ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് ഹോണ്ട

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് ഹോണ്ട

2023-24 ഓടെ ഹോണ്ടയുടെ ആഗോള മോഡലുകളിലൊന്ന് ഇന്ത്യന്‍ വിപണിയിലെത്തിക്കും. ബി സെഗ്‌മെന്റ് ഇലക്ട്രിക് വാഹനമായിരിക്കുമിത്

ന്യൂഡെല്‍ഹി : 2023-24 ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം (ഇവി) അവതരിപ്പിക്കുന്ന കാര്യം ഹോണ്ട കാര്‍ ഇന്ത്യ പരിഗണിക്കുന്നു. ഹോണ്ടയുടെ ആഗോള മോഡലുകളില്‍ ഒന്നായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് വാഹന പദ്ധതി അവതരിപ്പിച്ചശേഷം ഇലക്ട്രിക് കാറിന്റെ ഉല്‍പ്പാദനം ആരംഭിക്കും. 2019 നുശേഷമായിരിക്കും ഇത്. ബി സെഗ്‌മെന്റ് ഇലക്ട്രിക് വാഹനമായിരിക്കും ഇന്ത്യയിലെത്തുന്നത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയത്തിന് കാത്തുനില്‍ക്കില്ലെന്ന് ഹോണ്ട അധികൃതര്‍ പറഞ്ഞു. സിറ്റി സെഡാന്റെ ഹൈബ്രിഡ് വേര്‍ഷന്‍ ഉറപ്പാണെന്നും ബി സെഗ്‌മെന്റ് കാറോ എസ്‌യുവിയോ ആയിരിക്കും ഇലക്ട്രിക് എന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിര്‍മ്മിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിരുന്നെങ്കിലും സമയക്രമം പ്രഖ്യാപിച്ചിരുന്നില്ല. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതുമുതല്‍ പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളെയാണ് ഹോണ്ട കാര്‍ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്.

ഗ്രീന്‍ മൊബിലിറ്റി സംബന്ധിച്ച് പിന്നോക്കം പോകാന്‍ ജാപ്പനീസ് കമ്പനിക്ക് ഉദ്ദേശ്യമില്ല. ഇന്ത്യന്‍ വിപണിയിലേക്ക് പരിഗണിക്കുന്നത് ഇലക്ട്രിക് സിറ്റി കാര്‍ ആയിരിക്കും. 150 മുതല്‍ 200 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്യവും ഹോണ്ട ആലോചിക്കുന്നു. അങ്ങനെയെങ്കില്‍ വാഹനങ്ങളുടെ വില കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.

മാരുതി സുസുകിയും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും ഈ രംഗത്ത് ഇറങ്ങിക്കഴിഞ്ഞവരാണ്. ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മ്മാതാക്കളില്‍ അഞ്ചാമതായാണ് ഹോണ്ട രംഗപ്രവേശം ചെയ്യുന്നത്. ഇലക്ട്രിക് വാഗണ്‍ആര്‍ ആയിരിക്കും മാരുതി സുസുകി ആദ്യം പുറത്തിറക്കുന്ന ഇവി.

Comments

comments

Categories: Auto