സ്‌കോര്‍പിയോ പ്രഭാവം തുടരുന്നു ; എസ്9 വേരിയന്റ് പുറത്തിറക്കി

സ്‌കോര്‍പിയോ പ്രഭാവം തുടരുന്നു ; എസ്9 വേരിയന്റ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 13.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയുടെ പുതിയ വേരിയന്റ് വിപണിയിലെത്തിച്ചു. എസ്9 വേരിയന്റാണ് പുറത്തിറക്കിയത്. 13.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 2014 ല്‍ ഇപ്പോഴത്തെ തലമുറ സ്‌കോര്‍പിയോ അവതരിപ്പിച്ച സമയത്ത് എസ്9 വേരിയന്റ് ലഭ്യമായിരുന്നു. ഒരിക്കല്‍ക്കൂടി രംഗപ്രവേശം ചെയ്തു എന്ന് പറയുന്നതാവും ശരി. ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ പുതിയ വേരിയന്റ് ലഭ്യമായിത്തുടങ്ങിയെന്ന് മഹീന്ദ്ര അറിയിച്ചു.

മൂന്നുനിര സീറ്റുകളുമായി 7 സീറ്ററാണ് മഹീന്ദ്ര സ്‌കോര്‍പിയോ എസ്9. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, നാവിഗേഷന്‍ സഹിതം 5.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിച്ചു. എന്നാല്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ നല്‍കിയിട്ടില്ല. വോയ്‌സ് അസിസ്റ്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.

സ്റ്റാറ്റിക് ബെന്‍ഡിംഗ് പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ലൈറ്റ് ഗൈഡുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സഹിതം ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍, ഫോഗ് ലാംപുകള്‍, ഹൈഡ്രോളിക് അസിസ്റ്റഡ് ബോണറ്റ് എന്നിവ സവിശേഷതകളാണ്.

അതേ 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര സ്‌കോര്‍പിയോ എസ്9 വേരിയന്റില്‍ നല്‍കിയിരിക്കുന്നത്. 140 ബിഎച്ച്പി കരുത്തും 320 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ആന്റി-റോള്‍ സാങ്കേതികവിദ്യ സഹിതം കുഷന്‍ സസ്‌പെന്‍ഷന്‍, ഇന്റലിപാര്‍ക്ക്, എബിഎസ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

സ്‌കോര്‍പിയോ നിരയില്‍ എസ്11 വേരിയന്റിന് താഴെയായിരിക്കും പുതിയ എസ്9 വേരിയന്റിന് സ്ഥാനം. എസ്11 വേരിയന്റിനേക്കാള്‍ ഏകദേശം 1.4 ലക്ഷം രൂപ കുറവും എസ്7 വേരിയന്റിനേക്കാള്‍ ഏകദേശം 60,000 രൂപ കൂടുതലുമാണ് പുതിയ വേരിയന്റിന്. ടാറ്റ സഫാരി സ്റ്റോം, ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റര്‍, വിപണി കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto
Tags: Scorpio