ഉര്‍ജിത് പട്ടേല്‍-നരേന്ദ്ര മോദി കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്

ഉര്‍ജിത് പട്ടേല്‍-നരേന്ദ്ര മോദി കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്.

നവംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരെയും ഉര്‍ജ്ജിത് പട്ടേല്‍ കണ്ടതായുള്ള വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആര്‍ബിഐയുടെ സ്വയംഭരണാവകാശം അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്ന് കേന്ദ്ര ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ ആരോപിച്ചപ്പോള്‍ രാജ്യത്ത് കിട്ടാക്കടം പെരുകിയതിനും സാമ്പത്തിക പ്രതിസന്ധിക്കും ഉത്തരവാദി ആര്‍ബിഐ ആണെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വിമര്‍ശനം. ഒരു ഘട്ടത്തില്‍ ഉര്‍ജിത് പട്ടേല്‍ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും ഇത് നല്‍കാനാവില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിലപാടുമടക്കം വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂക്ഷമായ അഭിപ്രായഭിന്നതയിലും സംഘര്‍ഷത്തിലുമാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും.

Comments

comments

Categories: Current Affairs, Slider
Tags: RBI, urjit patel