ആദ്യ ലോക മഹായുദ്ധത്തിന് ഒരു നൂറ്റാണ്ട്; നാമെന്ത് നേടി?

ആദ്യ ലോക മഹായുദ്ധത്തിന് ഒരു നൂറ്റാണ്ട്; നാമെന്ത് നേടി?

ഒന്നാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തിക്ക് നവംബര്‍ 11ന് ഒരു നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. യുദ്ധത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് ലോകം ഇതുവരെ ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ടില്ല. ആദ്യത്തേതില്‍ നിന്നും അതിവിനാശകരമായ രണ്ടാം ലോകയുദ്ധവും ഇതിനിടെ വിനാശം വിതച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമകളായിരുന്നെന്ന ഏക കാരണത്താല്‍ മാത്രം യുദ്ധക്കളത്തിലേക്ക് ആട്ടിത്തെളിക്കപ്പെട്ട ഇന്ത്യന്‍ സൈനികര്‍ നമ്മുടെ നിവൃത്തികേടിന്റെ പ്രതീകമായിരുന്നു. ഇന്ത്യക്ക് യാതൊരു വിരോധവുമില്ലാതിരുന്ന രാജ്യങ്ങള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ക്കു വേണ്ടി പോരാടി മരിച്ചു വീണത് മുക്കാല്‍ ലക്ഷത്തോളം സൈനികരാണ്.

ആദ്യത്തെ ലോകയുദ്ധത്തില്‍ ജീവത്യാഗം ചെയ്തവരുടെയും പരിക്കേറ്റവരുടെയും സ്മാരകമായി നിര്‍മിച്ചിട്ടുള്ള പാരിസിലെ ‘സ്റ്റാച്ചു ഓഫ് അണ്‍നോണ്‍ സോള്‍ജിയര്‍’ (അറിയപ്പെടാത്ത പോരാളി) സ്തൂപത്തില്‍ ലോകനേതാക്കളടക്കം ആയിരങ്ങളാണ് ഇപ്പോള്‍ ആദരവുകളര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിക്കുന്നത്. ആരാലും അറിയപ്പെടാതെ ജീവത്യാഗം ചെയ്ത പടയാളികളില്‍ ഭൂരിപക്ഷം ആളുകളും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നാണെന്നുള്ളതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ബ്രിട്ടനും ഫാന്‍സിനും വേണ്ടി പോരാടാന്‍ ഇവിടെ നിന്ന് 15 ലക്ഷത്തിലധികം വരുന്ന കാലാള്‍പ്പടയെയാണ് കൊളോണിയല്‍ മേധാവികള്‍ അയച്ചത്. സൈന്യത്തിലെ വെറും ശിപായികള്‍ മാത്രമായിരുന്ന ഇന്ത്യക്കാര്‍ യുദ്ധരംഗത്ത് മുന്‍നിരയില്‍ നിന്ന് അടരാടിയപ്പോള്‍ പിന്നണിയില്‍ ഇരുന്ന ബ്രിട്ടണിന്റെയും ഫ്രാന്‍സിന്റെയും സൈനിക മേധാവികള്‍ക്കും ഓഫീസര്‍മാര്‍ക്കും കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ ശിപായിമാര്‍ക്കാണ് ഇക്കാലയളവില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഓട്ടോമന്‍ തുര്‍ക്കിയും ഓസ്ട്രിയന്‍ സാമ്രാജ്യവും പ്രഷ്യയുമൊന്നും ഇന്ത്യക്കാര്‍ക്ക് ഒരിക്കലും ശത്രുവായിരുന്നില്ലങ്കില്‍ കൂടി അവര്‍ക്കെതിരെ മുന്നണിയില്‍ അടരാടാന്‍ നിയോഗിക്കപ്പെട്ടത് ഇന്ത്യക്കാരായിരുന്നുവെന്ന് ചരിത്രം പറയുന്നു.

വെടിയുണ്ടകള്‍ നേരിടാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരില്‍ മഹാഭൂരിഭാഗവും നിരക്ഷരരായിരുന്നു. പട്ടിണിമൂലം പലപ്പോഴും യുദ്ധ രംഗത്ത് എഴുന്നേറ്റു നില്‍ക്കാല്‍ പോലും ഇവരില്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. വീട്ടിലേക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കത്തയക്കാന്‍ 1914-18 കാലഘട്ടത്തില്‍ ഇവര്‍ക്ക് പറ്റിയിരുന്നില്ല. ഇവരില്‍ പലര്‍ക്കും യുദ്ധകാലത്ത് വീട്ടില്‍ പോകാന്‍ പോലും സാധിച്ചിട്ടില്ല. എങ്കിലും വീരസൈനികര്‍ക്കായി ബ്രിട്ടീഷുകാര്‍ ഡെല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് പണിതിട്ടുണ്ട്. ഫ്രഞ്ചുകാരാകട്ടെ പോണ്ടിച്ചേരിയില്‍ നഗരഹൃദയഭാഗത്ത് ഒന്നാം ലോക മഹായുദ്ധത്തില്‍ വീരചരമമടഞ്ഞ ഇന്ത്യക്കാര്‍ക്കായി ‘സ്റ്റാച്ച്യു ഓഫ് അണ്‍നോണ്‍ സോള്‍ജ്യര്‍’ പണിത് വെച്ചിട്ടുമുണ്ട്.

