ആമസോണ്‍ വരുമാനത്തില്‍ 73 ശതമാനം വര്‍ധന

ആമസോണ്‍ വരുമാനത്തില്‍ 73 ശതമാനം വര്‍ധന

ബെംഗളൂരു: ആമസോണിന്റെ മൊത്ത വ്യാപാര ബിസിനസായ ആമസോണ്‍ ബിസിനസിന്റെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 73 ശതമാനം വര്‍ധനവുണ്ടായി. ഇന്ത്യയില്‍ ബിടുബി പ്ലാറ്റ്‌ഫോം വഴി മാര്‍ക്കറ്റ്‌പെയ്‌സ് വില്‍പ്പനക്കാര്‍ക്ക് കമ്പനി നല്‍കുന്ന പ്രാധാന്യം വര്‍ധിപ്പിച്ച ഇക്കാലയളവില്‍ 12,224 കോടി രൂപയുടെ വരുമാനമാണ് ആമസോണ്‍ ഹോള്‍സെയില്‍ ബിസിനസ് നേടിയത്. ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അതിന്റെ മൊത്ത വ്യാപാര മൂല്യത്തിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ ഒരു വില്‍പ്പനക്കാരനില്‍ നിന്നു തന്നെയുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനം വഴി സമ്പാദിക്കരുതെന്ന് 2016 ആദ്യം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നതിനുശേഷം കമ്പനിയുടെ വരുമാനത്തില്‍ വലിയ വര്‍ധനയാണ് കാണുന്നത്. 2016 സാമ്പത്തിക വര്‍ഷം 2.6 കോടി രൂപയായിരുന്ന വരുമാനം ഒരു വര്‍ഷത്തിനുശേഷം 7,047 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

ഇന്ത്യന്‍ വിപണിയിലെ ആമസോണിന്റെ പ്രധാന എതിരാളികളായ ഫഌപ്കാര്‍ട്ട് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ശതമാനം വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. ബ്രാന്‍ഡുകളില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന, മൂന്നാം കക്ഷി കച്ചവടക്കാര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ വിപണികളില്‍ വിറ്റഴിക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനുമുള്ള വിതരണ മാര്‍ഗങ്ങളായിട്ടാണ് ഇരു കമ്പനികളും തങ്ങളുടെ ഹോള്‍സെയില്‍ ബിസിനസ് യൂണിറ്റുകളെ പ്രയോജനപ്പെടുത്തുന്നത്. ഒരു ഇ-കൊമേഴ്‌സ് കമ്പനിയെ സംബന്ധിച്ച് മൊത്ത വ്യാപാര യൂണിറ്റിലൂടെയുള്ള വിതരണം എന്നാല്‍ വിപണനത്തിലെ അപകട സാധ്യതയേറിയ ഇലക്ട്രോണിക്‌സ് പോലുള്ള ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും വിതരണ ശൃംഖലയുടെയും മേല്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുകയെന്നതാണെന്ന്് കണ്‍സ്യൂമര്‍ ബിസിനസ് വിദഗ്ധന്‍ ശ്രീധര്‍ പ്രസാദ് അഭിപ്രായപ്പെടുന്നു.

2016 മുതല്‍ ക്ലൗഡ്‌ടെയ്‌ലിനെയാണ് ആമസോണ്‍ ഇന്ത്യ തങ്ങളുടെ പ്രധാന വില്‍പ്പനക്കാരായി പരിഗണിക്കുന്നത്. ആമസോണ്‍ ഹോള്‍സെയില്‍ ബിസിനസില്‍ ഉപഭോക്താവായും പുതിയ വില്‍പ്പനക്കാര്‍ക്ക് വിതരണക്കാരനായും കമ്പനി വര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27 ശതമാനമാണ് ക്ലൗഡ്‌ടെയ്‌ലിന്റെ വരുമാന വര്‍ധന.

ആമസോണ്‍, ഫഌപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമുകളിലെ വില്‍പ്പനക്കാരില്‍ പലരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ടൊരു മത്സരം സാധ്യമല്ലാത്ത ഈ പ്ലാറ്റ്‌ഫോമുകളിലെ തന്നെ റീട്ടെയ്ല്‍നെറ്റ്, (ഫഌപ്കാര്‍ട്ടിലെ ) ക്ലൗഡ്‌ടെയ്ല്‍, അപാരിയോ (ആമസോണ്‍ ) തുടങ്ങിയ വന്‍കിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വില്‍പ്പനക്കാരോട് വിവേചനം കാണിക്കുന്നുവെന്നും ഇത് ചെറുകിട കച്ചവടക്കാര്‍ക്ക് ബിസിനസ് നഷ്ടമുണ്ടാകാന്‍ കാരണമാകുന്നുവെന്നും ആരോപിച്ച് ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെന്‍ഡേസ് അസോസിയേഷന്‍ ഇരു പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരെ കോടതിയെ സമീപിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Amazon