ആകാശവിസ്മയമൊരുക്കി ദുബായ് പോലീസിന് പറക്കും ബൈക്കുകള്‍

ആകാശവിസ്മയമൊരുക്കി ദുബായ് പോലീസിന് പറക്കും ബൈക്കുകള്‍

ഹോവര്‍സര്‍ഫ് എസ്-3 2019 മോഡല്‍ പറക്കും ബൈക്കുകള്‍ക്ക് 1,50,000 ഡോളറാണ് വില.

ദുബായ്: ദുബായ് പോലീസിന് ഹൈടെക് സാങ്കേതികവിദ്യയില്‍ പറക്കും ബൈക്കുകള്‍ സ്വന്തമാകുന്നു. ഹോവര്‍ ബൈക്കുകള്‍ എന്നറിയപ്പെടുന്ന പറക്കും ബൈക്കുകള്‍ ദുബായ് എക്‌സ്‌പോ 2020 യില്‍ പോലീസ് സേനയുടെ ഭാഗമായി പുറത്തിറക്കാനാണ് തീരുമാനം. വേഗതകൊണ്ടും വിലക്കൂടുതല്‍ കൊണ്ടും ദുബായ് പോലീസിന്റെ നിലവിലുള്ള കാറുകള്‍ ഇപ്പോള്‍തന്നെ ലോകമാകെ പ്രശസ്തമാണ്. ഇതിനോട് കിടപിടിക്കുന്ന ബൈക്കുകളാണ് ദുബായ് പോലീസിന്റെ ക്രിതൃമബുദ്ധി വിഭാഗം ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്.

ഹോവര്‍സര്‍ഫ് സ്‌കോര്‍പിയന്‍-3 2019 E-VTOL എന്നറിയപ്പെടുന്ന പറക്കും ബൈക്കുകള്‍ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കമ്പനിയായ ഹോവര്‍സര്‍ഫ് ആണ് നിര്‍മിക്കുന്നത്. ബൈക്കുകള്‍ ഓടിക്കുന്നതിനും മറ്റുമായി പോലീസ് ഓഫീസര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഒറ്റനോട്ടത്തില്‍ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലെ ഭീമാകാര ഡ്രോണിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് പറക്കും ബൈക്കിനുള്ളത്. ബൈക്കിന്റെയും ഡ്രോണിന്റെയും സമ്മിശ്രരൂപം. നാല് റോട്ടറുകളുള്ള ഇവയുടെ ഹാന്‍ഡിലിനും സീറ്റിനും ബൈക്കിനോടാണ് സാമ്യക്കൂടുതല്‍. അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്താനും നിരീക്ഷണ പറക്കലുകള്‍ക്കും ഇവ സഹായകമാകും. യുഎഇയില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ജിടെക്‌സ് മേളയില്‍ പുറത്തിറക്കിയ പറക്കും ബൈക്ക് ദുബായ് പോലീസിന് മാത്രമായാണ് ഇപ്പോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു നിശ്ചിത ഉയരത്തില്‍ പറക്കാനും ബൈക്ക് പോലെ തന്നെ റോഡിലൂടെ ഓടിച്ചുകൊണ്ടു പോകാനും കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

ഹോവര്‍സര്‍ഫ് എസ്-3 2019 മോഡല്‍ പറക്കും ബൈക്കുകള്‍ക്ക് 1,50,000 ഡോളറാണ് വില. 114 കിലോഗ്രാം ഭാരമുള്ള ബൈക്കിന് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള പുറംചട്ടയാണ് തയാറാക്കിയിരിക്കുന്നത്. ബാറ്ററി കപ്പാസിറ്റി 12.3KWh ഉള്ള ബൈക്കിന് വേഗമാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ചെറുതായതിനാല്‍ എവിടെയും ഓടിച്ചുപോകാമെന്നതും പ്രത്യേകതയാണ്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗതയില്‍ പോകാമെന്നാണ് കമ്പനിയുടെ അവകാശവാദം. 6000 മീറ്റര്‍ ഉയരത്തില്‍ വരെ ബൈക്കിന് പറക്കാനാകും. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശങ്ങളിലും മറ്റും പോലീസ് സേനയ്ക്ക് വേഗത്തിലെത്താന്‍ ഇനി പറക്കും ബൈക്കുകള്‍ സഹായിക്കും. ബൈക്ക് ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാനും അടിയന്തര ഘട്ടങ്ങളില്‍ താഴെയിറക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Hover bike