ആര്‍ബിഐയുടെ നിക്ഷേപ പദ്ധതിക്ക് അനുകൂലമായി സ്വര്‍ണ വില കുതിക്കുന്നു

ആര്‍ബിഐയുടെ നിക്ഷേപ പദ്ധതിക്ക് അനുകൂലമായി സ്വര്‍ണ വില കുതിക്കുന്നു

വിദേശ വിനിമയ കരുതല്‍ ധനത്തില്‍ 5 ശതമാനം പങ്കാണ് സ്വര്‍ണത്തിനുള്ളത്

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണം വാങ്ങല്‍ പദ്ധതിക്ക് അനുകൂലമായി രാജ്യത്ത് സ്വര്‍ണ വില കുതിക്കുന്നു. വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ മഞ്ഞ ലോഹത്തിനായുള്ള ആവശ്യകത വര്‍ധിച്ചതായും കേന്ദ്ര ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്കുള്ള നിക്ഷേപം എട്ട് മാസത്തെ ഉയരത്തിലെത്തിയതായുമാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

ഒക്‌റ്റോബര്‍ 12 മുതല്‍ നവംബര്‍ രണ്ട് വരെയുള്ള മൂന്നാഴ്ചയ്ക്കിടെ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ധനത്തിലുള്ള സ്വര്‍ണത്തിന്റെ മൂല്യം 1.7 ശതമാനം വര്‍ധിച്ച് 20.9 ബില്യണ്‍ ഡോളറായിട്ടുണ്ട്. ഇക്കാലയളവില്‍ സ്വര്‍ണ വിലയില്‍ രണ്ട് ശതമാനം വര്‍ധനയാണ് ഉണ്ടായത്. 393 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ കരുതല്‍ ധനം. ഇതില്‍ ഏകദേശം അഞ്ച് ശതമാനത്തോളം വിഹിതമാണ് സ്വര്‍ണത്തിനുള്ളത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ നാണ്യ വിപണികള്‍ മാന്ദ്യം നേരിട്ടിരുന്നു. ഇത് ഇന്ത്യ അടക്കമുള്ള വികസ്വര വിപണികളില്‍ നിന്നും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നതിനും ഇടയാക്കി. മറ്റ് പല കേന്ദ്ര ബാങ്കുകളെയും പോലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കറന്‍സി വിപണികളിലെ അനിശ്ചിതത്വത്തെ പ്രതിരോധിക്കുന്നതിനായി സ്വര്‍ണം വാങ്ങാന്‍ ആരംഭിച്ചു. നഷ്ട സാധ്യതകള്‍ ഒഴിവാക്കുന്നതിനുള്ള നിക്ഷേപം എന്ന നിലയ്ക്കാണ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങി തുടങ്ങിയത്.

ഒന്‍പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങുന്നത്. 9.5 ലക്ഷം ട്രോയ് ഔണ്‍സ് സ്വര്‍ണമാണ് 2017 ഡിസംബര്‍ മുതല്‍ കേന്ദ്ര ബാങ്ക് വാങ്ങിയിട്ടുള്ളത്. ആര്‍ബിഐ ഉള്‍പ്പെടെ ലോകത്തിലുടനീളമുള്ള എല്ലാ കേന്ദ്ര ബാങ്കുകളും കൂടി നടപ്പു വര്‍ഷം ആദ്യം ആറ് മാസത്തിനിടെ തങ്ങളുടെ സ്വര്‍ണ കരുതല്‍ ശേഖരത്തില്‍ 193.3 ടണ്‍ സ്വര്‍ണമാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരത്തില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News
Tags: gold rate