പ്രകാശം പരത്തിയ പദ്ധതിക്ക് ലോകത്തിന്റെ കൈയടി!

പ്രകാശം പരത്തിയ പദ്ധതിക്ക് ലോകത്തിന്റെ കൈയടി!

ഈ വര്‍ഷം ലോകത്ത് സംഭവിച്ച ഏറ്റവും മഹത്തായ വിജയഗാഥകളിലൊന്നാണ് ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന നരേന്ദ്ര മോദിയുടെ പദ്ധതിയെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ‘പ്രകാശ’പൂരിതമാക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മഹത്തായ വിജയഗാഥകളിലൊന്നാണെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി(ഐഇഎ)യുടെ ലോക ഊര്‍ജ വീക്ഷണ റിപ്പോര്‍ട്ടിലാണ് മോദിയുടെ വൈദ്യുതീകരണ പദ്ധതിയെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്.

ഭൂമിയിലെ ഓരോ വ്യക്തിയിലേക്കും ആധുനിക ഊര്‍ജം എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് വൈദ്യുതീകരണമെന്ന് പാരിസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഇഎ ചൂണ്ടിക്കാട്ടി.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വെളിച്ചമെത്തിച്ചുകൊണ്ട് ഇന്ത്യ 100 ശതമാനം വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയഗാഥകളിലൊന്ന്. വൈദ്യുതി ലഭ്യമാക്കുന്നതില്‍ താരമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം കൈവരിച്ചെന്ന് ഭാരതം പ്രഖ്യാപിച്ചത്.

2000 മുതല്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ വികസ്വര രാജ്യങ്ങളില്‍ 900 മില്യണിലധികം ആളുകളിലേക്ക് വൈദ്യുതി എത്തിക്കാനായിട്ടുണ്ട്. 2017ഓടെ മേഖലയിലെ 91 ശതമാനം ആളുകളിലേക്കാണ് വൈദ്യുതി എത്തിച്ചത്. 2000ത്തില്‍ 67 ശതമാനം ആളുകള്‍ക്കാണ് വൈദ്യുതി ലഭ്യത ഉറപ്പാക്കിയിരുന്നത്. ഇക്കാലയളവിലെ മൊത്തം വൈദ്യുതീകരണത്തില്‍ 61 ശതമാനം പുരോഗതിയും ഇന്ത്യയിലാണ് സംഭവിച്ചതെന്ന് ഐഇഎ പറയുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും ഐഇഎ പ്രശംസിച്ചിട്ടുണ്ട്.

ആഗോള വളര്‍ച്ചയുടെ ഏറ്റവും വലിയ സ്രോതസ്സായി ഇന്ത്യ മാറുമെന്നും 2040 ആകുമ്പോഴേക്കും ഇന്ത്യയുടെ ഊര്‍ജ ആവശ്യകത ഇരട്ടിയിലധികമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായിരുന്നു രാജ്യത്തെ വൈദ്യുതീകരണം. ‘ഇന്ത്യയുടെ വികസന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഇത് അറിയപ്പെടുമെന്ന്’ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഏപ്രില്‍ 29ന് മോദി ട്വീറ്റ് ചെയ്തിരുന്നു. നിരവധി ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിക്കാന്‍ ഇതിലൂടെ സാധിച്ചുവെന്നും രാജ്യത്തെ ഓരോ ഗ്രാമത്തിലും വൈദ്യുതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.

2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് നരേന്ദ്ര മോദി 1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാമെന്ന വാഗ്ദാനം നല്‍കിയത്. 2018 മേയ് മാസത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ വര്‍ഷം ഏപ്രിലില്‍ 597,464 ഗ്രാമങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഓരോ കുടുംബത്തിലും വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇന്ത്യ ആസൂത്രണം ചെയ്യുന്നത്.

ഓരോ ഗ്രാമത്തിലും വൈദ്യുതി

  • ദീന്‍ ദയാല്‍ ഉപാധ്യയ ഗ്രാം ജ്യോതി യോജന പദ്ധതി പ്രകാരമാണ് ഇന്ത്യയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം യാഥാര്‍ത്ഥ്യമായത്
  • 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു ഓരോ ഗ്രാമത്തിലും വൈദ്യുതി എത്തിക്കുമെന്ന് മോദി പ്രഖ്യാപിച്ചത്
  • 2018 ഏപ്രില്‍ മാസത്തിലാണ് ഇന്ത്യ പ്രകാശം പരത്തിയ ലക്ഷ്യം കൈവരിച്ചത്
  • ഏഷ്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഇന്ത്യ
  • എല്ലാ ദരിദ്ര കുടുംബങ്ങളിലും എല്‍പിജി കണക്ഷന്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കും ഐഇഎയുടെ അഭിനന്ദനം

Comments

comments

Categories: FK News
Tags: electricity

Related Articles