പാപ്പരത്ത കേസുകള്‍ പരിഹരിക്കാന്‍ വൈകുന്നത് ബാങ്കുകള്‍ക്ക് നഷ്ടം വരുത്തുന്നു

പാപ്പരത്ത കേസുകള്‍ പരിഹരിക്കാന്‍ വൈകുന്നത് ബാങ്കുകള്‍ക്ക് നഷ്ടം വരുത്തുന്നു

ആദ്യഘട്ടത്തില്‍ എന്‍സിഎല്‍ടിയിലേക്ക് നിര്‍ദേശിക്കപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വൈകുന്നതിലൂടെ ബാങ്കുകള്‍ക്കുണ്ടായ നഷ്ടം 4,000 കോടി രൂപ

ന്യൂഡെല്‍ഹി: പാപ്പരത്ത കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം ബാങ്കുകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തുന്നതായി റിപ്പോര്‍ട്ട്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ കണക്കുകള്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 4,000 കോടി രൂപയുടെ നഷ്ടം ബാങ്കുകള്‍ക്കുണ്ടായി. കേസുകളുടെ എണ്ണം 723ല്‍ നിന്നും 13 ശതമാനം വര്‍ധിച്ച് 816 ആയി ഉയരുകയും ചെയ്തു.

എന്‍സിഎല്‍ടി(നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍)ക്ക് കീഴില്‍ കടബാധ്യതയുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് വിധേയമാകുന്ന കമ്പനികളുടെ എണ്ണം കൂടുകയാണ്. ഇവരുടെ കേസുകള്‍ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസലൂഷന്‍ പ്രോസസ്(സിഐആര്‍പി)വഴി ഒത്തുതീര്‍പ്പാക്കുന്നതില്‍ വലിയ കാലതമാസമാണ് നേരിടുന്നത്. ഓരോ പാദത്തിലും ഇത് സ്ഥിരതയോടെ വര്‍ധിക്കുന്നുണ്ടെന്ന് ഐക്ര കോര്‍പ്പറേറ്റ് റേറ്റിംഗ്‌സിന്റെ സഹ മേധാവി അഭിഷേക് ഡാഫ്രിയ പറയുന്നു.

2017 ജൂണില്‍ വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തിയ ഒരു ഡസന്‍ കേസുകളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലിസ്റ്റ് ചെയ്തത്. ഇതില്‍ നാല് കേസുകള്‍ക്ക് മാത്രമാണ് ഇതുവരെ പാപരത്ത നിയമത്തിലൂടെ പരിഹാരം കണ്ടത്. ബാക്കിയുള്ള കേസുകള്‍ പാപ്പരത്ത കോടതിയായ എന്‍സിഎല്‍ടിയിലേക്ക് റെഫര്‍ ചെയ്യപ്പെട്ടിട്ട് 450 ദിവസങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല.

പാപ്പരത്ത നിയമം അനുസരിച്ച് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡി(ഐബിസി)നു കീഴിലുള്ള കേസുകള്‍ 270 ദിവസത്തിനുള്ളില്‍ ഒത്തുതീര്‍പ്പാക്കേണ്ടതുണ്ട്. അതിനാല്‍ സമയപരിധിക്കുള്ളില്‍ നിന്ന് കേസുകളില്‍ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നാണ് ഐക്ര അഭിപ്രായപ്പെട്ടത്.

ഐബിസി അവതരിപ്പിച്ചതു മുതല്‍ എന്‍സിഎല്‍ടി ബെഞ്ചുകളുടെ എണ്ണം പതിനൊന്നാണ്. പിന്നെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ എന്‍സിഎല്‍ടിയിലേക്ക് നിര്‍ദേശിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐബിസിക്ക് കീഴില്‍ എന്‍സിഎല്‍ടിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിന് ആനുപാതികമായി ബെഞ്ചുകളുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഐക്ര വ്യക്തമാക്കുന്നു.

വന്‍കിട കോര്‍പ്പറേറ്റുകളുടെ വായ്പാതിരിച്ചടവ് മുടങ്ങി അത് കിട്ടാക്കടത്തിലേക്ക് വീഴുമ്പോള്‍ ബാങ്കുകള്‍ക്ക് ക്രിയാത്മകമായ നടപടികളൊന്നും തന്നെ കൈക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. തിരിച്ചടവില്‍ വീഴ്ചവരുത്തിയ കമ്പനികള്‍ക്കെതിരെ കര്‍ശനമായി നടപടികള്‍ കൈക്കൊള്ളാനാണ് ഐബിസി അവതരിപ്പിച്ചത്. എടുത്ത വായ്പ തിരിച്ചടയ്ക്കാതെ ഒരു കോര്‍പ്പറേറ്റ് കമ്പനിയും രക്ഷപ്പെടരുതെന്ന ഉദ്ദേശ്യമാണ് ഇതിന് പിന്നില്‍. മോദി സര്‍ക്കാരിന്റെ വലിയ നേട്ടമാണ് ഐബിസി എന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Banking
Tags: Bankrupt

Related Articles