ആഗോള സാമ്പത്തിക രംഗത്ത് തളര്‍ച്ച; ഗള്‍ഫില്‍ പ്രതീക്ഷ

ആഗോള സാമ്പത്തിക രംഗത്ത് തളര്‍ച്ച; ഗള്‍ഫില്‍ പ്രതീക്ഷ

വമ്പന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് കാലിടറും, ചൈനയ്ക്കും തിരിച്ചടി. ഗള്‍ഫ് മേഖല തിരിച്ചുവരും

വാഷിംഗ്ടണ്‍: ലോകത്തിലെ വന്‍കിട സമ്പദ്‌വ്യവസ്ഥകളുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാകുന്ന സാഹചര്യത്തില്‍ വിപണികള്‍ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്). ഈ പശ്ചാത്തലത്തില്‍ നിക്ഷേപക വികാരം കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ് സൂചിപ്പിക്കുന്നു. വളര്‍ച്ചയ്ക്ക് ഇപ്പോഴും പിന്തുണയുണ്ടെങ്കിലും ആഗോള സാമ്പത്തിക രംഗത്ത് സമ്മര്‍ദ്ദമനുഭവപ്പെടാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യയുടെ റീജണല്‍ ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വ്യക്തമാക്കുന്നു.

‘റിസ്‌കു’കളുടെ അടിസ്ഥാനത്തില്‍ ആഗോള സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐഎംഎഫിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഏഷ്യ ഡയറക്റ്റര്‍ ജിഹാദ് അസൗര്‍ പറഞ്ഞു. ഉയര്‍ന്ന യുഎസ് പലിശനിരക്ക്, ശക്തിയാര്‍ജിക്കുന്ന യുഎസ് ഡോളര്‍, സാമ്പത്തികവിപണിയിലെ അസ്ഥിരത എന്നിവ ചില വളര്‍ന്നുവരുന്ന വിപണികളെയും വികസ്വര സമ്പദ്‌വ്യവസ്ഥകളെയും സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

2018-19 വര്‍ഷത്തിലെ ആഗോള വളര്‍ച്ചാ നിരക്ക് 2017ലെ 3.7 ശതമാനത്തില്‍ തന്നെ നില്‍ക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. എന്നാല്‍ ചില പ്രധാന സമ്പദ് വ്യവസ്ഥകള്‍ താളം തെറ്റും. വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 2019ല്‍ യുഎസിന്റെ വളര്‍ച്ചാ നിരക്ക് 2.5 ശതമാനത്തിലേക്ക് ഇടിയും.
ചൈനയും യുഎസും തമ്മിലുള്ള താരിഫ് യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് വിപണികളില്‍ സമ്മര്‍ദ്ദം കൂട്ടുന്നു.

എണ്ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നുണ്ടെങ്കിലും ഗള്‍ഫ് മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ ഐഎംഎഫ് ശുഭാപ്തിവിശ്വാസം പ്രകടമാക്കി. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ശക്തമാക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പതിയെ ആണെങ്കിലും വികസന ട്രാക്കിലേക്ക് തിരിച്ച് കയറുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News

Related Articles