മാരുതി സുസുകി ജിപ്‌സി വിട പറയുന്നു

മാരുതി സുസുകി ജിപ്‌സി വിട പറയുന്നു

ഉല്‍പ്പാദനം 2019 മാര്‍ച്ചില്‍ അവസാനിപ്പിക്കും. ബുക്കിംഗ് ഈ മാസം അവസാനം വരെ മാത്രം

ന്യൂഡെല്‍ഹി : മാരുതി സുസുകി ജിപ്‌സിയുടെ ഉല്‍പ്പാദനം 2019 മാര്‍ച്ചില്‍ അവസാനിപ്പിക്കുന്നു. ഇതിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിംഗ് ഈ മാസം അവസാനം വരെ മാത്രമായിരിക്കും സ്വീകരിക്കുന്നത്. ഡിസംബര്‍ മുതല്‍ മാരുതി സുസുകി ജിപ്‌സി ബുക്ക് ചെയ്യാനാകില്ല. ജിപ്‌സിക്ക് ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്നും പരിഷ്‌കരിക്കേണ്ടതില്ലെന്നുമാണ് മാരുതി സുസുകിയുടെ കരുതുന്നത്. അവസാനമായി ജിപ്‌സി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അവസരമൊരുക്കുകയാണ് കമ്പനി.

1985 ഡിസംബറിലാണ് മാരുതി സുസുകി ജിപ്‌സി വിപണിയില്‍ അവതരിപ്പിച്ചത്. ഇതിനുശേഷം വാഹനം കാലാകാലങ്ങളില്‍ മോടി വരുത്തുന്നതില്‍ മാരുതി സുസുകി വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല. ലുക്കും ഭംഗിയുമെല്ലാം തഥൈവ. പ്രധാന മാറ്റങ്ങളൊന്നും വരുത്തിയില്ല. എന്നാല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് എന്‍ജിന്‍ മാറ്റേണ്ടിവന്നു. 1 ലിറ്റര്‍ എന്‍ജിന്‍ മാറ്റി 1.3 ലിറ്റര്‍ കാര്‍ബുറേറ്റഡ് എന്‍ജിനും തുടര്‍ന്ന് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 1.3 ലിറ്റര്‍ എംപിഎഫ്‌ഐ (മള്‍ട്ടി പോയന്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) ബിഎസ്-4 എന്‍ജിനും നല്‍കുകയുണ്ടായി.

ഓഫ്-റോഡിംഗ് ശേഷിയും അഴിച്ചുവെയ്ക്കാവുന്ന സോഫ്റ്റ് ടോപ്പും മറ്റ് പ്രത്യേകതകളുമെല്ലാം മാരുതി സുസുകി ജിപ്‌സിയുടെ വിപണി വിജയത്തില്‍ വലിയ ഘടകങ്ങളായിരുന്നു. എന്നാല്‍ എസി, പവര്‍ സ്റ്റിയറിംഗ്, മറ്റ് സുഖസൗകര്യങ്ങളൊന്നും മാരുതി സുസുകി ജിപ്‌സിയില്‍ കാണാന്‍ കഴിയില്ല.

ഭാരത് സ്റ്റേജ് 4 പാലിക്കുന്ന 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നിലവില്‍ മാരുതി സുസുകി ജിപ്‌സി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 80 ബിഎച്ച്പി പരമാവധി കരുത്തും 103 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 4 വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡാണ്. ലോ റേഞ്ച് ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്നു. കാന്‍വാസ് സോഫ്റ്റ് ടോപ്പ്, ഫാക്റ്ററി ഫിറ്റഡ് ഹാര്‍ഡ് ടോപ്പ് എന്നിവയാണ് ഓപ്ഷനുകള്‍.

ഇന്ത്യയില്‍ മാരുതി സുസുകി ജിപ്‌സിയുടെ വില്‍പ്പന വളരെ പരിമിതമാണ്. തൊണ്ണൂറ് ശതമാനം ജിപ്‌സിയും വാങ്ങുന്നത് സര്‍ക്കാര്‍, സൈനിക, പൊലീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. ജിപ്‌സി ഇന്ത്യയില്‍നിന്ന് വിട പറയുമ്പോള്‍ ഓള്‍-ന്യൂ സുസുകി ജിമ്‌നി പകരം എത്തുമോയെന്നാണ് കണ്ടറിയേണ്ടത്.

Comments

comments

Categories: Auto