ആദ്യ പ്രാദേശിക ഇ-കൊമേഴ്‌സ് കരാരില്‍ ഒപ്പുവെച്ചു

ആദ്യ പ്രാദേശിക ഇ-കൊമേഴ്‌സ് കരാരില്‍ ഒപ്പുവെച്ചു

യുഎസ്-ചൈന വ്യാപാരയുദ്ധം പ്രധാന ചര്‍ച്ചയാകും

സിംഗപ്പൂര്‍: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ആസിയാന്റെ സിംഗപ്പൂരില്‍ നടക്കുന്ന യോഗത്തിനെത്തിയ 10 രാഷ്ട്രങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ സുഗമമായി നടപ്പാക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കരാറില്‍ ഒപ്പുവെച്ചു. നാളെയും മറ്റന്നാളുമായി സിംഗപ്പൂരില്‍ നടക്കുന്ന ഔദ്യോഗിക ഉച്ചകോടിക്ക് മുമ്പായാണ് ഇന്നലെയും ഇന്നുമായി ആസിയാന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ വിവിധ കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യാപാര സംഘടനയാണ് ആസിയാന്‍.
ബിസിനസുകളും സര്‍ക്കാരുകളും തമ്മിലുള്ള സഹകരണവും ഇടപാടുകളുടെ വേഗവും വര്‍ധിപ്പിക്കുന്നതിന് ഈ കരാറിലൂടെ ലക്ഷ്യമിടുന്നു. ഇ- കൊമേഴ്‌സ് രംഗത്ത് കാര്യക്ഷമമായ കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ കരാര്‍. യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ കൈക്കൊള്ളുന്ന സംരക്ഷണവാദ നടപടികള്‍ ബഹുമുഖ ആഗോള വ്യാപാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് ഉച്ചകോടിയുടെ ഭാഗമായി നടന്ന സമാന്തര ബിസിനസ് സമ്മേളനത്തില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസെയ്ന്‍ ലൂങ് പറഞ്ഞു.
മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ, വിയറ്റ്‌നാം, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ഫിലീപ്പീയന്‍സ് തുടങ്ങിയ അംഗരാജ്യങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ യുഎസ്-ചൈന വ്യപാരയുദ്ധം പ്രധാന വിഷയമാകുമെന്നാണ് സൂചന. യുഎസ്, ചൈന, റഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സാന്നിധ്യവും സമ്മേളനത്തിലുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സമ്മേളനത്തില്‍ പങ്കെടുക്കും. പപ്പുവ ന്യൂ ഗിനിയയില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍(അപെക്)ഫോറത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
യുഎസ്- ചൈന വ്യാപാരയുദ്ധത്തിന് പരിഹാരം കാണുന്നതിനായി ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങും മൈക്ക് പെന്‍സും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമോ എന്ന കാര്യത്തില്‍ ഇതുവരം അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സാമ്പത്തികം, സുരക്ഷ, സാംസ്‌കാരിക സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ആസിയാനിലെ 10 അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി, ഫിന്‍ടെക് ഫെസ്റ്റിവെല്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയും മറ്റന്നാളുമായി നടക്കുന്ന പൂര്‍വേഷ്യന്‍ ഉച്ചകോടിയിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കും. സിംഗപ്പൂര്‍ ഫിന്‍ടെക് ഉച്ചകോടിയില്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്.

Comments

comments

Categories: FK News
Tags: e- commerce