലെങ്കിലും അതിന്റെ അടുത്ത കാലത്തെ മൂല്യവര്‍ധന അഭൂതപൂര്‍വ്വമായ നിരക്കിലാണ്. 2013 അവസാനം 100 ഡോളറില്‍ നിന്ന് 1000 ഡോളറായാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നത്. ഇതിനേക്കാള്‍ നാലിരട്ടിയാണ് ഇന്നത്തെ മൂല്യം.എന്നാല്‍ ബിറ്റ്‌കോയിന്‍ നിക്ഷേപം വന്‍ അപകടസാധ്യതയുള്ളതാണ്. ബിറ്റ്‌കോയിനു മാത്രമല്ല ഇതര ക്രിപ്‌റ്റോ കറന്‍സികളായ ഇഥേറിയം, ലൈറ്റ്‌കോയിന്‍, ഡാഷ് എന്നിവയ്‌ക്കെല്ലാമുണ്ട് ഈ അപകടസാധ്യത. ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം കുതിച്ചുയരുന്നതിന് അടിസ്ഥാനമായ എന്തെങ്കിലുമുണ്ടോ, അല്ലെങ്കില്‍ വിപണിയിലെ താല്‍ക്കാലിക പ്രവണതകള്‍ക്കനുസരിച്ചു മാത്രമുള്ള പ്രതിഭാസമാണോ അവയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത് എന്ന ചോദ്യങ്ങളുയരുന്നു. മൂല്യം ഉയരുംതോറും നിക്ഷേപകര്‍ ക്രിപ്‌റ്റോകറന്‍സി വാങ്ങിക്കൂട്ടുന്നു.

ഐഎംഎഫിന്റെ ആഹ്വാനമനുസരിച്ച് നിരവധി രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി രംഗത്തേക്കിറങ്ങിക്കഴിഞ്ഞു. സ്വീഡിഷ് കേന്ദ്രബാങ്ക് പരീക്ഷണാടിസ്ഥാനത്തില്‍ വെര്‍ച്വല്‍ കറന്‍സി ഖനനത്തിനു തുടക്കമിട്ടപ്പോള്‍, കാനഡ, ചൈന, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളും ഈ രംഗത്തേക്കു പ്രവേശിച്ചിട്ടുണ്ട്. എക്കൗണ്ട്‌ചോര്‍ത്തല്‍ ഭീഷണി ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ ഷോപ്പിംഗിന് ജാഗ്രതയോടെയാണ് ക്രെഡിറ്റ് കാര്‍ഡുകളും മറ്റും ഉപയോഗിക്കുന്നത്. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനിടെ കാരണം ട്രാന്‍സാക്ഷന്‍ ഡേറ്റ അടിസ്ഥാനമാക്കിയുള്ള ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളടക്കമുള്ളവര്‍ക്ക് കഴിയുന്നു. ഡിജിറ്റല്‍ കറന്‍സികള്‍ നിയമാനുസൃതമാക്കുന്നതിന് മുന്‍ഗണന നല്‍കുമ്പോള്‍ ഉപയോക്താക്കളുടെ പണം തട്ടിയെടുക്കുന്നതു തടയാനും ക്രിമിനല്‍ സംഘങ്ങള്‍ ഇത് ദുരുപയോഗം ചെയ്യുന്നതിന് അറുതി വരുത്താനും കേന്ദ്ര ബാങ്കുകള്‍ നോട്ടപ്പിശകു വരുത്തരുതെന്നും ലഗാര്‍ഡ് ആവശ്യപ്പെടുന്നു. ഇന്നത്തെ ഉപയോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സുരക്ഷിതമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ കേന്ദ്രബാങ്കുകള്‍ക്കു മാത്രമേ കഴിയൂവെന്നാണ് ഐഎംഎഫിന്റെ ഗവേഷണങ്ങള്‍ കാണിക്കുന്നത്.

