മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ആറ് ലക്ഷം രൂപയില്‍ താഴെ ഡെല്‍ഹി എക്‌സ് ഷോറൂം വില

ഇന്ത്യന്‍ നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുക്കുമ്പോള്‍ മാന്വല്‍ ട്രാന്‍സ്മിഷനെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാര്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20, ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ ഇത്യാദി പ്രീമിയം ഹാച്ച്ബാക്കുകള്‍ സിവിടി, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, ഡുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് എന്നീ ഓപ്ഷനുകള്‍ ലഭ്യമാക്കുമ്പോള്‍ താങ്ങാവുന്ന വിലയില്‍ ഓട്ടോമാറ്റിക് കാര്‍ വാങ്ങുന്നവര്‍ക്ക് എഎംടി മാത്രമാണ് ഓപ്ഷന്‍. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ഇപ്പോള്‍ ഇന്ത്യയില്‍ വളരെ ജനപ്രീതിയാര്‍ജ്ജിച്ചുകഴിഞ്ഞു. മാന്വല്‍ വേരിയന്റിനേക്കാള്‍ എഎംടി വേരിയന്റുകള്‍ക്ക് അധികം വില വരുന്നില്ല എന്നതാണ് ഒരു കാരണം. എഎംടി, മാന്വല്‍ ഗിയര്‍ബോക്‌സുകള്‍ ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ ഏതാണ്ട് തുല്യമായ ഇന്ധനക്ഷമത ലഭിക്കുന്നുവെന്നതും ഉപയോക്താക്കള്‍ കണക്കിലെടുക്കുന്നു. ഇന്ത്യയില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന അഞ്ച് മികച്ച എഎംടി അഥവാ ഓട്ടോമാറ്റിക് കാറുകള്‍ ഏതെല്ലാമെന്ന് നോക്കാം.

ഹ്യുണ്ടായ് സാന്‍ട്രോ

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന എഎംടി കാറുകളുടെ പട്ടികയില്‍ ഏറ്റവും പുതിയ അതിഥിയാണ് ഹ്യുണ്ടായ് സാന്‍ട്രോ. ഇക്കൂട്ടത്തില്‍ ഫീച്ചറുകളില്‍ ധാരാളിത്തം കാണിക്കുന്നത് സാന്‍ട്രോ ഹാച്ച്ബാക്ക് ആയതിനാല്‍ ആദ്യം പരിഗണിക്കാം. 1.1 ലിറ്റര്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത് 5 സ്പീഡ് എഎംടി യൂണിറ്റാണ്. ഹ്യുണ്ടായ് സ്വന്തം നിലയില്‍ വികസിപ്പിച്ചതാണ് എഎംടി യൂണിറ്റ്. 68 ബിഎച്ച്പി പരമാവധി കരുത്തും 99 എന്‍എം പരമാവധി ടോര്‍ക്കുമാണ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 20.3 കിലോമീറ്ററാണ് ഹ്യുണ്ടായ് സാന്‍ട്രോ എഎംടിയുടെ ഇന്ധനക്ഷമത. രണ്ട് വേരിയന്റുകളില്‍ സാന്‍ട്രോ എഎംടി ലഭിക്കും. 5.19 ലക്ഷം (മാഗ്ന എഎംടി) മുതല്‍ 5.47 ലക്ഷം രൂപ (സ്‌പോര്‍ട്‌സ് എഎംടി) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സാന്‍ട്രോ എഎംടിയുടെ ഫീച്ചറുകളില്‍ ഒന്നാണ്.

ടാറ്റ ടിയാഗോ

ഇന്ത്യയില്‍ 6 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന ഏറ്റവും കരുത്തുറ്റ ഓട്ടോമാറ്റിക് കാറാണ് ടാറ്റ ടിയാഗോ എഎംടി. 1.2 ലിറ്റര്‍ എന്‍ജിന്‍ 84 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ 23.8 കിലോമീറ്റര്‍ സഞ്ചരിക്കാം! സ്റ്റാന്‍ഡേഡ് മാന്വല്‍ ഗിയര്‍ബോക്‌സിന്റെ 5 സ്പീഡ് ഓട്ടോമാറ്റിക് വേര്‍ഷനാണ് ടാറ്റ ടിയാഗോ എഎംടിയില്‍ നല്‍കിയിരിക്കുന്നത്. 5.04 ലക്ഷം (റെവോട്രോണ്‍ എക്‌സ്ടിഎ എഎംടി) മുതല്‍ 5.63 ലക്ഷം രൂപ (റെവോട്രോണ്‍ എക്‌സ്ഇസഡ്എ എഎംടി) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പിന്‍സീറ്റ് നിരയില്‍ ധാരാളം സ്ഥലസൗകര്യം ലഭിക്കുമെന്നത് ഒരു സവിശേഷതയാണ്. ബൂട്ട് ശേഷിയും കൂടുതലാണ്.

