‘ബിസിനസിന്റെ അടിത്തറ മനുഷ്യനാണ്; നിക്ഷേപം മനുഷ്യവിഭവശേഷിയിലാകട്ടെ’

‘ബിസിനസിന്റെ അടിത്തറ മനുഷ്യനാണ്; നിക്ഷേപം മനുഷ്യവിഭവശേഷിയിലാകട്ടെ’

ബിസിനസുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ടെക്‌നോളജിയില്‍. വിപണി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജീവനക്കാരുടെ തൊഴില്‍ വൈദഗ്ധ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍-കോണ്‍ ഫെറിയുടെ മേധാവി പറയുന്നു

ദുബായ്: ജീവനക്കാരുടെ വൈദഗ്ധ്യത്തില്‍ വലിയ പ്രതിസന്ധിയാണ് 2030 ആകുമ്പോഴേക്കും യുഎഇ നേരിടുകയെന്ന് കോണ്‍ ഫെറിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജൊനാതന്‍ ഹോംസ്. ഏകദേശം 50 ബില്ല്യണ്‍ ഡോളറിന്റെ ബിസിനസ് ഇത് മൂലം ബാധിക്കപ്പെടും. സമ്പദ് വ്യവസ്ഥയുടെ അഞ്ച് ശതമാനത്തോളം വരുമിത്-അദ്ദേഹം പറഞ്ഞു.

ബിസിനസ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ മനുഷ്യ വിഭവശേഷിക്ക് പകരം കൂടുതലായും ടെക്‌നോളജിയില്‍ ഫോക്കസ് ചെയ്യുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട വിടവ് നികത്തിയാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് അധികമായി 50 ബില്ല്യണ്‍ ഡോളറിന്റെ മൂല്യം ലഭിക്കുമെന്നും ഹോംസ് പറഞ്ഞു.

ടെക്‌നോളജിയില്‍ നിക്ഷേപിക്കുന്നതിനോളം തന്നെ പ്രാധാന്യമുള്ളതാണ് മനുഷ്യവിഭവശേഷിയിലെ നിക്ഷേപവും. മനുഷ്യരെ ടെക്‌നോളജിക്ക് എതിരായി നിര്‍ത്തുന്നത് ശറിയല്ല. അങ്ങനെയല്ല അതിനെ നോക്കിക്കാണേണ്ടത്. രണ്ടിന്റെയും കൂടി സംയോജനമാണ് വേണ്ടത്. അപ്പോഴേ മികച്ച വിജയങ്ങളുണ്ടാകൂ. ബിസിനസുകളുടെ അടിത്തറ എന്നും മനുഷ്യര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ബിസിനസ് വിജയിക്കണമെങ്കില്‍ മനുഷ്യരില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്.

കൃത്രിമ ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും എല്ലാം കടന്നുകയറ്റം ബിസിനസില്‍ മനുഷ്യരുടെ പങ്ക് അപ്രസക്തമാക്കുമോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ഹോംസിന്റെ പ്രസക്തമായ വിലയിരുത്തല്‍. കൃത്രിമ ബുദ്ധി വ്യാപകമാകുന്നതോടെ വിവിധ മേഖലകളില്‍ വന്‍തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് പല പഠനങ്ങളും വിലയിരുത്തുന്നത്. അതേസമയം പുതിയ സങ്കേതങ്ങളുടെ വ്യാപനം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അതനുസരിച്ച് മനുഷ്യരെ വൈദഗ്ധ്യമുള്ളവരാക്കി തീര്‍ത്ത് ബിസിനസുകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുകയാണ് വേണ്ടതെന്നുമുള്ള വാദവും ശക്തമാകുന്നുണ്ട്.

Comments

comments

Categories: Arabia
Tags: investment

Related Articles