ആശിഷ് ചൗധരി ആപ്പിള്‍ ഇന്ത്യ മേധാവി

ആശിഷ് ചൗധരി ആപ്പിള്‍ ഇന്ത്യ മേധാവി

ന്യൂഡെല്‍ഹി: നോക്കിയ നെറ്റ്‌വര്‍ക്ക്‌സിന്റെ ചീഫ് കസ്റ്റമര്‍ ഓപ്പറേഷന്‍സ് ഓഫീസറായ ആശിഷ് ചൗധരി ആപ്പിള്‍ ഇന്ത്യന്‍ ഓപ്പറേഷന്‍സ് മേധാവിയായി നിയമിതനായി. അടുത്ത വര്‍ഷം ജനുവരിയിലാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. നിലവില്‍ മിഷേല്‍ കൊളെബോവാണ് ആപ്പിളിന്റെ ഇന്ത്യന്‍ ബിസിനസിന് നേതൃത്വം നല്‍കുന്നത്. ടെലികോം മേഖലയില്‍ രാജ്യാന്തര വിപണിയില്‍ 25 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ആശിഷ് 15 വര്‍ഷമായി നോക്കിയയുടെ ഭാഗമാണ്. ആശിഷ് ചൗധരി ഈ വര്‍ഷം അവസാനം വരെ നോക്കിയ ഗ്രൂപ്പ് ലീഡര്‍ഷിപ്പ് അംഗമായും കസ്റ്റമര്‍ ഓപ്പറേഷന്‍സ് മേധാവിയായും തുടരും. നിയമനം സംബന്ധിച്ച് പ്രഖ്യാപനത്തോടനുബന്ധിച്ച് ഗ്രൂപ്പിന്റെ നേതൃനിരയില്‍ നോക്കിയ മാറ്റം വരുത്തുമെന്ന് നോക്കിയ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉല്‍പ്പന്നത്തിന്റെ വിലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ വിപണിയില്‍ കമ്പനി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ച ലക്ഷ്യമിടുന്നുവെന്നതിന്റെ തെളിവായിട്ടാണ് ആശിഷിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്. ആഗോള, പ്രാദേശിക വിപണികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മികച്ച വിജ്ഞാനം ഇന്ത്യന്‍ വിപണിയിലെ വിഹിതം വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിക്കും. ചൈനയും യുഎസും കഴിഞ്ഞാല്‍ ആപ്പിളിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യ.

ഈ മാസം ആദ്യം നാലാം പാദത്തിലെ ഇന്ത്യയിലെ ആപ്പിളിന്റെ ബിസിനസ് മാന്ദ്യത്തിലാണെന്ന് വ്യക്തമാക്കിയ ആപ്പിള്‍ സിഇഒ ടിം കുക്ക് ഇന്ത്യന്‍ വിപണിയില്‍ കമ്പനി അര്‍പ്പിച്ച വിശ്വാസം കൈവിട്ടിട്ടില്ലെന്ന സൂചനയാണ് നല്‍കിയത്. സ്റ്റോര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തിവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Comments

comments

Categories: FK News

Related Articles