കടുത്ത ദാരിദ്ര്യത്തില്‍ നിന്നും ക്ഷാമത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായാണ് ഭൂരിപക്ഷം ഇന്ത്യന്‍ ശിപായിമാരും ലോകയുദ്ധത്തില്‍ പങ്കെടുത്തത്. എന്നാല്‍ കടുത്ത വംശീയ വിവേചനം ഇവര്‍ നേരിട്ടു എന്നു മാത്രമല്ല മതിയായ വേതനവും ഇവര്‍ക്ക് ലഭിച്ചില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യം സ്വപ്‌നം കണ്ടിരുന്ന ശിപായിമാരില്‍ ഒരു വിഭാഗത്തിന് പ്രശസ്തമായ 1918 നവംബര്‍ പതിനൊന്നിലെ വാഴ്‌സാ സന്ധി കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ കൂടി കാത്തിരിക്കേണ്ടിവന്നു ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍.

ലോകത്തെ സാമ്പത്തിക-സാംസ്‌കാരിക-വ്യവസായ രംഗങ്ങളെയെല്ലാം കടുത്ത മുരടിപ്പിലേക്കാണ് ഈ യുദ്ധം കടത്തി വിട്ടത്. ഒന്നാം ലോകയുദ്ധത്തിന്റെ ഉല്‍പ്പന്നമായിരുന്നു ‘സര്‍വ്വ രാഷ്ട്ര സംഘന’ (ലീഗ് ഓഫ് നേഷന്‍സ്). എന്നാല്‍ സര്‍വ രാഷ്ട്ര സംഘടനയില്‍ അമേരിക്ക ഒരിക്കലും അംഗത്വം എടുത്തില്ല. ജനീവ ആസ്ഥാനമായ സംഘടനയില്‍ സ്റ്റാലിന്റെ സോവിയറ്റ് യൂണിയന്‍ ചേര്‍ന്നതാകട്ടെ വളരെ വൈകിയും. പരാജിത രാജ്യമായ ജര്‍മനിയെ വെട്ടിമുറിച്ച് വിജയികള്‍ക്കായി വീതം വെച്ചത് ജര്‍മന്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. അങ്ങനെയുള്ള സാഹചര്യത്തില്‍ ഹിറ്റ്‌ലറിന് തന്റെ ‘അതിതീവ്ര ദേശീയവാദം’ (നാസിസം) പ്രചരിപ്പിക്കാനും വിജയിപ്പിക്കാനും സുവര്‍ണ്ണാവസരം ലഭിച്ചു. ഇറ്റലിയുടെ മുസോളനിയുടെ ഫാസിസ്റ്റ് കക്ഷിയുടെ വളര്‍ച്ച തടയാനും ലീഗിന് സാധിച്ചില്ല. ഇതെല്ലാം കൂടി ലീഗിനെ ഒരു പരാജയമാക്കുകയും രണ്ടാം ലോക മഹായുദ്ധം 1939 ല്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

സര്‍വരാഷ്ട സഖ്യം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണിന്റെ ചിരകാല സ്വപ്‌നമായിരുന്നു. അദ്ദേഹമാണ് സമാധാന ഉടമ്പടിയായ വാഴ്‌സ ഉടമ്പടിയുടെ ഉപജ്ഞാതാവും. അദ്ദേഹം മുന്‍പോട്ട് വച്ച പതിനാലിന പരിപാടികള്‍ (Willson’s 14 Point) ഇന്നും അന്തര്‍ദേശീയ രംഗത്ത് ഏറെ ചര്‍ച്ചാവിഷയമാണ്.

വുഡ്രോ വില്‍സണ്‍ മുന്‍പോട്ട് വച്ച 14 ഇന പരിപാടിയില്‍ ആദ്യത്തെയായിരുന്നു നയനന്ത്ര രംഗത്തെ സുതാര്യത (Open Covenants of peace openly arrived at). ഒന്നാം ലോക മഹായുദ്ധത്തിന് മുന്‍പ് നയതന്ത്ര ചര്‍ച്ചകളെല്ലാം അതീവ രഹസ്യ സ്വഭാവം പുലര്‍ത്തുന്നവയായിരുന്നു. ഇതിന് മാറ്റം കുറിച്ചത് വില്‍സന്റെ ആദ്യ നയ പരിപാടിയായിരുന്നു.

