പാലിസേഡ്; ഹ്യുണ്ടായുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ് എസ്‌യുവി

പാലിസേഡ്; ഹ്യുണ്ടായുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ് എസ്‌യുവി

ഈ മാസം 28 ന് ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തും

ലോസ് ആഞ്ജലസ് : പുതിയ ഹ്യുണ്ടായ് എസ്‌യുവിയുടെ പേര് പ്രഖ്യാപിച്ചു.  ഫ്‌ളാഗ്‌ഷിപ്പ് എസ്‌യുവി പാലിസേഡ് എന്ന് അറിയപ്പെടും. ദക്ഷിണ കാലിഫോര്‍ണിയയില്‍ പസിഫിക് തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പസിഫിക് പാലിസേഡുകള്‍ എന്ന ജനവാസ കേന്ദ്രങ്ങളില്‍ നിന്നാണ് ഹ്യുണ്ടായ് പേര് കണ്ടെത്തിയത്. സുരക്ഷിതമായ താമസസ്ഥലം, ഇടം എന്ന അര്‍ത്ഥത്തിലാണ് ഈ പേര് തെരഞ്ഞെടുത്തത്.

പാലിസേഡ് എസ്‌യുവി പരീക്ഷണ ഓട്ടം നടത്തുന്നത് പലപ്പോഴായി കണ്ടെത്തിയിരുന്നു. പുതു തലമുറ ഹ്യുണ്ടായ് സാന്റ ഫേ അടിസ്ഥാനമാക്കിയാണ് പാലിസേഡ് നിര്‍മ്മിച്ചിരിക്കുന്നത്. പാലിസേഡ് കണ്ടാല്‍ വളരെ വലിയ സാന്റ ഫേ ആണെന്ന് തോന്നിയേക്കാം. അഴകളവുകള്‍ കൂടുതലാണ്.

ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുംവിധം ബോള്‍ഡ് എക്‌സ്റ്റീരിയറാണ് പാലിസേഡ് എസ്‌യുവിയുടേത്. സുരക്ഷയുടെ കാര്യത്തില്‍ വീട്ടുവീഴ്ച്ച ഉണ്ടാകില്ല. ഈ മാസം 28 ന് ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ ഹ്യുണ്ടായ് പാലിസേഡ് എസ്‌യുവി ആഗോള അരങ്ങേറ്റം നടത്തും. അടുത്ത വര്‍ഷം പുറത്തിറക്കും. ആദ്യം അമേരിക്കന്‍ വിപണിയിലായിരിക്കും അവതരിപ്പിക്കുന്നത്.

താഴ്ത്തിസ്ഥാപിച്ച എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ഇതിന് മുകളിലായി ഷാര്‍പ്പ് ലുക്കിംഗ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പാലിസേഡ് എസ്‌യുവിയുടെ പ്രത്യേകതകളാണ്. ഹ്യുണ്ടായുടെ സ്വന്തം കാസ്‌കേഡിംഗ് ഗ്രില്‍, വീതിയേറിയ സെന്‍ട്രല്‍ എയര്‍ഡാം എന്നിവയും പാലിസേഡില്‍ കാണാം. ഇരുവശങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ പുതിയ സാന്റ ഫേയുമായി നല്ല സാദൃശ്യം തോന്നും. മൂന്നാം നിര സീറ്റുകള്‍ക്കായി വലിയ പിന്‍ഭാഗം ലഭിച്ചിരിക്കുന്നു.

ഫ്രണ്ട് വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡ് ആയിരിക്കും. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനായി നല്‍കും. എന്‍ജിന്‍, മറ്റ് ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ 290 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 3.3 ലിറ്റര്‍ വി6 എന്‍ജിന്‍ നല്‍കിയേക്കാം. ഹൈബ്രിഡ് പതിപ്പിനും സാധ്യതയുണ്ട്. പാലിസേഡ് എസ്‌യുവി ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ അതിനുമുമ്പ് ടൂസോണ്‍ ഫേസ്‌ലിഫ്റ്റ്, പുതിയ സാന്റ ഫേ എന്നിവ ഇന്ത്യയില്‍ വരണം.

Comments

comments

Categories: Auto