വോഡഫോണ്‍ ഐഡിയയ്ക്ക് വമ്പന്‍ നഷ്ടമെന്ന് വിലയിരുത്തല്‍

വോഡഫോണ്‍ ഐഡിയയ്ക്ക് വമ്പന്‍ നഷ്ടമെന്ന് വിലയിരുത്തല്‍

ടെലികോം മേഖലയിലെ ‘പുതിയ’ കമ്പനിക്ക് സെപ്റ്റംബര്‍ പാദത്തില്‍ 2,600 കോടി രൂപയുടെ നഷ്ടമുണ്ടായേക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ സെപ്റ്റംബര്‍ പാദഫലം ഇന്ന് പുറത്തുവരും. റിലയന്‍സ് ജിയോ വിപണിയിലുണ്ടാക്കിയ ഇളക്കിമറിക്കലിനെ തുടര്‍ന്ന് ഐഡിയയും വോഡഫോണും ലയിച്ചശേഷമുള്ള ആദ്യ പാദഫലമാണ് ഇന്ന് പുറത്തുവരുന്നത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിക്ക് ഭീമമായ നഷ്ടമാണ് സംഭവിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതില്‍ കുറവുണ്ടായെന്നും 4ജി വിപുലീകരണ ചെലവുകള്‍ വര്‍ധിച്ചത് നഷ്ടം കൂടാന്‍ കാരണമായെന്നും ടെലികോം വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

ഐഐഎഫ്എല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നീ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കണക്കുകൂട്ടുന്നതനുസരിച്ച് വോഡഫോണ്‍ ഐഡിയയുടെ മൊത്തം നഷ്ടം ഏകദേശം 2,600 കോടി രൂപ വരും. അതേസമയം, ക്രെഡിറ്റ് സ്യൂസ് വിലയിരുത്തുന്നതനുസരിച്ച് 1050.5 കോടി രൂപയുടെ നഷ്ടമാണ് വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തുക. സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 7,813-8,106 കോടി രൂപ എന്ന നിലയിലായിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ടവര്‍ കരാറുകളില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ഭാഗമായി വോഡഫോണ്‍ഐഡിയ അടയ്‌ക്കേണ്ട പിഴ ഏകദേശം 3,000-3,500 കോടി രൂപ വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതും സാമ്പത്തിക ബാധ്യത കൂട്ടുന്നു. കമ്പനിയുടെ മൂലധനചെലവിടലിനായുള്ള നീക്കിയിരുപ്പ്, വരുമാനവളര്‍ച്ചയ്ക്കായുള്ള പദ്ധതികള്‍, നിക്ഷേപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍, നിഷ്‌ക്രിയാസ്തിക്കുള്ള വ്യവസ്ഥകള്‍, 4ജി വിപുലീകരണ മാര്‍ഗ്ഗരേഖ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്ന് അനാലിസിസ് മെയ്‌സണ്‍ സീനിയര്‍ അഡൈ്വസര്‍ സന്ദീപ് ദാസ് പറഞ്ഞു.

വോഡഫോണ്‍ ഐഡിയ ലയനം പൂര്‍ത്തി ആയതേയുള്ളൂ. അതിനുശേഷമുള്ള പുനസംഘടനാ ഘട്ടത്തിലാണ് ഇപ്പോഴും കമ്പനി. ഇക്കാര്യവും വിപണി നിരീക്ഷകര്‍ കണക്കിലെടുക്കണം-അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മാസം അവസാനമാണ് വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയനം പൂര്‍ത്തിയാക്കി ഉപഭോക്തൃ അടിത്തറയിലും വരുമാന വിഹിതത്തിലും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയത്.

എന്നാല്‍ സെപ്റ്റംബര്‍ മാസത്തില്‍ വോഡഫോണിന് ഒറ്റയ്ക്ക് 2.6 ദശലക്ഷവും ഐഡിയക്ക് 4 ദശലക്ഷവും വരിക്കാരെ നഷ്ടമായതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(സിഒഎഐ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിരക്കിളവുകളുടെ കാര്യത്തില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയുമായുള്ള യുദ്ധം തുടരുന്നതിനിടയിലാണ് ഈ നഷ്ടം സംഭവിച്ചത്.

നേരത്തെ ലഭ്യമായ കണക്കുകള്‍ പ്രകാരം, ജൂണ്‍ അവസാനത്തോടെ 1.09 ലക്ഷം കോടി രൂപയുടെ സംയോജിത കടബാധ്യതയോടുകൂടിയാണ് പുതിയ കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. വോഡഫോണിന്റെയും ഐഡിയയുടെയും മാതൃകമ്പനികളുടെ നിക്ഷേപത്തിനു ശേഷം 19,300 കോടി രൂപയുടെ കാഷ് ബാലന്‍സും പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ലയനസംരംഭത്തിനുണ്ടായിരുന്നു. പ്രമുഖ വ്യവസായി കുമാര്‍ മംഗളം ബിര്‍ളയാണ് വോഡഫോണ്‍ ഇന്ത്യയുടെ ചെയര്‍മാന്‍.

ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോ ഇന്‍ഫോകോമും വൊഡാഫോണ്‍ ഐഡിയക്ക് വെല്ലുവിളിയായി തുടരുകയാണ്. താരതമ്യേന പുതിയ കമ്പനിയായിരുന്നിട്ടും തുടര്‍ച്ചയായി നാല് പാദങ്ങളില്‍ ലാഭം നേടാന്‍ റിലയന്‍സ് ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ഉപയോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ആക്രമണോല്‍സുക പാത തന്നെയാണ് ജിയോ പിന്തുടരുന്നത്. ജിയോയിലൂടെയുള്ള ഡാറ്റ ഉപയോഗത്തിലും മികച്ച വര്‍ധനയുണ്ടാകുന്നുണ്ട്. അതേസമയം, രണ്ടാംപാദത്തില്‍ വിപണിയെ അമ്പരപ്പിച്ച് ലാഭം നേടാന്‍ എയര്‍ടെലിന് സാധിച്ചിരുന്നു.

 

ടെലികോം വിപണിയിലെ താരിഫ് യുദ്ധം

  • റിലയന്‍സ് ജിയോ മറ്റ് കമ്പനികള്‍ക്ക് ഇപ്പോഴും ഭീഷണി ഉയര്‍ത്തുന്നു
  • ലയനത്തിന് ശേഷമുള്ള വോഡഫോണ്‍ ഐഡിയയുടെ ആദ്യ പ്രവര്‍ത്തന ഫലമാണ് ഇന്ന് പുറത്തുവരുന്നത്
  • നഷ്ടം 1,050.5 കോടി രൂപയാകാന്‍ സാധ്യതയെന്ന് ക്രെഡിറ്റ് സ്യൂസ്
  • പ്രതീക്ഷിക്കപ്പെടുന്ന വരുമാനം 7,813-8,106 കോടി രൂപ
  • സെപ്റ്റംബര്‍ മാസത്തില്‍ വോഡഫോണിന് ഒറ്റയ്ക്ക് 2.6 ദശലക്ഷവും ഐഡിയക്ക് 4 ദശലക്ഷവും വരിക്കാരെ നഷ്ടമായതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

Comments

comments

Categories: Business & Economy