ലോകത്തെ ഏറ്റവും സുരക്ഷിതമായ വിനോദ ലക്ഷ്യസ്ഥാനം; യുഎഇ രണ്ടാമത്

ലോകത്തെ ഏറ്റവും സുരക്ഷിതമായ വിനോദ ലക്ഷ്യസ്ഥാനം; യുഎഇ രണ്ടാമത്

കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നഗരമെന്ന നിലയിലും പ്രകൃതി ദുരന്തങ്ങള്‍ ബാധിക്കാത്ത മേഖലയെന്ന തലത്തിലും യുഎഇ സഞ്ചാരികള്‍ക്ക് സുരക്ഷിതമെന്ന് വിലയിരുത്തല്‍

അബുദാബി: ഒരു വിനോദ സഞ്ചാരിയെന്ന നിലയില്‍ ഏറ്റവും സുരക്ഷിതമായി ലോകത്ത് സന്ദര്‍ശനം നടത്താവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇക്ക് രണ്ടാം സ്ഥാനം. വിച്ച്ട്രാവല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യുഎഇ അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയത്. ഐസ്‌ലന്‍ഡിനാണ് ഒന്നാം സ്ഥാനം. വേള്‍ഡ് ഇക്കണോമിക് ഫണ്ട്, വേള്‍ഡ് റിസ്‌ക്ക് റിപ്പോര്‍ട്ട്, എന്‍എച്ച്എസ് ഫിറ്റ് ഫോര്‍ ട്രാവല്‍ വെബ്‌സൈറ്റ്, യുകെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറഖ്കിയിരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ കുറവുള്ള നഗരമെന്ന നിലയിലും പ്രകൃതി ദുരന്തങ്ങള്‍ ബാധിക്കാത്ത മേഖലയെന്ന തലത്തിലും യുഎഇ സഞ്ചാരികള്‍ക്ക് ഏറെ സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ക്രൈം റിസ്‌ക് മാനദണ്ഡത്തില്‍ സിംഗപ്പൂര്‍, സ്‌പെയിന്‍, ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, മൊറോക്കോ, ബാര്‍ബഡോസ് തുടങ്ങിയ ഡെസ്റ്റിനേഷനുകളേക്കാളും മുന്നിലാണ് യുഎഇ എന്നത് ശ്രദ്ധേയമാണ്.

ഹോളിഡേ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഏറ്റവും സുരക്ഷിതമായ ഇടം ഐസ്‌ലന്‍ഡ് ആണ്. 2,000ത്തിന് ശേഷം ഐസ് ലന്‍ഡില്‍ ആകെ കൊല്ലപ്പെട്ടത് 26 പേരാണ്. അതായത് ഒരു വര്‍ഷം കൊല്ലപ്പെടുന്നത് വെറും രണ്ട് പേര്‍-വിച്ച് ട്രാവല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരെ സുരക്ഷിതമല്ലാത്ത ഡെസ്റ്റിനേഷനുകളായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് സൗത്ത് ആഫ്രിക്ക, തുര്‍ക്കി, തായ് ലന്‍ഡ്, ഇന്ത്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളെയാണ്. ആകെ 20 രാജ്യങ്ങളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പ്രകൃതി ദുരന്തങ്ങളുടെ ഭീഷണിയില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ മൂന്നാമതാണ് യുഎഇ. ബാര്‍ബഡോസ്, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഈ മാനദണ്ഡത്തിലും സിംഗപ്പൂരിനെക്കാളും ഫ്രാന്‍സിനെക്കാളും മുന്നിലാണ് യുഎഇ.

പ്രകൃതി ദുരന്തത്തിന് കൂടുതല്‍ സാധ്യതയുള്ളത് ജപ്പാനിലാണ്. ആരോഗ്യകരമായ ആശങ്കകളും യുഎഇയെ സംബന്ധിച്ച് കുറവാണ്. എല്ലാ രാജ്യങ്ങളുടെയും കാര്യത്തില്‍ ഭീകരതയെന്ന പ്രശ്‌നം ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Arabia
Tags: UAE