ഇന്‍ഫോസിസ് ടെക്‌സാസില്‍ ടെക്‌നോളജി ഹബ്ബ് തുറക്കും

ഇന്‍ഫോസിസ് ടെക്‌സാസില്‍ ടെക്‌നോളജി ഹബ്ബ് തുറക്കും

500 അമേരിക്കക്കാര്‍ക്ക് ജോലി നല്‍കും

ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഉടന്‍ ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണില്‍ ടെക്‌നോളജി ഹബ്ബ് ആരംഭിക്കുമെന്നും 2020 ഓടെ ടെക്‌സാസിലെ സര്‍വകലാശാലകളില്‍ നിന്നും കോളെജുകളില്‍ നിന്നുമുള്ള ബിരുദധാരികള്‍ ഉള്‍പ്പെടെ 500 ഓളം പ്രാദേശികകര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. പുതിയ ടെക് ഹബ്ബില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് ഇന്‍ഫോസിസിന്റെ ലോകോത്തര നിലവാരത്തിലുള്ള പരിശീലന കരിക്കുലം വഴി നൈപുണ്യ വികസനം നേടാന്‍ അവസരം ലഭിക്കും. ടെലികമ്യൂണിക്കേഷന്‍, റീട്ടെയ്ല്‍, ബാങ്കിംഗ് മേഖലകള്‍ക്കായിരിക്കും പുതിയ ഹബ്ബ് പ്രാധാന്യം നല്‍കുക.

ടെക്‌സാസിലെ ഇന്‍ഫോസിസിന്റെ നിക്ഷേപം പ്രാദേശിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തികൊണ്ട് അമേരിക്കന്‍ സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് സഹായിക്കുകയെന്ന കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് ശക്തിപകരുന്നതാണ്. ഡിജിറ്റല്‍ എല്ലാ വ്യവസായിക മേഖലകളെയും അതിവേഗം പരിവര്‍ത്തനത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണെന്നും പുതിയ ഹബ്ബ് ആ മേഖലയില്‍ കൂട്ടായ പ്രവര്‍ത്തനത്തിനും സംയുക്തമായ ഇന്നൊവേഷനും സഹായിക്കുമെന്നും ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു പറഞ്ഞു.

ടെക്‌സാസിലെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്‍ഫോസിസിന്റെ ജീവനക്കാരുടെ ശക്തി വികസിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ വലിയ പങ്ക് വഹിക്കുമെന്ന് ഇന്‍ഫോസിസ് പ്രസിഡന്റ് രവി കുമാര്‍ പറഞ്ഞു. 2019 ഓടെ 10,000 അമേരിക്കക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഇതുവരെ 6,200 അമേരിക്കന്‍ ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്.

ടെക്‌സാസില്‍ ഇന്‍ഫോസിസ് പുതിയ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഹബ്ബ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിവിധ രംഗങ്ങളിലെ മുന്‍നിര കോര്‍പ്പറേറ്റുകളായും മികച്ച ടെക്കികളും നാളത്തെ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന ശക്തരായ അക്കാഡമിക് പങ്കാളികളായും ബന്ധമുള്ള ടെലികോം കോറിഡോര്‍ മേഖലയില്‍ നിന്നും ഇന്‍ഫോസിസിന് വലിയ നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നും റിച്ചാര്‍ഡ്‌സണ്‍ മേയര്‍ പോള്‍ പറഞ്ഞു.
ഈ ആഴ്ച്ച ആദ്യം ഇന്‍ഫോസിസ് റിച്ചാര്‍ഡ്‌സണ്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് റിച്ചാര്‍ഡ്‌സണ്‍ റോട്ടറി ക്ലബ്ബിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് ഇഡിജിഇ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. റിച്ചാര്‍ഡ്‌സണില്‍ നിര്‍ണായകമായ സാമ്പത്തിക നിക്ഷേപം നടത്തുകയും സമൂഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന വിദേശ ബിസിനസ് സ്ഥാപനങ്ങള്‍ക്കാണ് പ്രസ്തുത പുരസ്‌കാരം നല്‍കുന്നത്.

ഇന്‍ഡിയാനയിലെ ഇന്‍ഡിയാനപോളീസിലും വടക്കന്‍ കാലിഫോര്‍ണിയയിലെ റാലീഖിലുമായി നിലവില്‍ ഈ മേഖലയില്‍ രണ്ട് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഹബ്ബാണ് ഇന്‍ഫോസിസിനുള്ളത്. കൂടാതെ ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്റ്റികട്ട്, ഫോണിക്‌സ്, അരിസോണ എന്നിവിടങ്ങളില്‍ പുതിയ ടെക്‌നോളളി ആന്‍ഡ് ഇന്നൊവേഷന്‍ ഹബ്ബ് സ്ഥാപിക്കാനും റോഡ് ഐസ്ലന്‍ഡിലെ പ്രൊവിഡന്‍സില്‍ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ ഹബ്ബ് ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

അമേരിക്കന്‍ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിന് പിന്തുണ നല്‍കികൊണ്ട് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ക്ലാസ്‌റൂം ടെക്‌നോളജികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കംപ്യൂട്ടര്‍ സയന്‍സ് പരിശീലനത്തിനും ധനസഹായം നല്‍കുന്നുണ്ട്. ഈ പദ്ധതിക്കു കീഴില്‍ ടെക്‌സാസിലെ 252 സ്‌കൂളുകളും 256 അധ്യാപകരും 11,164 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ അമേരിക്കയിലെ 21,000 സ്‌കൂളുകള്‍ക്കും 4.7 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും 13,000 അധ്യാപകര്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Infosys