പുതിയ സിയാസ് തിരിച്ചുവിളിച്ചു

പുതിയ സിയാസ് തിരിച്ചുവിളിച്ചു

880 യൂണിറ്റ് സിയാസ് കാറുകളാണ് (സീറ്റ, ആല്‍ഫ ഡീസല്‍ വേരിയന്റുകള്‍) തിരിച്ചുവിളിക്കുന്നത്. ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 21 നുമിടയില്‍ നിര്‍മ്മിച്ചവയാണ് ഇവ

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. സ്പീഡോമീറ്റര്‍ അസംബ്ലി പരിശോധിച്ച് മാറ്റിവെയ്ക്കുന്നതിനാണ് സീറ്റ, ആല്‍ഫ ഡീസല്‍ വേരിയന്റുകള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ആകെ 880 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 21 നുമിടയില്‍ നിര്‍മ്മിച്ചവയാണ് ഇവ. വാഹന ഉടമകളെ മാരുതി സുസുകി ഡീലര്‍മാര്‍ ബന്ധപ്പെടും. സ്പീഡോമീറ്റര്‍ അസംബ്ലി സൗജന്യമായി മാറ്റിവെയ്ക്കുമെന്ന് മാരുതി സുസുകി ഇന്ത്യ അറിയിച്ചു. മാരുതി സുസുകി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ വാഹനം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉടമകള്‍ക്ക് പരിശോധിക്കാം. വാഹനത്തിന്റെ ഷാസി നമ്പര്‍ നല്‍കുകയാണ് വേണ്ടത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് മാരുതി സുസുകി സിയാസ് സെഡാന്‍ ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ ഗ്രില്‍, പുതുക്കിയ ഹെഡ്‌ലാംപുകള്‍, പുതിയ അലോയ് വീലുകള്‍, പരിഷ്‌കരിച്ച ഫീച്ചറുകള്‍ എന്നിവയോടെയായിരുന്നു വരവ്. മാറ്റങ്ങള്‍ കൂടുതലും പുറമേ ആയിരുന്നു. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എംഐഡി (മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ) യൂണിറ്റിന് കളര്‍ ഡിസ്‌പ്ലേ എന്നിവ ഇന്റീരിയര്‍ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, സുസുകി കണക്റ്റ് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവയും ലഭിച്ചു.

പഴയ 1.4 ലിറ്റര്‍ എന്‍ജിന് പകരം പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത സിയാസ് വിപണിയിലെത്തിയത്. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മറ്റൊരു ഓപ്ഷന്‍. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 28.09 കിലോമീറ്ററാണ് ഇന്ധനക്ഷമത. അതേസമയം പുതിയ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 21.56 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റിന് 20.28 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഇരു എന്‍ജിനുകളിലും മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ (എസ്എച്ച്‌വിഎസ്-സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ഫ്രം സുസുകി) നല്‍കി. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ 5 സ്പീഡ് മാന്വലാണ് ഗിയര്‍ബോക്‌സ്. പെട്രോള്‍ വേര്‍ഷനില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓപ്ഷണലാണ്.

Comments

comments

Categories: Auto
Tags: Ciaz