ലോകമെമ്പാടും ഡിജിറ്റലീകരണത്തിന്റെ പുതിയ കാറ്റ് ആഞ്ഞടിക്കുകയാണ്. ഈ പുതിയ ലോകത്തില്‍ എപ്പോള്‍ വേണമെങ്കിലും എവിടെവെച്ചും നമുക്ക് കൂടിക്കാഴ്ച നടത്താം. സ്മാര്‍ട്ട്‌ഫോണുകളിലൂടെ എവിടെ നിന്നു കൊണ്ടും ഇടപാട് നടത്താനാകും. വിവരങ്ങളും സേവനങ്ങളും ഇമോജികളും തല്‍ക്ഷണത്തില്‍ ഒരു സംഘത്തിനോ വ്യക്തിക്കോ കൈമാറാവുന്ന സാങ്കേതികവിപ്ലവത്തിന്റെ കാലമാണിത്. സ്വകാര്യതയുടെയും സൈബര്‍ സുരക്ഷയുടെയും ആശങ്കകള്‍ക്കിടയിലും, വിവരസാങ്കേതികവിദ്യ ഒരു സ്വര്‍ണഖനിയായി മാറിയിട്ടുണ്ട്. കൈയില്‍ ഫോണുമായി നടക്കുന്ന നൂറ്റാണ്ടിന്റെ ശിശുക്കള്‍ സമ്പദ് വ്യവസ്ഥയെ പരുവപ്പെടുത്തുന്നു. ഇവിടെ പണം തന്നെ മാറ്റത്തിനു വിധേയമാകുന്നു. കാഴ്ചയില്‍ വലിയ ഗൗരവം തോന്നില്ലെങ്കിലും ഇതാണു കൂടുതല്‍ സൗകര്യപ്രദവും എളുപ്പവും. സമൂഹമാധ്യമങ്ങളുമായി ഡിജിറ്റല്‍ കറന്‍സികളെ എളുപ്പം ബന്ധിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ. ഓണ്‍ലൈനിലും വ്യക്തിഗതമായും കൈകാര്യം ചെയ്യാന്‍ എളുപ്പമായ മൈക്രോപെയ്‌മെന്റുകളാണിവ. ഇവയെ ചെലവു കുറഞ്ഞതും സുരക്ഷിതവുമാക്കി മാറ്റാമെന്ന പ്രതീക്ഷയും ആത്മവിശ്വാസം പകരുന്നതാണ്.

ഇടനിലക്കാരോ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയമെന്ന ആശയമാണ് ബിറ്റ് കോയിന്‍ രൂപീകരിക്കാന്‍ കാരണം. ആഗോള സാമ്പത്തിക മാന്ദ്യവും ബാങ്കിംഗ് തകര്‍ച്ചയുമാണ് ഈ ആശയത്തിലേക്കുള്ള പ്രേരണ. കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയ ഒരു പ്രോഗ്രാമാണിത്. 2008-ല്‍ സതോഷി നകമോട്ടോയാണ് ബിറ്റ് കോയിന്‍ അവതരിപ്പിച്ചത്. ആഗോള സാഹചര്യങ്ങള്‍ക്കനുസരിച്ച് അടിക്കടി മാറിയേക്കാവുന്ന സാദാ കറന്‍സികളുടെ മൂല്യശോഷണത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗമായി ക്രിപ്‌റ്റോ കറന്‍സികളെ സ്വീകരിക്കാന്‍ കോര്‍പ്പറേറ്റ്, ബിസിനസ് ലോകത്തിലെ പ്രധാനികളടക്കം ഇന്ന് വലിയൊരു വിഭാഗം തയാറായിരിക്കുന്നു. ബിറ്റ്‌കോയിന്‍ ഖനനത്തിന് വേണ്ടത് ബിറ്റ്‌കോയിന്‍ സഞ്ചി, മൈനിംഗ് റിഗ്, ഖനനക്കാരുടെ ഏകോപനം, ഖനന സോഫ്റ്റ്‌വെയര്‍ എന്നിവയാണ്. ബിറ്റ്‌കോയിന്‍ ഇടപാട് പൊതു കണക്കു പുസ്തകത്തില്‍ ചേര്‍ക്കുന്ന പ്രക്രിയയാണ് ഖനനം. ബ്ലോക്ക്‌ചെയിന്‍ എന്ന സംവിധാനമാണ് പാസ്ബുക്കായി കണക്കാക്കുന്നത്. ബിറ്റ്‌കോയിന്‍ ശൃംഖല ഇടപാടുകള്‍ ഉറപ്പിക്കുമ്പോള്‍ ബ്ലോക്കുകള്‍, ബ്ലോക്ക്‌ചെയിനിലേക്ക് ശേഖരിക്കപ്പെടുന്നു. ഇതിനു പ്രതിഫലമെന്നോണം ഇടപാടുകാര്‍ക്ക് ബിറ്റ്‌കോയിന്‍ നല്‍കുന്നു. ഇതിനെയാണ് ഖനനം എന്ന് പറയുന്നത്. പുതുക്കിയ ബ്ലോക്ക് ചെയിന്‍ വിവരങ്ങള്‍ ഇടപാടുകാരുടെ കംപ്യൂട്ടറുകളിലേക്ക് തുടര്‍ച്ചയായി പകര്‍ത്തുന്നു.

Comments

comments

Categories: FK Special, Slider
Tags: Bitcoin, IMF