300 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ 2 ലക്ഷം ഗുണഭോക്താക്കള്‍ പ്രയോജനപ്പെടുത്തി

300 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ 2 ലക്ഷം ഗുണഭോക്താക്കള്‍ പ്രയോജനപ്പെടുത്തി

ഒരു കുടുംബത്തിന് വാര്‍ഷിക പ്രീമിയം തുക പദ്ധതിക്ക് കീഴില്‍ 1,110 രൂപയാണ്

ന്യൂഡെല്‍ഹി: ആയുഷ്മാന്‍ ഭാരത്- പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന(പിഎം-ജെഎവൈ)അവതരിപ്പിച്ച് ആദ്യ 51 ദിവസങ്ങളില്‍ക്കുള്ളില്‍ 300 കോടി രൂപ വരുന്ന ചികിത്സാ സൗകര്യങ്ങള്‍ 2 ലക്ഷത്തോളം ഗുണഭോക്താക്കള്‍ പ്രയോജനപ്പെടുത്തി. 10.7 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വാര്‍ഷിക ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് ഇത്.

പദ്ധതിയുടെ ഇതുവരെയുള്ള കണക്ക് പ്രകാരം ഒരു വ്യക്തിയുടെ ശരാശരി ആശുപത്രി ചെലവ് ഏകദേശം 15,000 രൂപയാണ്. നിതി ആയോഗ് കണക്കാക്കിയ 10,000 രൂപയേക്കാള്‍ കൂടുതലാണിത്. 5 ലക്ഷത്തിനു മുകളില്‍ ഇ-കാര്‍ഡുകളാണ് വിതരണം ചെയ്തതെന്ന് പിഎം-ജെഎവൈ പദ്ധതികള്‍ നടപ്പിലാക്കുന്ന ദേശീയ ആരോഗ്യ ഏജന്‍സി ട്വിറ്ററില്‍ വ്യക്തമാക്കി. ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ പദ്ധതിക്കുള്ളതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിഎം-ജെഎവൈക്ക് കീഴില്‍ നടപ്പിലാക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ മൂന്നു മാതൃകകളിലാണ് ചെലവിടല്‍ നടത്തുന്നത്. ട്രസ്റ്റ്, ഇന്‍ഷുറന്‍സ്, ഹൈബ്രിഡ്(ഇന്‍ഷുറന്‍സിന്റെയും ട്രസ്റ്റിന്റെയും സംയോജിപ്പിച്ച്) എന്നിവയാണ് ചെലവിടലിന്റെ മാതൃകകള്‍.

പദ്ധതി നടപ്പാക്കുന്ന 33 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 18 എണ്ണം ട്രസ്റ്റ് മാതൃകയിലാണ് ചെലവ് നിര്‍വഹിക്കുക. ഇവിടെ കേന്ദ്രവും സംസ്ഥാനങ്ങളും ചെലവിനായി സംഭാവന ചെയ്യും. ഏഴെണ്ണം ഇന്‍ഷുറന്‍സ് മാതൃകകയിലും എട്ടെണ്ണം ഹൈബ്രിഡ് മാതൃകകയിലുമാണ്. ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതനുഭവിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗുണഭോക്താക്കള്‍ പൂര്‍ണമായും പദ്ധതിയിലേക്കെത്തുന്നതോടെ ഒരു ദിവസം പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ കിടക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഇത് നാലായിരമാണ്.

പദ്ധതിക്കാവശ്യമായ പ്രീമിയം തുക കണ്ടെത്തുന്നത് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ്. പ്രീമിയത്തിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 40 ശതമാനം മുടക്കണം. ഒരു കുടുംബത്തിന് വാര്‍ഷിക പ്രീമിയം തുക പദ്ധതിക്ക് കീഴില്‍ 1,110 രൂപയാണ്. 2019 സാമ്പത്തികവര്‍ഷത്തില്‍ പദ്ധതിയുടെ ചെലവ് കുറവായിരിക്കും. മാത്രവുമല്ല, ചില വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത് ആദ്യമായതിനാല്‍ ഈ പദ്ധതി പൂര്‍ണമായും നടപ്പിലാക്കാന്‍ സമയമെടുക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News

Related Articles