മാരുതി സുസുകി സെലേറിയോ

ഇന്ത്യയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ ജനാധിപത്യവല്‍ക്കരണത്തിന് തുടക്കം കുറിച്ചത് മാരുതി സുസുകിയാണ്. സെലേറിയോ പുറത്തിറക്കിയ ശേഷം ഇന്ത്യയില്‍ ഇതുവരെയായി ഏതാണ്ട് നാല് ലക്ഷം എഎംടി കാറുകള്‍ വില്‍ക്കാന്‍ മാരുതി സുസുകിക്ക് സാധിച്ചു. ഇന്ത്യയില്‍ ആദ്യമായി എഎംടി ഗിയര്‍ബോക്‌സ് ലഭിച്ച കാറാണ് മാരുതി സുസുകി സെലേറിയോ. 1 ലിറ്റര്‍ കെ10 എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 23.1 കിലോമീറ്ററാണ് ഇന്ധനക്ഷമത. എന്നാല്‍ സെലേറിയോയുടെ ടോപ് സ്‌പെക് വേരിയന്റുകളില്‍പ്പോലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റവും മറ്റും കാണാന്‍ കഴിയില്ല. വിഎക്‌സ്‌ഐ എഎംടി, വിഎക്‌സ്‌ഐ എഎംടി (ഒ), ഇസഡ്എക്‌സ്‌ഐ എഎംടി, ഇസഡ്എക്‌സ്‌ഐ എഎംടി (ഒ) എന്നീ നാല് വേരിയന്റുകളില്‍ മാരുതി സുസുകി സെലേറിയോ എഎംടി ലഭിക്കും. യഥാക്രമം 4.98 ലക്ഷം, 5.13 ലക്ഷം, 5.23 ലക്ഷം, 5.40 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

മാരുതി സുസുകി ഓള്‍ട്ടോ കെ10

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് മാരുതി സുസുകി ഓള്‍ട്ടോ കെ10. ഓള്‍ട്ടോ കെ10 വില്‍പ്പനയില്‍ ഏറ്റവുമധികം വിറ്റുപോകുന്നത്, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍, എഎംടി വേരിയന്റുകളാണ്. 1 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി പരമാവധി കരുത്തും 90 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇവിടെ പ്രതിപാദിക്കുന്ന കാറുകളില്‍ ഏറ്റവും കുറവ് സ്ഥലസൗകര്യമുള്ള കാറാണ് മാരുതി സുസുകി ഓള്‍ട്ടോ കെ10. സ്റ്റാന്‍ഡേഡ് ഫീച്ചറുകളുടെ കാര്യത്തിലും പിറകിലാണ് ഓള്‍ട്ടോ കെ10. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാന്‍ കഴിയില്ല. എന്നാല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം ഡുവല്‍ ഡിന്‍ ഇന്‍ബില്‍റ്റ് ഓഡിയോ സിസ്റ്റം നല്‍കിയിട്ടുണ്ട്. 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നത് വലിയ പ്ലസ് പോയന്റാണ്. വിഎക്‌സ്‌ഐ എടി (ഒ) വേരിയന്റിന് 4.17 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

റെനോ ക്വിഡ്

വളരെ സ്ഥലസൗകര്യവും കൂടുതല്‍ ഫീച്ചറുകളുമുള്ള ചെറിയ സിറ്റി കാര്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് റെനോ ക്വിഡ് എഎംടി ഒരു വലിയ പാക്കേജാണ്. റെനോ ക്വിഡ് ഈയിടെ ചെറുതായി പരിഷ്‌കരിച്ചിരുന്നു. 1 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് പുതിയ റെനോ ക്വിഡ് എഎംടി ലഭിക്കുന്നത്. ഈ മോട്ടോര്‍ 67 ബിഎച്ച്പി പരമാവധി കരുത്തും 91 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 24.04 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഈ സെഗ്‌മെന്റിലെ മറ്റ് കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റെനോ ക്വിഡില്‍ ഏറ്റവുമധികം സ്ഥലസൗകര്യം കാണാം. ബൂട്ട് സ്‌പേസ് ഏറ്റവും വലുതാണ്. 300 ലിറ്റര്‍. ക്വിഡ് എഎംടി മോഡലുകളില്‍ സ്റ്റാന്‍ഡേഡായി ഇന്‍ബില്‍റ്റ് നാവിഗേഷന്‍ സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിവരുന്നു. പിന്‍ സീറ്റുകളില്‍ താഴേക്ക് മടക്കാവുന്ന സെന്റര്‍ ആം റെസ്റ്റ് നല്‍കി. 4.35 ലക്ഷം (ആര്‍എക്‌സ്ടി ഡ്രൈവര്‍ എയര്‍ബാഗ് ഓപ്ഷന്‍) മുതല്‍ 4.60 ലക്ഷം രൂപ (ആര്‍എക്‌സ്ടി (ഒ) ക്ലൈംബര്‍) വരെയാണ് റെനോ ക്വിഡ് എഎംടി മോഡലുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto