യുഎസിലെ ജയിലുകളിലുള്ളത് 2400 ഓളം ഇന്ത്യക്കാര്‍

യുഎസിലെ ജയിലുകളിലുള്ളത് 2400 ഓളം ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: 2400 ഓളം ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. അഭയം തേടി അനധികൃതമായി അതിര്‍ത്തികടന്ന് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ കൂടുതലും പഞ്ചാബില്‍നിന്നുള്ളവരാണ്.

അമേരിക്കയിലെ 86 ജയിലുകളിലായി ഇത്തരത്തില്‍ 2382 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ (എന്‍എപിഎ) വ്യക്തമാക്കി. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് എന്‍എപിഎയ്ക്കു ഈ കണക്കുകള്‍ ലഭിച്ചത്.

മാതൃരാജ്യത്ത് അക്രമവും വേട്ടയാടലും നേരിടേണ്ടി വരുന്നുവെന്നാണ് അഭയം തേടുന്നതിനുള്ള കാരണങ്ങളായി ഇവരില്‍ അധികം പേരും ഉന്നയിച്ചിരുന്നതെന്ന് എന്‍എപിഎ പ്രസിഡന്റ് സത്‌നാം എസ് ചാഹല്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പറഞ്ഞു.

ഒക്ടോബര്‍ പത്താം തിയതി വരെയുള്ള കണക്കുകള്‍ പ്രകാരം കാലിഫോര്‍ണിയയിലെ അഡെലാന്റോ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രൊസസിങ് സെന്ററില്‍നിന്ന് 377 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇംപീരിയല്‍ റീജിയണല്‍ അഡള്‍ട്ട് ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയില്‍നിന്ന് 269 പേരെയും വിക്ടര്‍വില്ലെയിലെ ഫെഡറല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് 245 പേരെയും വാഷിങ്ടണ്‍ സ്‌റ്റേറ്റിലെ ടകോമ ഐ സി ഇ പ്രോസസിങ് സെന്ററില്‍നിന്ന് 115 പേരെയും അറസ്റ്റ് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Current Affairs, Slider
Tags: jail