14 ഇന പരിപാടിയിലെ രണ്ടാമത്തെ ഘടകം ‘സീ ഫോര്‍ ഓള്‍’ എന്നതായിരുന്നു. ഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗം വരുന്ന കടലും അതിലെ വിഭവങ്ങളും എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ടതെന്നായിരുന്നു അതിന്റെ കാതല്‍. എന്തായാലും പ്രായോഗിക ലോകത്തില്‍ ഇതൊന്നും നടപ്പിലായില്ലെങ്കിലും ലോക രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്റെ (Idealism) ഒരു ചര്‍ച്ചക്ക് വുഡ്രോ വില്‍സണ്‍ വഴിവെച്ചു. അദ്ദേഹത്തിന്റെ തന്നെ സംഭാവനയാണ് അന്തര്‍ദേശീയ ബന്ധങ്ങള്‍ (International Relations) എന്ന പഠനശാഖയും. ഇന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സര്‍വകലാശാലകളിലെ പ്രധാന പഠന വിഭാഗങ്ങളില്‍ ഒന്ന് വുഡ്രോ വില്‍സണ്‍ കരുപിടിപ്പിച്ച ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആണ്.

ഒന്നാം ലോക മഹായുദ്ധത്തിന്റെ ഫലമായി ഉണ്ടായ മറ്റൊരു പ്രതിഭാസമാണ് അനേകം അവകാശികളുള്ള ട്രസ്റ്റഡ് ടെറിറ്ററീസ്. അത്തരം പ്രദേശങ്ങളുടെ ഭരണത്തിനായി ലീഗ് ഓഫ് നാഷന്‍സിന്റെ കീഴില്‍ ആരംഭിച്ച ഘടകമായിരുന്നു മാന്‍ഡേറ്ററി സിസ്റ്റം. ഇതിന്റെ പിന്‍ഗാമിയായാണ് യുഎന്‍ഒ, 1994 വരെ നിലനിര്‍ത്തിയ ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ എന്ന ഘടകം. ലീഗ് 1939 ഓടെ ഇല്ലാതായെങ്കിലും അതിന്റെ ഭരണഘടനയായിരുന്ന ‘കവനന്റ് ‘ പിന്നീട് വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ‘ചാര്‍ട്ടറി’ന് പ്രധാന സ്രോതസ്സായി മാറി. ലെനിനാകട്ടെ ലോകമഹായുദ്ധം ഒരു ലോക കമ്യൂണിറ്റ് വിപ്ലവത്തിലേക്ക് നയിക്കുമെന്ന് അവസാന ശ്വാസം വരെ വിശ്വസിച്ചിരുന്നു. അതിനായി ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കൊമിന്റേണിന് (komintern) രൂപം നല്‍കുകയും ചെയ്തു.

ലോകമഹായുദ്ധത്തില്‍ ബെല്‍ജിയം മണ്ണില്‍ മാത്രം മരിച്ച് വീണത് ആയിരത്തിലധികം ഇന്ത്യന്‍ ശിപായിമാരാണ്. 74,000 ല്‍ ഏറെ ഇന്ത്യന്‍ ശിപായിമാര്‍ ബ്രിട്ടന് വേണ്ടി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ജര്‍മനി, ഓസ്‌ട്രോ-ഹംഗറി, ഓട്ടോമന്‍ സാമ്രാജ്യം ഇവര്‍ക്കെതിരെയുള്ള ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ ശിപായിമാര്‍ക്ക് രണ്ട് പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളു, വറുതിയില്‍ നിന്നുള്ള രക്ഷനേടലും സ്വാതന്ത്ര്യവും. എന്നാല്‍ ഇത് രണ്ടും പതിറ്റാണ്ടുകളോളം മരീചികയായി തുടര്‍ന്നു.

ഇന്നത്തെ ലോകക്രമത്തിലും ലോക സമാധാനത്തിന്റെ കാവലിനും സുരക്ഷയ്ക്കുമായി ഇന്ത്യക്കാര്‍ സ്തുത്യര്‍ഹമായ സേവനമാണ് വഹിക്കുന്നത്. ലീഗ് ഓഫ് നേഷന്‍സിന്റെ പിന്തുടര്‍ച്ചാവകാശിയായ യുഎന്‍ഒയുടെ പൊലീസ് സംവിധാനത്തിലേക്കും ഏറ്റവും അധികം മനുഷ്യവിഭവ ശേഷി നല്‍കി വരുന്ന മൂന്നാമത്തെ രാഷ്ട്രം ഇന്ത്യയാണ്. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ച് വന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ ഭടന്‍മാര്‍ തങ്ങളുടെ സൈനിക പരിശീലന കാലത്തെ അറിവുകള്‍ സ്വാതന്ത്ര്യ സമരത്തിനായി ഉപയോഗപ്പെടുത്തിയത് മാത്രമാണ് നമുക്കുണ്ടായ നേട്ടം.

Comments

comments

Categories: FK Special, Slider