വാതക മേഖലയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ അഡ്‌നോക് -സൗദി അരാംകോ പദ്ധതി

വാതക മേഖലയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ അഡ്‌നോക് -സൗദി അരാംകോ പദ്ധതി

പ്രകൃതി വാതകം, ദ്രവീകൃത പ്രകൃതി വാതകം എന്നീ മേഖലകളില്‍ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം

അബുദാബി: പ്രകൃതിവാതക, ദ്രവീകൃത പ്രകൃതി വാതക മേഖലകളില്‍ പുത്തന്‍ അവസരങ്ങള്‍ക്ക് തുടക്കമിട്ട് വന്‍കിട ഊര്‍ജ കമ്പനികള്‍ രംഗത്ത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്) സൗദി അരാംകോയുമാണ് വാതക മേഖലയില്‍ വരുമാനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവെച്ചത്. ഗള്‍ഫ് മേഖലയില്‍ നിന്ന് ആഗോളതലത്തില്‍ പ്രശസ്തരായ പ്രമുഖ ഊര്‍ജ ഉല്‍പ്പാദകരായ കമ്പനികളാണ് കരാറിന്റെ ഭാഗമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കരാറിന്റെ ഭാഗമായി പുതിയ പര്യവേക്ഷണ പദ്ധതികള്‍ക്കും ഇരു കമ്പനികളും തുടക്കമിടും. പ്രകൃതി വാതകം, ദ്രവീകൃത പ്രകൃതി വാതകം എന്നീ മേഖലകളില്‍ വരുമാനം വര്‍ധിപ്പിക്കുകയാണ് ഇരു കമ്പനികളുടേയും ലക്ഷ്യം.

യുഎഇ മന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിറും, സൗദി അരാംകോ പ്രസിഡന്റും സിഇഒയുമായ അമിന്‍ നാസറുമാണ് വാതക മേഖലയിലെ പുതിയ കരാറില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി അഡ്‌നോകും അരാംകോയും വാതകമേഖലയില്‍ നിന്നുള്ള വിവിധ നിക്ഷേപ അവസരങ്ങള്‍ വിലയിരുത്തും. വിപണിയില്‍ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഇരുവരും പഠനം നടത്തി വിവരങ്ങള്‍ കൈമാറാനും ധാരണയായിട്ടുണ്ട്.

പ്രതിവര്‍ഷം നാല് ശതമാനം വളര്‍ച്ചയുണ്ടാകുന്ന മേഖലയാണ് ദ്രവീകൃത പ്രകൃതി വാതക മേഖല. പ്രകൃതി വാതക മേഖലയേക്കാളും ഇരട്ടിയോളം വളര്‍ച്ചയാണ് നിലവില്‍ ദ്രവീകൃത പ്രകൃതി വാതകത്തിനുള്ളത്. വിപണിയില്‍ വര്‍ധിച്ചു വരുന്ന ആവശ്യകതയാണ് ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും സംയുക്തമായി നീങ്ങാനും ഇരു കമ്പനികളെയും പ്രേരിപ്പിച്ചിരിക്കുന്നത്. 2035 ഓടുകൂടി ദ്രവീകൃത പ്രകൃതി വാതക മേഖലയിലെ ആഗോള ഡിമാന്‍ഡ് പ്രതിവര്‍ഷം 500 മില്യണ്‍ ടണ്‍ ആകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇതിന്റെ തോത് പ്രതിവര്‍ഷം 300 മില്യണ്‍ ടണ്‍ ആയിരുന്നു.

2040 ഓടുകൂടി പ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള അഡ്‌നോകിന്റെ സമഗ്ര വാതക നയത്തിന് അബുദാബി സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് സൗദിയിലെയും യുഎഇയിലെയും ദേശീയ എണ്ണ കമ്പനികള്‍ തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. അഡ്‌നോക്കും അരാംകോയും തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങള്‍ക്കും ഊര്‍ജസുരക്ഷയും സാമ്പത്തിക പുരോഗതിയും ഉറപ്പു വരുത്തുമെന്ന് അഡ്‌നോക് ഗ്രൂപ്പ് സിഇഒ ഡോ. സുല്‍ത്താന്‍ അല്‍ ജാബില്‍ പറഞ്ഞു. അഡ്‌നോക്കുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഒരു സുപ്രധാന റിഫൈനറി തുടങ്ങാനുള്ള തീരുമാനത്തിനു ശേഷം അരാംകോയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന കരാറാണ് വാതക മേഖലയില്‍ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് സൗദി അരാംകോ പ്രസിഡന്റും സിഇഒയുമായ അമിന്‍ നാസര്‍ പറഞ്ഞു. വിപണിയില്‍ വരും വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്ന ആഗോള വാതക ആവശ്യകതയ്ക്ക് പരിഹാരമേകാന്‍ ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച സംയുക്ത കരാര്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: Aramco