എണ്ണ ഉല്‍പ്പാദനത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരാന്‍ ഒപെക്കും റഷ്യയും

എണ്ണ ഉല്‍പ്പാദനത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരാന്‍ ഒപെക്കും റഷ്യയും

2017 ജനുവരി മുതല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ ഒപെക്ക് ഈ വര്‍ഷം ജൂണ്‍ മുതലാണ് ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്താന്‍ തുടങ്ങിയത്

  • എണ്ണ വിലയില്‍ വീണ്ടും വര്‍ധന വരാന്‍ ഒപെക്ക് തീരുമാനം കാരണമാകും

എണ്ണ ഉല്‍പ്പാദനത്തില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത മാസം വിയന്നയില്‍ ചേരുന്ന ഒപെക് യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ഒപെക്കിന് പുറത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമായ റഷ്യയും ഇക്കാര്യത്തില്‍ സൗദിയോടൊപ്പമാണ്.

24ഓളം രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരേണ്ടിയിരിക്കുന്നു. എങ്കിലേ എണ്ണ വിപണിക്ക് സന്തുലിതാവസ്ഥയില്‍ തുടരാന്‍ സാധിക്കൂ-ഒപെക് വിലയിരുത്തി. എണ്ണ ഉല്‍പ്പാദനത്തിലെ വര്‍ധനവും ആഴശ്യകതയിലെ കുറവും ആഗോള സാമ്പത്തിക വളര്‍ച്ചയിലെ പ്രതിസന്ധികളും കാരണം എണ്ണ വിലയില്‍ വീണ്ടും കുറവ് പ്രകടമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒപെക്കിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

എണ്ണ വിപണി തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് 2017 ജനുവരിയിലാണ് ഒപെക്കും റഷ്യ ഉള്‍പ്പടെ എണ്ണ ഉല്‍പ്പാദകരാജ്യങ്ങളുടെ ഒരു സംഘവും ചേര്‍ന്ന് ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ പ്രാവര്‍ത്തികമാക്കിയത്. ബാരലിന് 100 ഡോളര്‍ എന്ന തലത്തില്‍ നിന്നും 30 ഡോളര്‍ എന്ന തലത്തിലേക്ക് എണ്ണ വില കൂപ്പുകുത്തിയതിനെ തുടര്‍ന്നായിരുന്നു അത്. ഉല്‍പ്പാദനയിന്ത്രണ കരാര്‍ വിജയകരമായി നടപ്പാക്കാന്‍ ഒപെക്കിന് സാധിച്ചതോടെ എണ്ണ വില ഉയരാന്‍ തുടങ്ങി. വിപണി സന്തുലിതാവസ്ഥ കൈവരിക്കുന്ന അവസ്ഥയിലുമെത്തി. ഇതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉല്‍പ്പാദനം പതിയെ കൂട്ടിത്തുടങ്ങാന്‍ ഒപെക് തീരുമാനമെടുത്തത്. സൗദി അറേബ്യയുടെയും റഷ്യയുടെയും സ്വാധീനത്തിന്റെ പുറത്തായിരുന്നു ഇത്.

അതിനുശേഷം ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ യുഎസ്, റഷ്യ, സൗദി അറേബ്യ എന്നിവര്‍ ഉല്‍പ്പാദനത്തില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു. അതേസമയം യുഎസു ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധവും പലിശനിരക്കുകളിലെ വര്‍ധനയും വളരുന്ന വിപണികളിലെ കറന്‍സികളുടെ മൂല്യമിടിവുമെല്ലാം കൂടി ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ അനിശ്ചിതത്വമുണ്ടാക്കി. സ്വാഭാവികമായും എണ്ണ ആവശ്യകതയിലും ഇടിവുണ്ടായി. ഇതിനെ തുടര്‍ന്നാണ് വീണ്ടും ഉല്‍പ്പാദനിയന്ത്രണം എന്ന നിലപാടിലേക്ക് ഒപെക് എത്തുന്നത്. എണ്ണ വിപണിയെ സന്തുലിതമാക്കാന്‍ പുതിയ തന്ത്രങ്ങള്‍ വേണമെന്നാണ് ഞയാറാഴ്ച്ച അബുദാബിയില്‍ ചേര്‍ന്ന ഒപെക് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.

നിലവിലെ എണ്ണ വിതരണവും ആവശ്യകതയും ഒപെക് കമ്മിറ്റി വിശകലനം ചെയ്തു. ആഗോള ആവശ്യകതയെക്കാളും ഉയര്‍ന്ന തലത്തിലുള്ള എണ്ണ വിതരണമായിരിക്കും ഈ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ 2019ലുണ്ടാകുക. ആഗോള സാമ്പത്തിക വളര്‍ച്ചയിലെ പ്രശ്‌നങ്ങളും നിലവിലെ അനിശ്ചിതാവസ്ഥകളും 2019ല്‍ എണ്ണ ആവശ്യകത കുറയ്ക്കും. ഇത് വിതരണവും ആവശ്യകതയും തമ്മിലുള്ള വിടവ് വലിയ തോതില്‍ കൂട്ടാനും ഇടയാക്കും-ഒപെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒപെക്കിലെ ഏറ്റവും വലിയ ഉല്‍പ്പാദകരും ലോകത്തെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതി രാജ്യവുമായ സൗദി അറേബ്യ കയറ്റുമതിയില്‍ ഡിസംബര്‍ മുതല്‍ പ്രതിദിനം 500,000 ബാരല്‍ കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച സ്ഥിരീകരണം സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് നല്‍കിയിട്ടുണ്ട്.

നാല് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലയിലേക്ക് എണ്ണ വില കഴിഞ്ഞ മാസം ഉയര്‍ന്നപ്പോള്‍ വിപണി അമിതപ്രതികരണമാണ് നടത്തിയത്-അല്‍ ഫാലിഹ് പറഞ്ഞു. അതേസമയം റഷ്യയുടെ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് പറഞ്ഞത് 2019ല്‍ വിപണിയില്‍ ആവശ്യത്തിലധികം എണ്ണയെത്തുമെന്ന വാദം തനിക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉല്‍പ്പാദകരാജ്യമാണ് റഷ്യ. എണ്ണ സഖ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന രാജ്യവും.

Comments

comments

Categories: Arabia