650 സിസി ഇരട്ടകളെത്തി ; റോയല്‍ എന്‍ഫീല്‍ഡിന്റെ പായുംപുലികള്‍

650 സിസി ഇരട്ടകളെത്തി ; റോയല്‍ എന്‍ഫീല്‍ഡിന്റെ പായുംപുലികള്‍

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ്, കസ്റ്റം, ക്രോം എന്നീ വേരിയന്റുകളില്‍ ലഭിക്കും

ഗോവ : റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ നാളുകളായി കാത്തിരുന്ന 650 സിസി ഇരട്ടകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇരു ബൈക്കുകളും സ്റ്റാന്‍ഡേഡ്, കസ്റ്റം, ക്രോം എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. ഇന്റര്‍സെപ്റ്റര്‍ 650 സ്റ്റാന്‍ഡേഡ് വേരിയന്റിന് 2,33,878 രൂപയും കോണ്ടിനെന്റല്‍ ജിടി സ്റ്റാന്‍ഡേഡ് വേരിയന്റിന് 2,48,878 രൂപയുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ & ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്‌പെക്റ്റര്‍, ബേകര്‍ എക്‌സ്പ്രസ് എന്നീ ആറ് നിറങ്ങളില്‍ ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളും ബ്ലാക്ക് മാജിക്, വെഞ്ചുറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോ. മേഹെം, ഐസ് ക്വീന്‍ എന്നീ അഞ്ച് നിറങ്ങളില്‍ കോണ്ടിനെന്റല്‍ ജിടി 650 ബൈക്കും ലഭിക്കും.

1960-70 കളിലെ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി മോട്ടോര്‍സൈക്കിളുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ 650 സിസി ഇരട്ടകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെട്രോ ലുക്കിലാണ് പുതിയ ബൈക്കുകള്‍ വരുന്നതെങ്കിലും ഹാരിസ് പെര്‍ഫോമന്‍സ് വികസിപ്പിച്ച പൂര്‍ണ്ണമായും പുതിയ ഫ്രെയിമിലാണ് നിര്‍മ്മാണം. റോയല്‍ എന്‍ഫീല്‍ഡിന്റെ അനുബന്ധ കമ്പനിയാണ് യുകെയിലെ ഹാരിസ് പെര്‍ഫോമന്‍സ്.

ഇരു ബൈക്കുകളുടെയും അണ്ടര്‍പിന്നിംഗ്‌സ് ഒന്നാണെങ്കിലും ബോഡി സ്‌റ്റൈലുകള്‍ വ്യത്യസ്തമാണ്. നിവര്‍ന്ന റൈഡിംഗ് സ്റ്റാന്‍സ് സമ്മാനിക്കുന്ന റെട്രോ റോഡ്‌സ്റ്ററാണ് ഇന്റര്‍സെപ്റ്റര്‍ 650. റെട്രോ സ്‌റ്റൈലിംഗ്, ടൂറിംഗ് സൗഹൃദ ഡൈനാമിക്‌സ് എന്നിവ റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ക്കിടയില്‍ വലിയ ഹിറ്റായി മാറുന്നതിന് ഇന്റര്‍സെപ്റ്ററിനെ സഹായിക്കും. ഉല്‍പ്പാദനം അവസാനിപ്പിച്ച കോണ്ടിനെന്റല്‍ ജിടി 535 മോട്ടോര്‍സൈക്കിളിന്റെ അതേ ഡിസൈന്‍ ഭാഷയാണ് കോണ്ടിനെന്റല്‍ ജിടി 650 കഫേ റേസറില്‍ നല്‍കിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളുകളാണ് 650 സിസി ഇരട്ടകള്‍. മാത്രമല്ല ബ്രാന്‍ഡിന്റെ ആദ്യ മോഡേണ്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നു. ഓള്‍-ന്യൂ 648 സിസി, എയര്‍ കൂള്‍ഡ്, എസ്ഒഎച്ച്‌സി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇരു ബൈക്കുകളുടെയും ഹൃദയം. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് പിന്‍ ചക്രത്തിലേക്ക് കരുത്ത് എത്തിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ച് നല്‍കിയിരിക്കുന്നു. മണിക്കൂറില്‍ 160 കിലോമീറ്ററിലധികമാണ് രണ്ട് ബൈക്കുകളുടെയും ടോപ് സ്പീഡ്.

മികച്ച ഹാന്‍ഡ്‌ലിംഗ്, ഉയര്‍ന്ന യാത്രാസുഖം എന്നിവ ലഭിക്കുന്നതിന് രണ്ട് ബൈക്കുകളുടെയും ഷാസി മെച്ചപ്പെടുത്തി. അളവുകള്‍ പരിശോധിച്ചാല്‍, 1024 മില്ലി മീറ്ററാണ് മോട്ടോര്‍സൈക്കിളുകളുടെ ഉയരം. ഗ്രൗണ്ട് ക്ലിയറന്‍സ് 174 എംഎം. യഥാക്രമം 12.5 ലിറ്റര്‍, 13.7 ലിറ്റര്‍ എന്നിങ്ങനെയാണ് കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളുടെ ഇന്ധന ടാങ്കിന്റെ ശേഷി. ഭാരം യഥാക്രമം 198 കിലോഗ്രാം, 202 കിലോഗ്രാം (ഡ്രൈ വെയ്റ്റ്).

മോട്ടോര്‍സൈക്കിളുകളുടെ മുന്നില്‍ 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും നല്‍കിയിരിക്കുന്നു. മുന്‍ ചക്രത്തില്‍ 320 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 240 എംഎം ഡിസ്‌ക്കും ബ്രേക്കിംഗിന് സഹായിക്കും. ഇരു ബൈക്കുകളിലും ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്. 18 ഇഞ്ച് വ്യാസമുള്ള വയര്‍ സ്‌പോക്ക് വീലുകളിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകള്‍ വരുന്നത്.

വില കണക്കിലെടുക്കുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് 650 സിസി ഇരട്ടകള്‍ക്ക് നേരിട്ട് എതിരാളികളില്ല. സിംഗിള്‍ സിലിണ്ടര്‍ കെടിഎം 390 ഡ്യൂക്ക്, ഈയിടെ ലോക്കലൈസ് ചെയ്ത കാവസാക്കി നിഞ്ച 300 മോട്ടോര്‍സൈക്കിളുകളുടെ ഇടയിലാണ് 650 സിസി ഇരട്ടകളുടെ സ്ഥാനം. മിഡ്-ഡിസ്‌പ്ലേസ്‌മെന്റ് ഇരട്ട സിലിണ്ടര്‍ ബൈക്ക് എന്ന വിശേഷണം പരിഗണിക്കുമ്പോള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 യാണ് (ഡെല്‍ഹി എക്‌സ് ഷോറൂം വില 5.31 ലക്ഷം രൂപ) എതിരാളി.

Comments

comments

Categories: Auto, Slider