650 സിസി ഇരട്ടകള്‍ ഇന്നെത്തും ; റോയല്‍ എന്‍ഫീല്‍ഡിന് ഇനിയെന്നും മുഹൂര്‍ത്ത വ്യാപാരം

650 സിസി ഇരട്ടകള്‍ ഇന്നെത്തും ; റോയല്‍ എന്‍ഫീല്‍ഡിന് ഇനിയെന്നും മുഹൂര്‍ത്ത വ്യാപാരം

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി മോട്ടോര്‍സൈക്കിളുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ വളരെ പ്രതീക്ഷയോടെയും അതിലേറെ ആവേശത്തോടെയുമാണ് ഇരട്ടകളുടെ വിപണിപ്രവേശത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഇരു ബൈക്കുകളും ആദ്യം അനാവരണം ചെയ്തത്. രണ്ട് ബൈക്കുകളുടെയും വില ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യയിലെ ചില ഡീലര്‍ഷിപ്പുകളില്‍ 650 സിസി ഇരട്ടകളുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു.

ക്ലാസിക് റോഡ്‌സ്റ്ററാണ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളെങ്കില്‍ കഫേ റേസര്‍ സ്റ്റൈലിംഗിലാണ് കോണ്ടിനെന്റല്‍ ജിടി 650 വരുന്നത്. 648 സിസി, ട്വിന്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇരു ബൈക്കുകളുടെയും ഹൃദയം. 47 ബിഎച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തു. സ്ലിപ്പര്‍ ക്ലച്ചും നല്‍കി. ഇരു ബൈക്കുകളുടെയും മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ സ്പ്രിംഗ് ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും.

മുന്‍ ചക്രത്തില്‍ 320 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കുമാണ് രണ്ട് ബൈക്കുകളിലെയും ബ്രേക്കിംഗ് സഹായികള്‍. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കും. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ക്ക് ഏകദേശം 2.8 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 650 സിസി ഇരട്ടകളെ നേരെ മുന്നില്‍വന്ന് വെല്ലാന്‍ ആരുമില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 മോട്ടോര്‍സൈക്കിളാണ് ഏറ്റവും അടുത്ത എതിരാളി.

Comments

comments

Categories: Auto