സൗദി നിക്ഷേപകര്‍ക്കിടയില്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് താല്‍പ്പര്യമേറുന്നു

സൗദി നിക്ഷേപകര്‍ക്കിടയില്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് താല്‍പ്പര്യമേറുന്നു

ഇന്ത്യയിലെ ഹൈപ്പര്‍ലൂപ്പ് പദ്ധതികള്‍ക്ക് ശേഷം സൗദിയുമായി കൂടുതല്‍ ചര്‍ച്ച

അബുദാബി: അതിവേഗ ഗതാഗത സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന് സൗദി നിക്ഷേപകര്‍ക്കിടയില്‍ താല്‍പ്പര്യമേറി വരുന്നതായി കമ്പനിയുടെ പുതിയ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ സുലായേം വ്യക്തമാക്കി. സൗദി അറേബ്യയിലെ നിക്ഷേപകര്‍ക്ക് ഹൈപ്പര്‍ലൂപ്പില്‍ വലിയ തോതില്‍ താല്‍പ്പര്യമുണ്ടാകുന്നതായും അവ ശരിയായ സമയത്ത് ചര്‍ച്ചകളിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുടെ ഹൈപ്പര്‍ലൂപ്പ് പദ്ധതികളെ കുറിച്ചുള്ള ആലോചനകള്‍ക്ക് ശരിയായ സമയത്ത് യോജിച്ച രീതിയിലുള്ള ചര്‍ച്ചകളിലൂടെ വീണ്ടും തുടക്കമിടും. എന്നാല്‍ ഇത്തരം ചര്‍ച്ചകളെല്ലാം ഇന്ത്യയിലെ ഹൈപ്പര്‍ലൂപ്പ് പ്രോജക്റ്റിനു ശേഷമായിരിക്കും. നിലവിലെ ഇന്ത്യയുടെ പ്രോജക്റ്റില്‍ ശ്രദ്ധ ഉറപ്പിക്കാനാണ് ഇപ്പോഴുള്ള ശ്രമം, വിപണി വികസിപ്പിക്കുന്നതു ബന്ധപ്പെട്ട് മറ്റ് പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നത് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് അഹമ്മദ് സുലായേം അഭിപ്രായപ്പെട്ടു. മുമ്പ് കമ്പനിയുമായി ചേര്‍ന്ന് പദ്ധതി നടത്തുന്നതുമായി ബന്ധപ്പെട്ട കരാര്‍ സൗദി അറേബ്യ റദ്ദാക്കിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കരാറുമായി മുന്നോട്ടു പോകുന്ന തരത്തിലുള്ള കമ്പനിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി അടുത്തിടെയിറങ്ങിയ വാര്‍ത്ത മേഖലയില്‍ ഇതു സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമിട്ടിരുന്നു. ഇതിനിടെയാണ് പുതിയ ചെയര്‍മാന്‍ സൗദി കരാറുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്.

സൗദി അറേബ്യയുമായി ശരിയായ രീതിയിലുള്ള ചര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അവര്‍ക്ക് ഹൈപ്പര്‍ലൂപ്പില്‍ താല്‍പ്പര്യമുണ്ട്, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചകളില്‍ തീരുമാനമാകുമെന്ന് സുലായേം വ്യക്തമാക്കി. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ ടെക്‌നോളജി എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണെന്നും ഇന്ത്യയില്‍ നടപ്പാക്കുന്ന മുംബൈ-പൂനെ ഹൈപ്പര്‍ ലൂപ്പ് സംവിധാനം കമ്പനിയെ സംബന്ധിച്ച് മികച്ച അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗതാഗത രംഗത്ത് വ്യത്യസ്ത മേഖലകളിലായി മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുമായാണ് അഹമ്മദ് ബിന്‍ സുലായേം അടുത്തിടെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയുടെ പുതിയ ചെയര്‍മാനായി സ്ഥാനമേറ്റത്. പ്രശസ്ത സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു കഴിമാസം വിരമിച്ച ഒഴിവിലാണ് സുലായേം നിയമിതനായത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ എറ്റവും വലിയ നിക്ഷേപകരായ, ദുബായ് ആസ്ഥാനമായ ഡി പി വേള്‍ഡിന്റെ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായിരുന്നു സുലായേം.

Comments

comments

Categories: Arabia
Tags: Hyperloop, Soudhi