ഇലക്‌ട്രോണിക്‌സ് വിപണിയില്‍ ആവേശം

ഇലക്‌ട്രോണിക്‌സ് വിപണിയില്‍ ആവേശം

കൊല്‍ക്കത്ത: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉപഭോക്തൃ ഇലക്ട്രോണിക്, വൈറ്റ് ഗുഡ്‌സ് ഉല്‍പ്പന്നങ്ങളുടെ  ഉത്സവകാല വില്‍പനയില്‍ മികച്ച മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. ദീപാവലി വില്‍പ്പനയില്‍ 12 മുതല്‍ 15 ശതമാനം വരെയാണ് വര്‍ധന. കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനിന്നിരുന്ന മാന്ദ്യത്തെ കവച്ചു വെക്കുന്ന വില്‍പ്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് കമ്പനികളും വ്യാപാരികളും വ്യക്തമാക്കുന്നു. ജൂലെയില്‍ ഗൃഹോപകരണങ്ങളുടെ ചരക്ക് സേവന നികുതി 10 ശതമാനം കുറച്ചതും ഇ-കൊമേഴ്‌സ് മേഖലയിലെ കിഴിവുകളും ഉപഭോക്തൃ ധനവിനിമയത്തിലേക്ക് ആഴത്തിലുള്ള കടന്നു ചെല്ലല്‍, പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വില്‍പ്പന തുടങ്ങിയ ഘടകങ്ങളാണ് മുന്‍നിര ഉല്‍പ്പാദകര്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കും വില്‍പ്പന നേടിക്കൊടുത്തത്. എല്‍ജി, സോണി തുടങ്ങിയ ഉല്‍പ്പാദകരുടെ പ്രീമിയം മോഡലിലുള്ള ഉല്‍പ്പന്നങ്ങള്‍ പോലും സ്‌റ്റോക്കില്ലാത്ത വിധം വിറ്റഴിക്കപ്പെട്ടതായാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.

‘വേനല്‍ക്കാല വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ശതമാനം വില കുറഞ്ഞു. എന്‍ട്രി ലെവല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നാട്ടിന്‍പുറത്തെ വിപണികള്‍ക്കും പ്രീമിയം വില്‍പ്പനയില്‍ മുന്നേറ്റമുണ്ടായി. പത്ത് മുതല്‍ 15 ശതമാനം വരെ വില്‍പ്പന വളര്‍ച്ചയാണ് ഈ ദീപാവലി സീസണില്‍ ഗൃഹോപകരണ മേഖലയില്‍ ഉണ്ടായിട്ടുള്ളത്,’ ഗോദ്‌റെജ് അപ്ലയന്‍സസ് മേധാവി കമല്‍ നന്ദി പറഞ്ഞു.

മികച്ച ഇഎംഐ ഓഫറുകളുടെ ലഭ്യത, ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിച്ചു. വായ്പകളുടെ സഹായത്തോടെ നടന്നത് 80 ശതമാനം വില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ഇത് 60 ശതമാനം മാത്രമായിരുന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവ ഉപഭോക്താക്കള്‍ക്കനുസൃതമായ ധനകാര്യ ഇടപാടുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പണ ലഭ്യതയുടെ കുറവ് മൂലം വിപണിയില്‍ നിന്ന് വിട്ടു നിന്ന ചെറുകിട ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ വിടവ് ഇതിലൂടെ നികത്തപ്പെട്ടെന്നാണ് സൂചന. പോയ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വളര്‍ച്ചയാണ് കാര്‍ഡ് ഇടപാടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: electronics